Monday, June 17, 2024

ജൻ്റിലെ വാക്കിഗ് ടൂർ. [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 52] ബൽജിയത്തിലെ ജൻ്റ് നഗരം ചരിത്രപ്രസിദ്ധമാണ്. അവിടെ വാക്കിഗ് ടൂർ ഉണ്ട്. നല്ല ഒരു ഗൈഡ്കൂടെക്കാണും. സ്ഥലം മുഴുവൻ നടന്നു കാണുക. അതു കൊള്ളാമല്ലോ? ഓൺലൈനിൽ ബുക്ക് ചെയ്തു. ഹിസ്റ്റോറിക്കൽ ടൂർ ആണ് ഞങ്ങൾ സെലക്റ്റ് ചെയ്തത്. ഒരോരുത്തരുടെ താൽപ്പര്യമനുസരിച്ച് ഏതുതരം ടൂർ എന്നു തീരുമാനിച്ചു വേണം ബുക്ക് ചെയ്യാൻ.രണ്ടു മണിക്കൂർ ആണ് യാത്ര. കൃത്യം പതിനൊന്നിന് അവർ പറഞ്ഞിടത്തെത്തി. അവിടെ എൺമ്പത് വയസ്സുള്ള ഒരു മുത്തശ്ശൻ ഒരു ഓറഞ്ച് കളറുള്ള കുടയും പിടിച്ചു നിൽക്കുന്നുണ്ട്.അടുത്തുചെന്ന് കൺഫേം ചെയ്തു. ഈ ടൂർ തികച്ചും സൗജന്യമാണ്. ഞങ്ങളെ പന്ത്രണ്ട് പേരുള്ള രണ്ടു ടീമായിത്തിരിച്ചു. അടുത്ത ആൾ ഒരു കോളേജ് കുമാരനാണ്. ഞങ്ങൾ അയാളുടെ കൂടെക്കൂടി.ഡാനിഷ്. 25 വയസ് പ്രായം വരും. സുമുഖൻ.നല്ല സ്മാർട്ട് ആയി ഇംഗ്ലീഷ് സംസാരിക്കും. അയാൾ പോസ്റ്റു ഗ്രാജ്വേഷന് പഠിക്കുകയാണ്.ജീവിയ്ക്കാനും പഠനത്തിനും ഉള്ള ക്യാഷ് പണി എടുത്തുണ്ടാക്കും എല്ലാവരും അവസാനം നല്ല ടിപ്പ് കൊടുക്കും.ഞായറും ശനിയും പഠനത്തിനിടെ ക്ക് ഇതാണ് ജോലി. അയാൾ സ്വയം പരിചയപ്പെടുത്തി. എല്ലാവരെയും പരിചയപ്പെട്ടു. നമ്മുടെ ടീമിൽ പല രാജ്യക്കാർ, പല സംസ്ക്കാരത്തിൽ വളർന്നവർ, പല പ്രായക്കാർ. ആൺ കുട്ടികളും പെൺകുട്ടികളും. എല്ലാവരും ആർത്തുല്ലസിച്ച് കാര്യങ്ങൾ മനസിലാക്കി നടക്കുന്നു. നമ്മുടെ ഗൈഡ് എല്ലാം നല്ല സരസമായി വിവരിച്ചു തരും.പല കുട്ടികളും നോട്ട് കുറിച്ചെടുക്കുന്നുണ്ട്. സംശയങ്ങൾ ചോദിക്കുന്നുണ്ട്. ആ നഗരത്തിൻ്റെ ഒരോ കോണിനും ഒരോ ചരിത്രമുണ്ട്. എല്ലാം പഴയ ഗോഥിക്ക് ശൈലിയിലുള്ള സ്മാരകങ്ങൾ, പള്ളികൾ, മ്യൂസിയം. അതുമായിട്ടുള്ള ചരിത്രവും, മിത്തും, കഥകളും എല്ലാം അയാൾ സരസമായി വിവരിക്കുന്നുണ്ട്. ഇങ്ങിനെയുള്ള വാക്കിഗ് ടൂറിൻ്റെ ഹരം ഒന്നു വേറെ ആണ്. