Friday, June 28, 2024

മാരീ ടൈം ബീച്ച് കോമ്പേഴ്സ് മ്യൂസിയം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 67] ടെസ്റ്റൽ എന്ന ദ്വീപിലെ കാഴ്ച്ചകൾക്കവ സാനമില്ല. യാത്രക്കിടയിൽ അവിചാരിതമായാണ് ആ മ്യൂസിയത്തിൻ്റെ ബോർഡ് ശ്രദ്ധിച്ചത്.ദൂരെ നിന്നു നോക്കയപ്പോൾ നാട്ടിലെ ഒരു വലിയ ആക്രിക്കട ആയാണ് തോന്നിയത്.സമുദ്രയാനങ്ങളുടെ ഒരു ശവപ്പറമ്പ്. പഴയ കാല കപ്പലുകളുടെ എല്ലാ ഭാഗവും എന്തിന് ഒരു തകർന്ന കപ്പൽ പൂർണ്ണമായും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അത് മനോഹരമായി കോർത്തിണക്കി ഒരോ പവലിയനിലായി അതിൻ്റെ ചരിത്രം രേഖപ്പെടുത്തി പ്രദർശിപ്പിച്ചത് കണ്ടപ്പോൾ അവരോടുള്ള ആദരവ് കൂടി .അതൊരു ചരിത്ര മ്യൂസിയമായി രൂപാന്തിരം പ്രാപിച്ചത് അൽഭുതപ്പെടുത്തി. പണ്ട് കപ്പൽ സഞ്ചാരികളുടെ ഒരു പറുദീസ ആയിരുന്നു ഈ ദ്വീപ്. കച്ചവടക്കപ്പലുകൾ ഇവിടെ നങ്കൂരമിട്ടാണ് യൂറോപ്പിൻ്റെ പല ഭാഗത്തും ചരക്കുകൾവിതരണം ചെയ്തിരുന്നത്.പണ്ടു മുതലുള്ള ആ വിളക്ക് മാടം അന്നവർക്ക് തുണ ആയി.അപകടകാരികളായ സമുദ്രജീവികളോടും പ്രവചനാതീതമായ കാലാവസ്ഥ യോടും മല്ലടിച്ചാണന്നവർ ഇവിടെ വന്നിരുന്നത്.പലകപ്പലുകളും ഇവിടെ തകർന്നിട്ടുണ്ട്. പുറംകടലിൽ തകർന്ന കപ്പലുകൾ പിൽക്കാലത്ത് തീരത്തടിഞ്ഞിട്ടുണ്ട്. അതൊക്കെപ്പറുക്കിക്കൂട്ടി അതിൻ്റെ ഭൂതകാലം രേഖപ്പെടുത്തി അതൊരു മ്യൂസിയമാക്കിയ ഭാവന ഗംഭീരം എന്നേ പറയേണ്ടു.ഇവിടത്തെ മണ്ണിൽ നിന്നും തകർന്നതും ഉപേക്ഷിക്കപ്പെട്ടതുമായ അനേകം കപ്പലുകളുടെ അവശിഷ്ട്ടങ്ങൾ അവർ കുഴിച്ചെടുത്തിട്ടുണ്ട്. രണ്ടു രണ്ടര മണിക്കൂർ കണ്ടാസ്വദിക്കാനുണ്ടിവിടെ. ചരിത്ര വിദ്യാർത്ഥികൾക്കിതൊരു പാഠപുസ്തകമാണിത് മറൈയിൻ ടെക്കനോളജി ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു സർവ്വവിജ്ഞാനകോശവും പല പവലിയനിലും ഇനം തിരിച്ച് കപ്പലുകളും ബോട്ടുകളും അന്നുപയോഗിച്ച ഉപകരണങ്ങളും വ്യക്തമായ കുറിപ്പോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരോന്നിനോടും ചേർന്ന് ഒരോ മിനി തിയേറ്റർ ഉണ്ട്. അവിടെ മുഴുവൻ സമയവും സ്ക്രീനിൽ ഇവയുടെ വിവരങ്ങൾ വിശദീകരിക്കുന്നതും നമുക്ക് കാണാം. പണ്ട് സന്ദേശം അയക്കാനുപയോഗിച്ച മോഴ്സ് ക്കോഡ് കൗതുകമുണർത്തി. മൈതാനമദ്ധ്യത്ത് ഒരു കപ്പലിൻ്റെ മുകൾ ഭാഗം കാണാം.ഗോവണി കയറി ആദ്യ നിലയിൽ ഒരുലൻസിൽക്കൂടി അതിനകത്തള്ള ഒരു വലിയ കപ്പലിൻ്റെ വീഡിയോ കാണാം. അവിടുന്നു മുകളിൽ കയറിയാൽ രണ്ടു ക്യാപ്റ്റൻ മാർ കപ്പൽ നിയന്ത്രിക്കുന്നത് കാണാം. അവരുടെ അടുത്തു നിന്ന് ഫോട്ടോ എടുക്കാം. പുറത്ത് മൈതാനത്ത് പല തരം കപ്പലുകളുടെ അവശിഷ്ടങ്ങൾ ഉണ്ട്.. പലതിലും അകത്തു കയറാം.ഒരു ഭീമൻ കപ്പലിൻ്റെ പ്രൊപ്പല്ലർ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഭീമാകാരമായ അതു തുരുമ്പെടുത്തിട്ടുണ്ട്. പുറത്ത് ഒരു ചെറിയ കുടിലിൽ പരമ്പരാഗത വസ്ത്രം ധരിച്ച ഒരു ഡച്ചു സുന്ദരിയെക്കാണാം. പുറത്ത് കുട്ടികൾക്ക് വിശാലമായ പാർക്കുണ്ട്.അതു പോലെ ഒരു നല്ല കഫെയും. അധികവുo സമൂദ്രവിഭവങ്ങൾ. പിന്നെ അവരുടെ തനതു ബിയറും. പരമ്പരാഗത സാധനങ്ങൾ വിൽക്കുന്ന സ്റ്റാളിൽ കൂടിപ്പുറത്തിറങ്ങി. ലോകത്തെ ആദ്യത്തെയും വലുതുമായ ഈ ചരിത്ര മ്യൂസിയം എൻ്റെ യാത്രയിലെ ഒരു ബോണസ് ആയിരുന്നു.

No comments:

Post a Comment