കണ്മഷിച്ചെപ്പ് . ..[നാലുകെട്ട് -൩൦ ]
കണ്മഷിച്ചെപ്പ് 'ഓവൽ 'ആകൃതിയിലാണ് .അതിന് അതേ ആകൃതിയിൽ ഒരടപ്പ് .. അടപ്പ് ഒരുവശത്തേക്ക് തിരിച്ചാൽ ചെപ്പ് തുറക്കാം . പണ്ട് കണ്ണിൻറെ ആരോഗ്യത്തിനും സൌന്ദര്യത്തിനും ഉപയോഗിക്കുന്ന കണ്മഷി സൂക്ഷിക്കുന്ന ചെപ്പാണത്.
കയ്യൂന്നി ,പൂവാംകുരുന്നില എന്നിവ ഇടിച്ചു പിഴിഞ്ഞ ചാറിൽ തുണികൊണ്ടുള്ള തിരി മുക്കിയിടുന്നു .അതെടുത്ത് വെയിലത്ത് വച്ച് ഉണക്കുന്നു . അങ്ങിനെ പലവട്ടം ആവർത്തിക്കുന്നു . ആ തിരി ശുദ്ധമായ എള്ളെണ്ണയോ ,ആവണക്കെണ്ണയോ ഒഴിച്ച് കത്തിക്കുന്നു . അതിൻറെ പുക ഓടുകൊണ്ടുള്ള നല്ല മിനുസമുള്ള ഒരു പ്രതലത്തിൽ വീഴ്ത്തുന്നു .അവിടെ ഒരുതരം കരി രൂപപ്പെടുന്നു .അത് വടിച്ചെടുത്ത് കണ്മഷി ചെപ്പിൽ നിറക്കുന്നു . മുത്തശ്ശി അതുണ്ടാക്കുന്നത് കൌതുകത്തോടെ ഉണ്ണി നോക്കി നിന്നിട്ടുണ്ട് . സ്വൽപ്പം കർപ്പൂരം കൂടി നന്നായി പൊടിച്ച് അതിൽ ചേർക്കും . വളരെ ചെറിയ മാത്ര .
കണ്ണിലെ പൂപ്പൽ ,നിർജലീകരണം ,മറ്റണൂബാധകൾ എല്ലാത്തിനും ഇതു നല്ല പ്രതിവിധി . അതുപോലെ കണ്ണിൻറെ സൌന്ദര്യത്തിനും . കുട്ടിക്കാലത്ത് ഉണ്ണിയേയും മുത്തശ്ശി കണ്ണ് എഴുതിക്കാറൂണ്ട്.ആദ്യം നല്ല നീറ്റലാണ് . പക്ഷേ പിന്നീട് നല്ല സുഖം . . ആണുങ്ങൾ കണ്ണേഴുതാറില്ല .പക്ഷേ മുത്തശ്ശി സമ്മതിക്കില്ല .അതിൻറെ നീറ്റൽ ഇന്നും ഓർക്കുന്നു .കൂട്ടുകാർ കളിയാക്കിയിരുന്നതും .10000BC -യിൽ മേസോപ്പോട്ടാമിയായിൽ ആണ് ആദ്യമായി "സുറുമ " ഉപയോഗിച്ചിരുന്നത്രേ .കണ്ണിനു കുഴപ്പമുണ്ടാക്കുന്ന ആധുനിക "ഐ ലൈനറുകൾ " വന്നപ്പോൾ നമ്മുടെ പരമ്പരാഗത കണ്മഷിയെ എല്ലാവരും മറന്നു .ഉണ്ണി ഓർത്തു .
No comments:
Post a Comment