Saturday, April 9, 2022
ഘാണ്ഡവദഹനം [ കീശക്കഥകൾ - 164]. അവൻ ഒരു മൂളിപ്പാട്ടോടെ എൻ്റെ മുമ്പിൽ നൃത്തം വച്ചു. ഞാൻ കാര്യമാക്കിയില്ല. ഇതു തുടർന്നപ്പോഴും ഞാൻ ഗൗനിച്ചില്ല. അവസാനം എന്നെ വെല്ലുവിളിച്ച് എൻ്റെ എഴുത്തുമേശയുടെ അടിയിൽ ഒരു കൂടു കൂട്ടിത്തുടങ്ങി.സത്യത്തിൽ കൗതുകമായിരുന്നു. മനോഹരമായ അറകളോടുകൂടിയ ആ സൗധം ഒരു മുന്തിരിക്കുല പോലെ മേശയുടെ അടിയിൽ തൂങ്ങിക്കിടന്നു. അതിൻ്റെ പണിയുടെ ചടുലമായ പുരോഗതി എന്നെ അൽഭുതപ്പെടുത്തി. അതിലെ അംഗസംഖ്യ വർദ്ധിച്ചു വന്നു. കുളവിക്കൂടാണ്. അതു നശിപ്പിക്കുന്നതാണ് നല്ലത് പലരും പറഞ്ഞു. എന്തോ അതു നശിപ്പിക്കാൻ എനിക്കു മനസു വന്നില്ല. പക്ഷേ ഒരു ദിവസം അവൻ എന്നെ ആക്രമിച്ചു.കയ്ക്ക് നീരു വച്ചു.ഭയങ്കര വേദന ,കടച്ചിൽ. അവൻ്റെ വിഷമുള്ള് അവൻ എൻ്റെ ശരീരത്തിൽ നിക്ഷേപിച്ചാണ് പോയത്. കത്തിച്ചു കളഞ്ഞാലേ കാര്യമുള്ളൂ. പലരും പറഞ്ഞതാണ്. കൊല്ലാൻ മനസു വന്നില്ല. പകൽ സമയത്തു കുളവികൾ ഇല്ലാത്ത സമയത്ത് ദൂരെ നിന്ന് ആ കൂട് ഒരു കമ്പു കൊണ്ട് തട്ടിത്താഴെയിട്ടു. നിങ്ങളെക്കൊല്ലുന്നില്ല മനുഷ്യർക്ക് ശല്യമില്ലാത്ത എവിടെ എങ്കിലും പോയി ജീവിക്കു. കുറച്ചു കാലത്തേക്ക് അവനെക്കണ്ടില്ല.പക്ഷേ ഞാൻ കാണാതെ ജനലിൻ്റെ മുകളിലത്തെപടിയിൽ കർട്ടനു മറവിൽ അവൻ വേറൊരു വീടിൻ്റെ നിർമ്മാണം തുടങ്ങിയിരുന്നു. അവൻ എന്നെ വെല്ലുവിളിച്ച് എൻ്റെ ചുറ്റും നൃത്തം വയ്ക്കാൻ തുടങ്ങി.ഞാൻ അവൻ്റെ പുറകേ പോയി അവൻ്റെ വാസസ്ഥലം കണ്ടു പിടിച്ചു. ഒരു പ്രാവശ്യം കൂടി ക്ഷമിയ്ക്കും ഇനി എന്നെ ശല്യപ്പെടുത്തിയാൽ ഉന്മൂലനം.ഉറപ്പ് ആ കൂടുംതട്ടിത്താഴെയിട്ട് ദൂരെക്കൊണ്ടുക്കളഞ്ഞു. ആഴ്ച്ചകൾ കടന്നു പോയി. ഞാനവനെ മറന്നു. പക്ഷേ അവൻ മറന്നില്ല. ഇത്തവണ പൂമുഖപ്പടിയുടെ അടിയിൽ അവൻ്റെ അടുത്ത സംരംഭം തുടങ്ങിയിരുന്നു.അത് വളരെപ്പെട്ടന്ന് വലുതായി വലുതായി വന്നു. അവൻ ഇത്തവണ കൂടുതൽ പടയാളികളുമായാണ് പുറപ്പാട്. ഇനി ഘാണ്ഡവ ദഹനം തന്നെ. ഉറപ്പിച്ചു. അവനേ വളർത്തി വിട്ടാൽ ഞാൻ മാറിത്താമസിക്കണ്ടി വരും. രാത്രി ആയാൽ എല്ലാം കൂട്ടിൽക്കയറും. ഒരു ഡിഷിൽ നിറയെ കടലാസ് നിറച്ച് അതിൽ പെട്രോളൊഴിച്ച് സാവധാനം അതിൻ്റെ ചുവട്ടിലേക്ക് തള്ളി വച്ചു.പഴയ തടികൊണ്ടുള്ള ചാവടിയാണ്.അപകടമാണ്.മോട്ടറിനെറ് പൈപ്പിൻ്റെ അറ്റം അതനു മുകളിൽ ഉറപ്പിച്ചു.തീ അപകടം വിതച്ചാൽ മോട്ടോർ ഓൺ ചെയ്യാം.ഒരു തീപ്പൊട്ടിക്കൊള്ളി.ട്ടും! ഒറ്റ ആളൽ. അവൻ്റെ അരക്കില്ലം അന്തേവാസികൾ ഉൾപ്പടെ ഒരു പിടി ചാരം.മോട്ടർ ഓൺ ചെയ്ത് തീ കെടുത്തി. വല്ലാത്ത മനപ്രയാസം തോന്നി. വേണ്ടിയിരുന്നില്ല. അഗ്നിക്ക് സമർപ്പിച്ച് അർഘ്യം നൽകി ഘാണ്ഡവ ദഹനം അവസാനിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment