Friday, June 14, 2024
ബ്രസ്സൽസിലെ മൂത്രമൊഴിക്കുന്ന പയ്യൻ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ.46] " മനേക്കൻ പിസ്" 'ബ്രസ്സൽസിലെ പ്രസിദ്ധമായ ഒരു വെങ്കല പ്രതിമ വെറും അമ്പത്തിആറ്സെൻ്റീമീറ്ററിൽത്താഴെ ഉയരമുള്ള നഗ്നനായ ആ കുട്ടി ഇന്ന് ലോക പ്രസിദ്ധനാണ്. അവനെ കാണാൻ ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഓടി എത്തുന്നു. പ്രോട്ടോ മാർക്കിനടത്ത് ഒരു തെരുവിൻ്റെ മൂലയിൽ വസ്ത്രം ധരിക്കാതെ നിന്ന് മൂത്രമൊഴിക്കുന്ന രീതിയിലാണ് ശിൽപ്പം.ഹൈറോനിമസ് എന്ന ശിൽപ്പി ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല അവ നിത്രയും പ്രസിദ്ധനാകും എന്ന്. ഇത് പ്രസിദ്ധമായ ബൽജിയം സ്മാരകമാണ്.ബ്രസൽസ് നഗര ഛിന്നമാണ്. ലോകത്ത് നാലു സ്ഥലത്ത് ഇതുപോലുള്ള പ്രതിമകൾ ഉണ്ട്. എന്നാൽ ലോകത്ത് ഏറ്റവും പ്രസിദ്ധമായത് ഇതാണ്. ഇത്രമാത്രം തവണ മോഷ്ടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്ത വേറൊരു സ്മാരകം ഇല്ല എന്നു തന്നെ പറയാം. പക്ഷേ അവൻ വീണ്ടും വീണ്ടും ഉയിർത്തെഴുനേറ്റു. അവനേപ്പറ്റി അനേകം കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ശത്രുക്കൾ നഗരം തകർക്കാൻ നഗരത്തിന് ചുറ്റും വെടിമരുന്ന് നിറച്ചു തീ കൊളുത്തിയ കഥയാണ്. ആ സമയത്ത് ജൂലിയൻ എന്ന കുട്ടി മൂത്രമൊഴിച്ച് ആ തിരി കെടുത്തി നഗരത്തെ രക്ഷിച്ചു എന്നതാണ്. രാജാവ് "ഓർഡർ ഓഫ് സെൻ്റ് ലൂയീസ് " പദവി നൽകി ഇവനെ ആദരിച്ചിട്ടുണ്ട്. ആ പ്രതിമക്കു മുകളിൽ ഒരു തലവാചകം ഉണ്ട്" കർത്താവ് എന്നെ ഒരു കല്ലു പീO ത്തിൽ കയറ്റി ഇന്ന് ഞാൻ എൻ്റെ ശത്രുക്കൾക്ക് മുകളിൽ തലയുയർത്തുന്നു." പണ്ട് ഇവർ അവരുടെ പരമ്പരാഗത വ്യവസായമായ തുകൽ സംസ്കരണത്തിന് മനുഷ്യ മൂത്രം ഉപയോഗിച്ചിരുന്നുവത്രേ. അതിൻ്റെ പ്രതീകമാണ് ഈ പ്രതിമ എന്ന അവകാശവാദവും നിലനിൽക്കുന്നു. ഏതായാലും ഇന്നവൻ ലോകപ്രസിദ്ധനാണ്.ചില വിശേഷ ദിവസങ്ങളിൽ അവനേ അവർ വസ്ത്രങ്ങൾ അണിയിക്കുന്നു. അങ്ങിനെ ഒരു ദിവസമാണ് ഞങ്ങൾ എത്തിയത്. അവന് വേണ്ടി ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും വസ്ത്രങ്ങൾ തുന്നി അയച്ചു. രാജാക്കന്മാർ വരെ. അതിൻ്റെ മുഴുവൻ ഒരു പ്രദർശനശാലയുണ്ടവിടെ. ഒരോ വിശേഷ ദിവസത്തിനും അതിനു ചേർന്ന വസ്ത്രമാണണിയിക്കുക. മിക്കവാറും അവൻ വിവസ്ത്രനായിരിക്കും. അപൂർവം ദിവസങ്ങളിൽ ബിയർ കൊണ്ടും വൈൻ കൊണ്ടും ഈ വികൃതിപ്പയ്യൻ മൂത്രമൊഴിക്കാനുള്ള സംവിധാനവും ഉണ്ടത്രേ. മഹത്വവൽക്കരിച്ച ആ ഉടുക്കാക്കുണ്ടനെ മനസിൽ സൂക്ഷിച്ച് മടങ്ങി.
Subscribe to:
Post Comments (Atom)
No comments:
Post a Comment