Sunday, March 5, 2023

ഗ്ലോബൽ വില്ലേജ് - ലോകം മുഴുവൻ ഒരു കുടക്കീഴിൽ [ ദൂബായി ഒരൽഭുതലോകം - 51] അതിരുകളില്ലാത്ത ലോകം.അല്ലങ്കിൽ ലോകം മുഴുവൻ ഒരു ഗ്രാമത്തിലേയ്ക്കാവാഹിച്ച വ്യാപാരതന്ത്രം. തൊണ്ണൂറിലധികം രാജ്യങ്ങൾ' അവരുടെ പ്രൗഡിക്കനുസരിച്ച് പടുകൂറ്റൻ പവ്വലിയൻ'. ഇതെല്ലാം ദൂബായിലെ ഗ്ലോബൽ വില്ലേജിൽ. ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം ചതുരശ്ര അടിയിൽ ലോക സംസ്കാരങ്ങൾ മുഴുവൻ അവർ ഏകോപിപ്പിച്ചു. അവരവരുടെ വിപണനം ', സംസ്കാരം, രുചിക്കൂട്ടുകൾ, കലാപരിപാടികൾ എല്ലാം നമുക്കവിടെ ആസ്വദിക്കാം. ഭാഗഭാക്കാകാം.പത്തൊമ്പതിനായിരത്തോളം കാറുകൾ പാർക്കു ചെയ്യാനുള്ള സൗകര്യം സഞ്ചാരികൾക്ക് ചില്ലറ ആശ്വാസമല്ല നൽകുന്നത്. പ്രധാനമായും രണ്ടു പടുകൂറ്റൻ കവാടങ്ങൾ .വൈദ്യുത ദീപങ്ങൾ നിറമാറ്റം കൊണ്ട് മാറിക്കൊണ്ടിരിക്കുന്ന മനോഹാരിത ദൂരെ നിന്നു കാണുമ്പോൾത്തന്നെ നമ്മൾ ആവേശഭരിതരാകും. അകത്തു കയറിയാൽ ഒരോ രാജ്യത്തിനും ഒരോ പവലിയൻ ആണ്. അവരുടെ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണനം, രുചിക്കൂട്ടുകളുടെ പരിചയപ്പെടുത്തൽ, സാംസ്ക്കാരിക പൈതൃകം മനസിലാക്കിക്കൊടുക്കൽ എല്ലാം ഇതിൻ്റെ ഭാഗമാണ്. ഒരോ പവലിയനിലും അവരുടെ കലാപരിപാടികൾക്ക് ഒരോ വേദി ഒരുക്കിയിട്ടുണ്ട്.. പത്തു മണിക്കൂർ കൊണ്ട് നമുക്ക് ലോകം മുഴുവൻ ഒരോട്ടപ്രദിക്ഷിണം നടത്താം. വ്യാപാരം ടൂറിസമാക്കുന്ന ഒരു വലിയ സാമ്പത്തിക ശാസ്ത്രം കൂടി ഇവിടെ അരങ്ങേറുന്നുണ്ട്.അതു പോലെ ലോക സംസ്ക്കാരങ്ങളുടെ സമന്വയിപ്പിയ്ക്കലും. നവമ്പർ മുതൽ ഏപ്രിൽ വരെ ആറു മാസമാണ് ഈ രാജ്യാന്തര ഉത്സവം. ഒരു ഉത്സവത്തിനു മാറ്റൂ കൂ ട്ടണ്ടതെല്ലാം ഇവിടുണ്ട്. പടുകൂറ്റൻ ഇൻഡ്യൻ പവലിയൻ കണ്ടപ്പോൾ മനൊസൊന്നു കളിർത്തു. ഒരു വല്ലാത്ത ഗൃഹാതുരത്വം. കോലാപ്പൂരി മുതൽ നാടൻ സെററുമുണ്ട് വരെ ഇവിടുണ്ട്. ഫുഡ്ക്കോർട്ടിൽ നല്ല നെയ്റോസ്റ്റ്. മൺഗ്ലാസിൽ ചൂടു ചായ. സർദാർ വല്ലഭായ് പട്ടേലിൻ്റെ ഒരു പൂർണ്ണകായ പ്രതിമ ഈ രാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നതിൻ്റെ പ്രതീകമായി അവിടെക്കാണാം. ആഫ്രിക്കൻ രാജ്യങ്ങളുടെ പവലിയൻ ആണ് എന്നേ കൂടുതൽ ആകർഷിച്ചത്. ഒരോ രാജ്യങ്ങളും കണ്ടു കണ്ട് പുറത്തിറങ്ങിയാൽ അതിൻ്റെ നടുക്ക് ഒരു കമനീയമായ വേദി. അവിടെ എപ്പഴും പരിപാടികൾ ഉണ്ട്. അവിടുത്തെ റയിൽ മാർക്കറ്റ് രസമായിത്തോന്നി. ഒരു വലിയ ട്രയിനിൻ്റെ കമ്പാർട്ട്മെൻ്റ് മുഴുവൻ നിരനിരയായിത്തട്ടുകടകൾ! നടന്നു നടന്നു ക്ഷീണിച്ച് വിരിവച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് അവിടുത്തെ ഒരു സ്ഥിരം കാഴ്ച്ചയാണ്. ആർക്കും ഒരു ധൃതിയുമില്ല. ലക്ഷക്കണക്കിനാളുകൾ കൂടുന്ന ഇവിടെ ഒരപസ്വരവും കണ്ടില്ല. ഒമ്പതു മണിയുടെ കരിമരുന്നു പ്രയോഗത്തോടെ അന്നത്തെ യാത്ര അവസാനിപ്പിച്ച് ലോക സഞ്ചാരം പൂർത്തിയാക്കി.

No comments:

Post a Comment