Wednesday, June 19, 2024

Iക്രിസ്തുദേവൻ്റെ ദിവ്യ രക്തം സൂക്ഷിച്ച ബസലിക്ക [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 54]

      ബ്രൂഗ്സ് ക്വയറിൽ വലതു മൂലയിൽ ഒരു പള്ളി കാണാം. ഹോളി ബസലിക്ക. അവിടെ യേശുദേവൻ്റെ ദിവ്യരക്തം സൂക്ഷിച്ചിട്ടുണ്ടത്രേ. രണ്ടു നിലകളുള്ള ആ റോമൻ കത്തോലിക്കാ ചർച്ചിലേയ്ക്ക് കാലെടുത്തു വച്ചപ്പോൾ ത്യാഗത്തിൻ്റെ കഥകൾ പറഞ്ഞു പഠിപ്പിച്ച ആ മഹാത്മാവിനെ മനസ്സിൽ ഓർത്തു.ഗോഥിക്ക് റിവൈവൽ ശൈലിയിൽ പ്പണിത ആ ദേവാലയത്തിൻ്റെ ചാരുത ഒന്നു വേറേ തന്നെയാണ്. രണ്ടു നിലകളാണതിന്. മുപ്പത് കിലോഗ്രാം സ്വർണ്ണവും വെള്ളിയും പിന്നെ നൂറോ ളം അമൂല്യ രത്നങ്ങളും കൊണ്ടലങ്കരിച്ച ആ പള്ളി മനസിൽ 'ഓളങ്ങൾ സൃഷ്ടിച്ചു.അവിടുത്തെ സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങൾ മനോഹരമാണ്. അതിൽ നിന്ന് രണ്ടാം നിലയിലേക്ക് ഒരു ഗോവണിയുണ്ട് അതു കയറിച്ചെല്ലുമ്പോൾ വിശുദ്ധ കുരിശിൻ്റെ ചാപ്പലിൽ എത്തുന്നു' അവിടെ ആണ് യേശുദേവൻ്റെ രക്തം സൂക്ഷിച്ചിരിക്കുന്നത്
    അരിമേത്തിയിലെ ജോസഫ് ആ ദിവ്യ രക്തം സംരക്ഷിച്ച് ഇവിടെ എത്തിച്ചു എന്നാണ് വിശ്വാസം '. ക്രിസ്തുവിൻ്റെ ജീവിതത്തിലെ നിരവധി മൂഹൂർത്തങ്ങൾ അവിടെ ചിത്രീകരിച്ചിട്ടുണ്ട്. അവിടുത്തെ അൾത്താരയിൽ പ്രവേശിക്കാൻ ക്യൂ നിൽക്കണം. അവിടെ പരിപൂർണ്ണ നിശബ്ദതയാണ്. ആരും സംസാരിക്കുന്നില്ല. ചിത്രം എടുക്കുന്നില്ല. അർത്ഥവൃത്താകൃതിയിലുള്ള അൾത്താരയിലേക്ക് കയറാൻ വളഞ്ഞ പടികൾ ഉണ്ട് 'അവിടെ ഒരു കന്യാസ്ത്രീ ക്രിസ്തുവിൻ്റെ രക്ത മടങ്ങിയ ആ ചെറിയ ചെപ്പ് കയ്യിൽപ്പിടിച്ചിട്ടുണ്ട്. നല്ല ക്രിസ്റ്റലിൽ നിർമ്മിച്ച ഒരു ചെറിയ സിലിണ്ടർ. അതിൻ്റെ അറ്റങ്ങളിൽ സ്വർണ്ണം കെട്ടിച്ചിട്ടുണ്ട്. രത്നങ്ങൾ പതിച്ചിട്ടുണ്ട്. അതിലാണ് ആ ദിവ്യരക്തം സൂക്ഷിച്ചിരിക്കുന്നത്. അതിനു മുകളിലെ ക്രിസ്റ്റൽ സുതാര്യമാണ് അതിലൂടെ ആരക്തം നമുക്ക് കാണാം.
   ആ പരിശുദ്ധാത്മാവിൻ്റെ ത്യാഗത്തിൻ്റെ കഥകൾ മനസിലൂടെ കടന്നു പോയി. തൊട്ട് വന്ദിച്ചു. അവർ ഒരു ലീഫ് ലറ്റ് എടുത്തു തന്നു. അതിൽ പല ഭാഷകളിൽ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ ശാന്തത മനസ്സിനൊരു വിങ്ങൽ ഉണ്ടാക്കി.ഇതു ശരിക്കും ക്രൈസ്റ്റിൻ്റെ രക്തം തന്നെയോ? ആ വിവാദങ്ങൾക്കൊന്നു oഅപ്പോൾ മനസിൽ സ്താന്നമുണ്ടാകില്ല.അവർ ഉണ്ടന്നു പറയുന്ന ഒരു വസ്തുവിന് ഒരു ദിവ്യ ഭാവമുണ്ട്. ഇതൊരു വലിയ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആ വിശ്വാസത്തെ പൂർണ്ണമായും ഉൾക്കൊണ്ടാലേ ഈ സന്ദർശ്ശനം കൊണ്ട് കാര്യമുളളു. ആ വലിയ തിരക്കിനിടയിൽ ശാന്തി കിട്ടിയ കുറേ നിമിഷങ്ങൾ എന്നു തോന്നിച്ചു .

No comments:

Post a Comment