Tuesday, June 25, 2024

ഗീതൂർണ് - ഡച്ചിലെ വെനീസ് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 62] റോഡുകൾ ഇല്ലാത്ത ഒരു ഗ്രാമം. ഒരു ഗ്രാമം മുഴുവൻ തലങ്ങും വിലങ്ങും കനാലുകൾ'. അതെല്ലാം വിശാലമായ ഒരു തടാകവുമായി ബന്ധിച്ചിരിക്കുന്നു. കനാലിൻ്റെ വശത്തുകൂടി ചെറിയ വീതി കുറഞ്ഞ വഴികൾ. സൈക്കിൾ യാത്രക്കാർ ക്കും കാൽനടയാത്രക്കാർക്കും വേണ്ടി. പാതയോരം മുഴുവൻ പരമ്പരാഗത പുൽ മേഞ്ഞ വീടുകൾ.ഫാം ഹൗസുകൾ, ചെറിയ ചെറിയ ഭക്ഷണശാലകൾ.അതു പോലെ കനാലിൻ്റെ മറുവശവും. പലഭാഗത്തായി കനാലിനെ ക്രോസ് ചെയ്ത നൂറ്റി എമ്പത്തിനാലോളം തടിപ്പാലങ്ങൾ .അടിയിൽ കൂടി ബോട്ട് പോകാൻ പാകത്തിന് ഉയർന്നതാണ് ഈ പാലങ്ങൾ. കാറ് പാർക്ക് ചെയ്യാൻ ആരംഭത്തിൽത്തന്നെ ഒത്തിരി കാർപാർക്കുകൾ ഉണ്ട്. അവിടെ നല്ല ഹോട്ടലുകളും കാണാം. ആദ്യ പാർക്കിൽ തന്നെ കയറി. അവിടെ തൊണ്ണൂററി അഞ്ച് വയസായ ഒരു സുന്ദരി ഇരിപ്പുണ്ട്. അവിടെ പാർക്കിഗ് ഫീസ് അടയ്ക്കണം. അവരുടെ ബോട്ട് എടുത്താൽ ഈ ഫീസ് തിരിച്ചു തരും.. ഈ ജല ഗ്രാമം ഹരിതാഭമാണ്. ഗ്രാമീണ ഭംഗി മുറ്റിനിൽക്കുന്ന അന്തരീക്ഷം. ഈ കനാൽ തീരത്തുകൂടി ഇങ്ങിനെ നടക്കാം. താറാവിൻ്റെയും മറ്റു പക്ഷികളുടേയും ശബ്ദം മാത്രം. തൂവെള്ള അരയന്നങ്ങളുടെ ലാസ്യഭംഗി. വഴിവക്കത്തുള്ള കടയിൽ നിന്ന് ബിയറും മറ്റ് ചെറുകടികളും വാങ്ങി ആ ഗ്രാമഭംഗിയിൽ മുങ്ങി നടക്കാം. സൈക്കിൾ യാത്രക്കാരും ധാരാളം ഉണ്ട്. ആ കനാലിൽ നിരനിര ആയി ബോട്ടുകൾ കാണാം. പലതരത്തിലുള്ള ബോട്ടുകൾ സ്വന്തമായി ഓടിയ്ക്കുന്നവയാണധികവും. കൺ ണ്ടക്ക് റ്റഡ് ക്രൂയിസുകളും ഉണ്ട്. വലിയ ബോട്ട്. അതിൽ ബോട്ടിൻ്റെ ക്യാപ്റ്റനും ഗൈഡും കാണും. സ്വന്തമായി ഒരു ബോട്ട് എടുക്കാം. പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന ഒരു വലിയ വെള്ളപ്പൊക്കത്തിൽ ആ നാടു മുഴുവൻ വെള്ളത്തിൽ മുങ്ങി. അവരുടെ ആയിരക്കണക്കിന് ആടുകൾ ചതുപ്പിൽ മുങ്ങിച്ചത്തു. പിൽക്കാലത്ത് അവിടം പഴയ രീതിയിലാക്കാനുള്ള ശ്രമത്തിനിടെ അവിടെ ഈ ആടുകളുടെ അനേകംകൊമ്പുകൾ ആണ് കാട്ടിയത്. അതുകൊണ്ടാണത്രേ ഈ ഗ്രാമത്തിന് ഗോട്ട്ത്രോൺ എന്നു പേരു വന്നത്. നടന്നു നടന്നു അങ്ങിനെ ആ ഗ്രാമത്തിൻ്റെ അങ്ങേത്തലയ്ക്കൽ എത്തി. അവിടുന്ന് ബോട്ട് എടുത്ത് തിരിച്ചു പോരാം. അടുത്തത് സാഹസികമായ ആ ബോട്ട് യാത്ര.

No comments:

Post a Comment