Sunday, July 16, 2017

    അച്ചൂന്റെ ക്യാമ്പ് കഴിഞ്ഞു... [അച്ചു ഡയറി- 17 O]

      മുത്തശ്ശാപത്തു ദിവസമായി എല്ലാവരേം കണ്ടിട്ട്. പാച്ചൂന് ദ്വേഷ്യം ആയിക്കാണും. ഇപ്പം വരും.അച്ചു കാത്തിരിക്കുകയാണ്. കൂട്ടുകാരുടെ പേരന്റ്സ് ഒക്കെ എത്തി. എന്താ താമസിക്കുന്നേ. പത്തു മണിക്കൂർ യാത്ര ചെയ്യണം... അതു കൊണ്ടാ. ക്യാമ്പ് നല്ല രസമായിരുന്നു. എത്ര കൂട്ടുകാരാ. രണ്ടു ദിവസം കാട്ടിൽ ട്രക്കിഗ്രന് കൊണ്ടുപോയിരുന്നു. പുഴയും തടാകവും ചുററികാട്ടിലൂടെ ഒരു യാത്ര.അച്ചൂന് ഇഷ്ടായി. എത്ര തരം പക്ഷികളാ. നമുക്ക് എത്താവുന്ന ഉയരത്തിൽ പക്ഷിക്കൂടുകൾ കണ്ടു. പക്ഷേ ആരും അവരെ ഉപദ്രവിക്കില്ല. അതവരുടെ വീടല്ലേ? അവിടെ അതിന്റെ കുഞ്ഞുങ്ങൾ കാണും. 

         തടാകത്തിലെ വെള്ളത്തിൽ നിറയെ അരയന്നങ്ങളാ.അച്ചൂന് അതിനെ ഒന്നു തൊടണമെന്നു തോന്നി. നമ്മളേപ്പോലെ തന്നെ മററു ജീവികളേയും സ്നേഹിക്കാനാ ഇവിടെ പഠിപ്പിക്കുക. വൈകിട്ട് വന്നാൽ കുളി കഴിഞ്ഞ് പ്രാർത്ഥിക്കണം. അത് കണ്ണുമടച്ചിരുന്ന് ഒരു മെഡിറ്റേഷനാ. ആഹാരം ഏഴുമണിക്കു മുമ്പ് കഴിക്കണം. പിന്നെ നമുക്ക് പുർണ്ണ സ്വാതന്ത്രമാ.കൂട്ടുകാരുമൊത്ത് കളികൾ സ്റ്റേജ് പരിപാടികൾ. ആഹാരം മുഴുവൻ ഡൈജസ്റ്റ് ചെയ്തതിനു ശേഷമേ ഉറങ്ങാവൂ. ചില ദിവസം അച്ചൂന് ഇവിടുത്തെ ആഹാരം മടുത്തു. പക്ഷേ പഴങ്ങൾ ഇഷ്ടം പോലെ ഉണ്ട്. എത്ര വേണമെങ്കിലും കഴിക്കാം. എന്തെല്ലാം കാര്യങ്ങളാ അച്ചു ഇവിടെ പുതുതായി പഠിച്ചത്. 

       അച്ഛന്റെ വണ്ടി ദൂരെ നിന്നു കണ്ടപ്പഴേ ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. സമ്മതിച്ചില്ല.ഞങ്ങളുടെ പരിപാടികൾ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അവർ എത്തും. അച്ഛനും അമ്മയും പാച്ചുവും വന്നപ്പോ ൾ അച്ചു ഓടിച്ചെന്നു.അമ്മ എന്നെ കെട്ടിപ്പിടിച്ചു.അമ്മയുടെ കണ്ണിൽ കണ്ണീര്.അച്ചൂ നും സങ്കടായി. പാച്ചൂ അടുത്ത് നോക്കി നിൽക്കുന്നുണ്ട്. അവനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. അവനെന്നേ ഏട്ടാന്നു വിളിച്ചു. എത്ര ദിവസമായി ആ വിളി കേട്ടിട്ട്. അച്ഛൻ ഞങ്ങളെ രണ്ടു പേരേം കോരി എടുത്തു. മുത്തശ്ശാ അമ്മയുടേം, അച്ഛന്റെം, പാച്ചൂന്റെം അടുത്താ സുഖം........

No comments:

Post a Comment