Friday, November 13, 2020

യുധിഷ്ടിരൻ്റെ അഹങ്കാരം ശമിക്കുന്നു. [കൃഷ്ണൻ്റെ ചിരി-86 ]മഹാഭാരത യുദ്ധം കഴിഞ്ഞു. ശ്രീകൃഷ്ണൻ്റെയും മഹാമുനിമാരുടേയും നിർദ്ദേശപ്രകാരം ഹിമാലയ സാനുക്കളിൽ നിന്ന് അളവറ്റ ധനം യുധിഷ്ഠിരന് കിട്ടി.രാജസൂയം നടത്തി. യുധിഷ്ടിരൻ ചക്രവർത്തി ആയി .നാട്ടിലെ പ്രജകൾക്ക് മുഴുവൻ അന്നദാനം നടത്താൻ യുധിഷ്ടിരൻ തീരുമാനിച്ചു.അതിവിപുലമായ ആ അന്നദാനസമയത്ത് ശ്രീകൃഷ്ണനെയും ക്ഷണിച്ചു. . അന്നദാനത്തിനോളം മഹത്തായ ഒരു കർമ്മം വേറെയില്ല. അതു കൊണ്ട് എല്ലാവർക്കും പ്രൗഢഗംഭീരമായ സദ്യ തന്നെ കൊടുക്കാൻ തീരുമാനിച്ചു. യുധിഷ്ട്ടിരൻ ശ്രീകൃഷ്ണനോട് പറഞ്ഞു. ശ്രീകൃഷ്ണൻ ഒന്നു ചിരിച്ചു.അവർ അങ്ങിനെ നടക്കുമ്പോൾ വിചിത്രമായ ഒരു കാഴ്ച്ച കണ്ടു. ഒരു കീരി അന്നദാനം കഴിഞ്ഞ ഇലകളിൽ കിടന്നുരുളുന്നു. ആ കീരിയുടെ പകുതി സ്വർണമാണ്. നീ എന്താണ് ചെയ്യുന്നത് എന്നു കൃഷ്ണൻ കീരിയോട് ചോദിച്ചു.അത്ഭുതം. ആ കീരി സംസാരിയ്ക്കാൻ തുടങ്ങി. ഞാൻ പാവപ്പെട്ട ഒരു നേരം പോലും ആഹാരമില്ലാത്ത ഒരു കുടുബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. അന്ന് നാലു ദിവസമായി ആഹാരം കിട്ടാതെ ആ ഗൃഹനാഥനും ഭാര്യയും മകനും മരണം സംഭവിക്കും എന്ന സ്ഥിതി വരെയായി.ആ കഷ്ടതയിലും ഞാൻ അവരെ വിട്ടു പോയില്ല. അതേ സമയം ഒരു വഴിപോക്കൻ ഒരു പാത്രം നിറയെ ആഹാരം അവർക്ക് കൊണ്ടുവന്ന് കൊടുത്തു. അവർ ആർത്തിയോടെ അത് മൂന്നായി പ്പങ്കുവച്ചു.കഴിക്കാൻ തുടങ്ങിയപ്പോൾ വിശന്നുവലഞ്ഞ് ഒരു സാധു ബ്രാഹ്മണൻ അതിലേ വന്നു. എന്തെങ്കിലും കഴിക്കാൻ തരണമെന്ന് അപേക്ഷിച്ചു.ഗൃഹനാഥൻ ഒരു മടിയും കൂടാതെ തൻ്റെ ഇല അങ്ങിനെ തന്നെ ആ ബ്രാഹ്മണന് കൊടുത്തു. അദ്ദേഹത്തിന് അതുകൊണ്ട് വിശപ്പ് മാറ്റിയില്ലന്നറിഞ്ഞ് അദ്ദേഹത്തിൻ്റെ പത്നിയും പിന്നെ മകനും ഗൃഹനാഥൻ്റെ പാത പിന്തുടർന്നു. ബ്രാഹ്മണൻ സന്തോഷത്തോടെ തിരിച്ചു പോയി. അന്നു രാത്രി ആ ഭവനത്തിൽ ഒരനക്കവും കേൾക്കാത്തതിനാൽ ഞാൻ പോയി നോക്കി. ആ മൂന്നു പേരും പട്ടിണി കൊണ്ട് മരിച്ചിരുന്നു. ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ ആ ഏച്ചിലിലയിൽ കിടന്നുരുണ്ടു.അത്ഭുതം !എൻ്റെ ശരീരത്തിൻ്റെ പകുതി സ്വർണ്ണമായി മാറി. ആ ഉദാത്തമായ അന്നദാനത്തിൻ്റെ മഹത്വം കൊണ്ടാണങ്ങിനെ സംഭവിച്ചതെന്ന് എനിക്ക് മനസിലായി. അതിൽപ്പിന്നെ എൻ്റെ ശരീരത്തിൻ്റെ ബാക്കി ഭാഗം കൂടി സ്വർണ്ണമാക്കാൻ ഉദാത്തമായ അന്നദാനം നടത്തുന്നിടത്തെല്ലാം പോയി ഇലയിൽക്കിടന്നുരുണ്ട് നോക്കി. ഒരു ഫലവുമുണ്ടായില്ല. അപ്പഴാണ് ധർമ്മിഷ്ടനായ യുധിഷ്ട്ടിരൻ്റെ അന്നദാനത്തെപ്പറ്റി കേട്ടത്.അതാണ് ഇവിടെയും ഇലയിൽ കിടന്നുരുണ്ടു നോക്കി. പക്ഷേ ഈ അന്നദാനവും അത്രയും നിസ്വാർത്ഥവും ഉദാത്തവും ആയിരുന്നില്ലന്നാണ് ഇപ്പോൾ മനസിലാക്കുന്നത്‌. ആ കീ രി ഇത്രയും പറഞ്ഞ് നിരാശനായി അവിടെ നിന്നു പോയി.ശ്രീകൃഷ്ണൻ ഒരു ചെറുചിരിയോടെ യുധിഷ്ടിരനെ നോക്കി. തൻ്റെ സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും ഹുങ്കിൽ താൻ നടത്തിയ അന്നദാനം ഉദാത്തമായിരുന്നില്ലന്ന് യുധിഷ്ഠിരന് മനസിലായി.അദ്ദേഹം തൻ്റെ അഹങ്കാരത്തിന് ശ്രീകൃഷ്ണനോട് മാപ്പ് ചോദിച്ചു.

No comments:

Post a Comment