Monday, June 24, 2024

മദ്രാസ് ഡയറീസിലെ പഴയിടം രുചി. [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 60] ദേഹാർ കൊട്ടാരത്തിലേയും ഉദ്യാനത്തിലേയും മനം മയക്കുന്ന കാർഴ്ച്ചകൾ കണ്ട് സമയം പോയതറിഞ്ഞില്ല. വിശപ്പും ദാഹവും അറിഞ്ഞില്ല. അഞ്ചു മണിക്കൂർ.! പുറത്തിറങ്ങി. നല്ല വിശപ്പുണ്ട്. ആനയെ ത്തിന്നാനുള്ള വിശപ്പ്!ബർഗ്ഗറും, പിസ്സയും, പാസ്തയും പോരാ.നല്ല നാടൻ സസ്യാഹാരം തന്നെ വേണം. ഗൂഗിളിൻ്റെ സഹായത്താൽ ഉട്രക്ററിൽ തന്നെയുള്ള മദ്രാസ് ഡയറിയുടെ മുന്നിലെത്തി.കോട്ട് മുന്നിൽ തൂക്കി അകത്തു കടന്നു.വലത്ത് വശത്ത് ഒരു ഗണേശ വിഗ്രഹം ഉണ്ട്.വിശപ്പിൻ്റെ പ്രതീകമായി. നല്ല ചന്ദനത്തിരിയുടെ ഗന്ധം.നിലവിളക്ക് കൊളുത്തിയിരിക്കുന്നു. അകത്തു കടന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു ചെറിയ റസ്റ്റോറൻ്റ്. ഉറക്കെ തമിൾ പാട്ട് വച്ചിട്ടുണ്ട്. ഇടക്കിടെ മലയാളം പാട്ടും. ഒരു തമിഴ് പ്പയ്യൻ ഓടി വന്നു. സൗകര്യമുള്ള ഒരിരിപ്പിടത്തിലേയ്ക്ക് ക്ഷണിച്ചു. ഒരു വലിയ ബുക്ക് കൊണ്ടു വച്ചു. മെനുവാണ്. ഏതു വേണം തീരുമാനിക്കാം. നല്ല സ്പടികഗ്ലാസിൽ ജീരകവെള്ളം കൊണ്ടു വച്ചു. മിനി ഇഡ്ഡലിയുണ്ട്. സാമ്പാറും. ഒരു വലിയ പ്ലെയിറ്റിൽ ഇരുപത് ഇഡ്ഡലിയുണ്ട്. നല്ല ചൂട് സാമ്പാറിൽ കുളിച്ച് .പിന്നെ സാമ്പാർ വട.സാമ്പാറിൻ്റെ ഗൃഹാതുരത്വം ഉണർത്തുന്ന മണം. പിന്നെ ഒരു വലിയ പേപ്പർ റോസ് റ്റും' തത്ക്കാലം അതു മതി. യുദ്ധം തുടങ്ങി.ആർത്തി ആസ്വാദ്യകരമാകുന്നതിവിടെയാണന്നു തോന്നി. അവസാനം ഒരു തൈയിർവട .വയർ നിറഞ്ഞു.ഇനി ഒരു സ്ട്രോ ഗ് ചായ .ഇവിടെ ചായ ക്ക് കടുപ്പം കാണില്ല. പുറത്തു നിന്ന് കടുപ്പമുള്ള ചായവേണമെങ്കിൽ ഇവിടെ വരണം എന്നു തോന്നി. ഇവിടുത്തെ ടിഫിൻ സമ്പാർ പ്രസിദ്ധമാണ്. മദ്രാസി സാമ്പാറിൻ്റെ മണവും രുചിയും മത്ത് പിടിപ്പിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസിദ്ധമായ സാമ്പാറിൻ്റെ രുചിക്കൊപ്പം നിൽക്കുന്ന രുചി. യുദ്ധം അവസാനിച്ചു. ബില്ല് മൊബൈൽ ഉപയോഗിച്ച് പേചെയ്യുമ്പോൾ വെയിറ്ററുടെ ടിപ്പ് കൂടി അതിൽ ഉൾപ്പെടുത്താം. കൗണ്ടറിലെ ജീരകവും രുചിച്ച് പുറത്തിറങ്ങുമ്പോൾ മനസ്സിനിണങ്ങുന്ന രുചിക്കൂട്ടുകളുടെ രസതന്ത്രം എന്നെ അൽഭുതപ്പെടുത്തി.

No comments:

Post a Comment