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂട്ടുകാരായി കളിച്ചു ചിരിച്ചുള്ള യാത്ര ആയി.ഇതിനിടെ ഒരു ഫ്രഞ്ച് രാജകുമാരി ഇവിടുള്ള ഒരു കച്ചവടക്കാരനെ പ്രേമിച്ച കഥ പറഞ്ഞു. അവസാനം അവർ വിവാഹം കഴിച്ചു.ഫ്രഞ്ച് ഗവന്മേൻ്റ് ഇടഞ്ഞു. രാജാവ് കിങ്കരന്മാരെ അയച്ചു. രണ്ടു പേരും കൂടി ഇറ്റലിയിൽ അഭയം പ്രാപിച്ചു. പക്ഷേ ഫ്രഞ്ച് ഗവന്മേൻ്റിനെ ഭയന്ന് അവർ അവരെപ്പുറത്താക്കി.അവർ അങ്ങിനെ കാട്ടിൽ കൂടി അലയുമ്പോൾ ഒരു വലിയ കരടി രാജകുമാരിയെ പ്പിടികൂടി.പക്ഷെ ആ കച്ചവടക്കാരൻ സ്വന്തം ജീവൻ തൃണവൽഗണിച്ച് കരടിയെ അതിസാഹസികമായി കീഴടക്കി രാജകുമാരിയെ രക്ഷിച്ചു.ഇതറിഞ്ഞ രാജാവ് അവരെ സ്വീകരിച്ചു; സ്ഥാനമാനങ്ങൾ നൽകി. പിൽക്കാലത്ത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും വ്യാപാര ബന്ധത്തിനും അതു കാരണമായത്രെ. ഇവിടെ ഫുട്ബോൾ ക്ലബുകൾക്കും മറ്റും ഇന്ന് കരടി ഒരു മോഡൽ ആണ്. ഇങ്ങിനെയുള്ള കഥകളും മിത്തുകളും കൊണ്ട് ഈ യാത്ര അയാൾ സജീവമാക്കി. രണ്ടു മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. അയാൾ പറഞ്ഞു തന്നതെല്ലാം എൻ്റെ എഴുത്തിനും പ്രയോജനപ്പെട്ടിട്ടുണ്ട്. ഈ രണ്ടു മണിക്കൂർ കൊണ്ട് ടീമംഗങ്ങളുമായുണ്ടായ ആത്മബന്ധം എന്നെ അൽഭുതപ്പെടുത്തി. ആ വിദ്യാർത്ഥിക്ക് എല്ലാവരും അറിഞ്ഞ് ടിപ്പ് നൽകി.ഒരു ദിവസം നാലൂ ടൂർ അയാൾ ഇതുപോലെ കവർ ചെയ്യും'. എണ്ണൂറോളം യൂറോ അയാൾ സംബാദിയ്ക്കും. ഒരു ട്രിപ്പിന് പതിനാറായിരം രൂപാ. രണ്ടു മണിക്കൂർ യാത്രക്ക് ശേഷം ടൂർ അവസാനിച്ചു.ബോട്ട് ടൂറിന് താത്പ്പര്യമുള്ളവർക്ക് അയാൾ കൂപ്പൺ വിതരണം ചെയ്തു.ഇതു കാണിച്ചാൽ തുക കുറയുമത്രേ. നമ്മുടെ കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഒക്കെ ഇതുപോലെ പ്ലാൻ ചെയ്യാവുന്നതാണ് എന്നു തോന്നി' അവസാനം ചരിത്രപ്രസിദ്ധമായ ഒരു പള്ളി അയാൾ ചൂണ്ടിക്കാണിച്ചു. ക്രൈസ്റ്റിൻ്റെ രക്തം സൂക്ഷിച്ചിരിക്കുന്ന പള്ളി.ഇനി അവിടെപ്പോകണം.

No comments:

Post a Comment