Tuesday, March 14, 2023

പൊടിയരിക്കഞ്ഞീം, ചുട്ടപപ്പടവും ,കടുമാങ്ങയും [ദൂബായി- 58] രണ്ടു മാസത്തെ ദൂബായ് വാസം .അവിസ്മരണീയം. ആഹാരം, വ്യാപാരം, സഞ്ചാരം ഇതൊക്കെ ആയിരുന്നു പരിപാടി. പ്രത്യേകിച്ചും ആഹാരം.നമുക്ക് പരിചയമില്ലാത്ത ആയിരക്കണക്കിന് വിഭവങ്ങൾ. വിവിധ രീതിയിലുള്ള പാചകം. അവിടെ എല്ലായിടത്തും തന്നെ അടുക്കള സുതാര്യമാണ്. നല്ല വൃത്തിയും വെടിപ്പമുള്ള അടുക്കള '. മനസിൽ പിടിക്കാത്തതു പോലും ആ പാചകരീതി കണ്ടാൽ കൊതിയോടെ കഴിച്ചു പോകും. അങ്ങിനെ ഈ പാവം യാത്രനമ്പൂതിരി ഭക്ഷണത്തിൽ പുലർത്തിയിരുന്ന ചാരിത്രം മുഴുവൻ നഷ്ടപ്പെട്ട്, കിട്ടുന്നതെല്ലാം കഴിച്ച് രണ്ടു മാസം . ഇവിടെ ഡോക്ടർമാർ ഭയപ്പെടുത്തുന്ന കൊളോസ്റ്റ റോൾ, ഡയബറ്റിക്, അൾസർ, ഗ്യാസ്, പൈൽസ് ഇതൊന്നും അവിടെ ആരേയും ഭയപ്പെടുത്തിയിരുന്നതായി തോന്നിയില്ല. കാരണം കിട്ടുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം പരിശോധിയ്ക്കാൻ അവിടെ കടുത്ത സംവിധാനം ഉണ്ട്. ഭക്ഷണത്തിലെ മായം പിടിക്കപ്പെട്ടാൽ കൊലപാ തകത്തിന് സമാനമായ കുറ്റമാണ്. അതു കൊണ്ട് എല്ലാവരും മനസമാധാനത്തോടെ ഭക്ഷണം കഴിക്കുന്നു. ഫുഡ് ടൂറിസം ഇത്ര ഭംഗിയായി കൈകാര്യം ചെയ്യുന്ന വേറൊരു രാജ്യം ഇതുപോലെ ഉണ്ടന്നു തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഇവിടെ ഇപ്പോൾ മദ്യവും നിഷിദ്ധമല്ല. പക്ഷേ നാട്ടിലെത്തിയപ്പോൾ ഒരു പൊടിയരിക്കഞ്ഞി കുടിയ്ക്കാൻ മോഹം.നല്ല നാടൻ ചെമ്പാവിൻ്റെ കുത്തരിയുടെ പൊടി അരി! നന്നായി വെന്ത ചൂടുകഞ്ഞിയിൽ തുമ്പപ്പൂവും, നാളികേരം ചിരകിയതും നെയ്യും ഉപ്പും കൂട്ടി ഇളക്കി., ചുട്ട പപ്പടവും കടുമാങ്ങയും കൂട്ടി ഒരു പിടി .ഏത് ഇൻ്റർ കോണ്ടിനൻ്റൽ വിഭവവും തോറ്റു പോകും. അല്ലങ്കിൽ അമ്പലത്തിലെ നിവേദ്യം. ഉണക്കലരിയുടെ ചൊറ് കട്ടത്തയിര് കൂട്ടി ഉപ്പും കാന്താരിമുളക് പൊട്ടിച്ചതും ചേർത്ത് .കൂടെ കായ്യ് കൊണ്ടൊരു മെഴുക്കുപുരട്ടിയും. ഒരു കൊണ്ടാട്ടം മുളകും അവിടെ ആഹാര രീതിയിൽ അർമ്മാദിച്ചു നടക്കുമ്പഴും ഇതൊക്കെ മോഹിച്ചിട്ടുണ്ട്. നല്ല ചിൽഡ് ബിയറിന് പകരം കരിങ്ങാലി വെള്ളവും .... പരമാനന്ദം:

No comments:

Post a Comment