Tuesday, December 14, 2021
പള്ളിവേട്ട, പളളിക്കുറുപ്പ് [നാലുകെട്ട് - 352 ] "ഏകാദശി വിളക്ക് " ഗ്രാമവാസികൾക്ക് ആവേശം പകരുന്ന ഒരുത്സവമാണ്. ഊരാണ്മ കുടുംബാംഗങ്ങൾക്ക് ഒത്തിരി ദൈവിക ചടങ്ങുകളുടെ ഒരുത്സവമാണ്. കുട്ടിക്കാലത്ത് ഒരേ കാദശി വിളക്ക് കഴിഞ്ഞാൽ അടുത്തതിനുളള ഒരു വർഷത്തെക്കാത്തിരുപ്പാണ് പൂതൃക്കോവിലപ്പൻ്റെ പ്രസിദ്ധമായ ആറാട്ടിൻ്റെ തലേ ദിവസമാണ് ഏകാദശി വിളക്ക്. എട്ടു ദിവസത്തെ ഉത്സവത്തിൻ്റെ ആലസ്യത്തിൽ അതിൻ്റെ ചടങ്ങുകളിലേക്ക് കടക്കുന്നത് രസകരമാണ്. തന്ത്രവിധിപ്രകാരമുള്ള ചടങ്ങുകൾ കൊണ്ട് ക്ഷേത്രം പൂർണ്ണമായും ശുദ്ധീകരിച്ചു കഴിഞ്ഞാൽ പള്ളിവേട്ട ദിവസം ഭഗവാൻ പരിവാരസമേതം പുറത്തേക്ക് വേട്ടക്കിറങ്ങുന്നു. അർത്ഥ രാത്രിയോടെ പുറത്തെത്തുന്ന ഭഗവാന് മേള ഘോഷങ്ങൾ അവസാനിപ്പിച്ച് നിശബ്ദമായി വേട്ടയുള്ള അവസരം ഒരുക്കുന്നു. പ്രതീകാത്മകമായി ഒരു പന്നിയെ അമ്പെയ്താണ് വേട്ട. പണ്ടു രാജാക്കന്മാരുടെ മൃഗയാ വിനോദം പോലെ മൃഗങ്ങളെ കൊല്ലുകയല്ല പള്ളിവേട്ട കൊണ്ടുദ്ദേശിക്കുന്നത്. ഭഗവാൻ്റെ ചൈതന്യം ദേശവാസികൾക്ക് പകർന്നു നൽകി അവരുടെ ഉള്ളിലുള്ള ആസുര ഭാവത്തേയും, മഗീയവാസനകളേയും അറുതി വരുത്തുക എന്നതാണ് ഈ ചടങ്ങുകൾ കൊണ്ടുദ്ദേശിക്കുന്നത്.ദേശ ശുദ്ധിക്ക് ശേഷം ഭഗവാൻ ക്ഷേത്രത്തിലേയ്ക്ക് മടങ്ങുന്നു. പള്ളിവേട്ടയ്ക്ക് ശേഷം ഭഗവാന് വിശ്രമിക്കാൻ ശയ്യ ഒരുക്കുന്നു. പള്ളിക്കുറുപ്പിനുള്ളമെത്തതയാറാക്കി അതിൽ ഭഗവാനെ ഉറക്കുന്നു. അല്ലങ്കിൽ ഭഗവാൻ്റെ യോഗ നിദ്രക്കുള്ള സൗകര്യം ഒരുക്കുന്നു. മെത്തക്ക് ചുറ്റും മുളപൂജ കഴിഞ്ഞ് വളർന്ന തൈകൾ വച്ചു കണ്ടിട്ടുണ്ട്. പരിപൂർണ്ണ നിശബ്ദമായ അന്തരീക്ഷത്തിൽ ദീപാലങ്കാരങ്ങൾ കുറച്ച് ഭഗവാൻ യോഗ നിദ്രയിൽ ലയിക്കുന്നു.ആറാട്ടു ദിവസം രാവിലെ പള്ളിയുണർത്തൽ. പള്ളിയുണർത്തി അഭിഷേകം ചെയ്ത് ഗോമാ താവിനെ കണി കാണിച്ച് ഭഗവാനെ ശ്രീലകത്തിലേക്ക് ആനയിക്കുന്നു. ഉത്സവാഘോഷങ്ങൾ, ഭക്തിയുടെ നിറവിൽ മനുഷ്യമനസുകൾക്ക് ഉത്സാഹം നൽകുന്ന, ചൈതന്യം നൽകുന്ന ഉപാധി ആയി മാറുന്നതാണ് നമ്മൾ ഇവിടെ കാണുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment