Tuesday, December 14, 2021

മുളയിടൽ - മുളപൂജ. [നാലുകെട്ട് - 351]ഞങ്ങളുടെ ഉരാണ്മ ക്ഷേത്രമാണ് കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം. ഗുരുവായൂർ ഏകാദശിയാണ് പ്രധാന ഉത്സവം.ഏകാദശി വിളക്കി നോടനുബന്ധിച്ച് എട്ട് ദിവസത്തേ ഉത്സവം ഉത്സവത്തിന് പ്രകൃതിയെ പൂജിച്ചാരാധിക്കുന്ന ഒരു ചടങ്ങുണ്ട്. മുളയിടൽ... പിന്നെ എട്ടു ദിവസം മുളപൂജ.കൊടിയേറ്റിന് ശേഷം അമ്പലത്തിനകത്ത് വടക്കുകിഴക്കേ മൂലയ്ക്ക് ഒരു "മുളയറ "ഒരുക്കുന്നു. പന്ത്രണ്ട് ഇനം വിത്തുകളാണ് വിഷ്ണു സങ്കൽപ്പമുള്ള ക്ഷേത്രങ്ങളിൽ. മുളയറയിൽ നാലുവശവും വാഴപ്പിണ്ടി വച്ച് അതിരു കെട്ടി അതിനകത്ത് പന്ത്രണ്ട് പാലികകളിൽ മണ്ണും ചാണകവും നിറച്ചുവയ്ക്കുന്നു. ചെമ്പു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാലികകളാണ് ഉപയോഗിക്കുക. രണ്ടു മൺകലങ്ങൾ അടുത്ത് വച്ചിരിയ്ക്കുo. ഒന്നിൽ വെള്ളവും, ഒന്നിൽ അമൃതിൻ്റെ പ്രതീകമായി പാലും മഞ്ഞളും ഉപയോഗിച്ച് കഴുകിയ വിത്തുകളും നിറക്കുന്നു. മന്ത്രോച്ചാരണത്തോടെ ഈ വിത്തുകൾ പാലികകളിൽ വിതക്കുന്നു. പിന്നീട് വിഷ്ണുവിനും ചന്ദ്രനുമാണ് പൂജ.സൂര്യപ്രകാശം അധികം കിടക്കാത്തിടത്താണ് മുളയറ ഒരുക്കുന്നത്. വെള്ളം കൊണ്ട് നനച്ച് ആദ്യ രണ്ടു ദിവസം വാഴയില കൊണ്ട് മൂടി അമർത്തി വയ്ക്കുന്നു. മുകളിൽ ഒരു കോടി മുണ്ട് വിരിക്കുന്നു. എട്ടു ദിവസവും പൂജയുണ്ട്. വിഷ്ണുവിന് ഞവര, ഉഴുന്ന്, എള്ള്, എവം തുടങ്ങി പന്ത്രണ്ട് ധാന്യങ്ങളാണ് വിതയ്ക്കുക. പ്രകൃതി പൂജയുടെ പ്രതീകമായ ഈ മുളപൂജ ഉത്സവത്തിൻ്റെ ഒരു പ്രധാന ചടങ്ങാണ്.ദേവ ചൈതന്യം മുളയിലേയ്ക്കാവാഹിച്ചാണ് പൂജ. ഉത്സവത്തിന് സമാപനമാകുമ്പഴേയ്ക്കും മുളനാമ്പുകൾ വലുതായിട്ടുണ്ടാവും. അത് അവസാനം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു.അങ്ങിനെ നമ്മുടെ പ്രകൃതിയേ എങ്ങിനെ ദേവ സങ്കൽപ്പവുമായി ബന്ധപ്പെടുത്താം എന്നും കൃഷിക്ക് ഉത്തേജനമായി ഇങ്ങിനെയുള്ള ചടങ്ങുകൾ മാറുന്നു എന്നതും നമ്മേ പഠിപ്പിച്ചുതരുന്നു..

No comments:

Post a Comment