Wednesday, March 8, 2023

സർബനിയാസ് ഐലൻ്റിലെ പുലിമടയിലേയ്ക്ക് [ ദൂബായി ഒരത്ഭുതലോകം .56] ഇനി അപകടകാരികളായ ചീറ റപ്പുലികളുടെ ഇടയിലേക്ക്.നമ്മുടെ വണ്ടിക്ക് മുമ്പിൽ ഭീമാകാരമായ ഒരു ഇരുമ്പ് ഗയ്റ്റ്. ജൂറാസിക്ക് പാർക്കിനെ ഓർമ്മിപ്പിച്ച് ' കറകറ " ശബ്ദത്തോടെ ഗേററ് സാവകാശം രണ്ടു വശങ്ങളിലേക്കും തെന്നിമാറി. നമ്മൾ അകത്തു കടന്നതും വാതിൽ പുറകിൽ അടഞ്ഞു. അവിടെ ഒരു ഗാർഡുണ്ട്. ഒററ തിരിഞ്ഞ് ഓടി നടക്കുന്ന മാനുകൾ'ചീറ്റപ്പുലിക്കുവേണ്ടിയുള്ള ബലിമൃഗങ്ങൾ' അവയുടെ കണ്ണുകളിലെ ഭയം എൻ്റെ ഹൃദയത്തിലെയ്ക്ക് അരിച്ചിറങ്ങി. എപ്പോൾ വേണമെങ്കിലും ഒരു പുലി ചാടി വീഴാം. വണ്ടിയുടെ തുറന്ന വശങ്ങളിൽ നിന്ന് ഒരാളെ ചാടിപ്പിടിച്ചു കൊണ്ടുപോവുകയും ചെയ്യാം. നമ്മുടെ സാരഥിക്ക് ഒരു കുലുക്കവുമില്ല. വിശക്കുന്ന പുലിയെ മാത്രം പേടിച്ചാൽ മതി.അല്ലങ്കിൽ പ്രത്യാക്രമണം: നമ്മൾ അവരേ ഉപദ്രവിയ്ക്കാതിരുന്നാൽ മതി. അവയ്ക്ക് വിശക്കുന്നുണ്ടോ എന്നു നമ്മൾ എങ്ങിനെ അറിയും. മുമ്പോട്ട് പോയപ്പോൾ ഒരു മാൻപേടയുടെ ചോര ഒലിപ്പിച്ച മൃതദേഹം. പകുതിയോളം പുലിക്ക് ഭക്ഷണമായിരുന്നു. ബാക്കി കഴുകൻ കൊത്തി വലിയ്ക്കുന്നു. കൊല കഴിഞ്ഞിട്ട് അധികനേരമായില്ല. അടുത്തെവിടെയോ ആ കൊലയാളി യുണ്ട്.ഞട്ടിപ്പോയി വഴിയരുകിൽ രണ്ടു ഭീമാകാരികൾ.അമൃതേത്ത് കഴിഞ്ഞ് വെയിലത്ത് നീണ്ട് നിവർന്നു കിടക്കുകയാണ്. നമ്മളെക്കണ്ടതും ഒരുത്തൻ തലപൊക്കി നോക്കി. അവൻ്റെ വായിൽ ഇപ്പഴും ചുടുചോര ഒലിയ്ക്കുന്നുണ്ട്. വെയിലത്ത് അവൻ്റെ കോൺപല്ലുകൾ ചോര നിറത്തിൽ തിളങ്ങി. അവന്റെ കുതിപ്പിൽ നമ്മളിൽ ഒരാളെപ്പിടിക്കാം. അത്ര അടുത്താണവൻ. ആവശ്യമുള്ളവർക്ക് ഫോട്ടോ എടുക്കാം. ഫ്ലാഷ് വേണ്ട. കൈ പുറത്തിടരുത്. രണ്ടും പതുക്കെ എഴുനേറ്റു. ഉടനേ വണ്ടി സാവധാനം മുന്നോട്ടു പോയി. അര മണിക്കൂർ കൊണ്ട് ഒരു പ്രകാരത്തിൽ ആ പുലിമടയിൽ നിന്ന് രക്ഷപെട്ടു. ഞങ്ങളുടെ പുറകെ രക്ഷ പെടാൻ ശ്രമിച്ച രണ്ട് നിസ്സഹായരായ രണ്ടു മാൻപേടകളെ തടഞ്ഞ് വണ്ടിയുടെ പുറകിൽ ഗെയ്റ്റSഞ്ഞു. ആ ബലിമൃഗങ്ങളുടെ കാതര നയനങ്ങൾ ഇപ്പോഴും എന്നേ വേട്ടയാടുന്നു.

No comments:

Post a Comment