അമ്പിളി അമ്മാവൻ ---[നാലുകെട്ട് -൧൩൩ ]
തുരുമ്പിച്ച ആ ട്രങ്ക് പെട്ടി നിലവറയുടെ മൂലയിൽ കിടക്കാൻ തുടങ്ങിയിട്ട് കുറേ ആയി .തുരുമ്പിച്ചതുകൊണ്ട് പൂട്ടുതുറക്കാൻ പറ്റില്ലായിരുന്നു കുത്തിത്തുറക്കുകതന്നെ .വല്ലനിധിയും തടഞ്ഞാലോ .അതിൽ നിധിതന്നെയായിരുന്നു!.കുറേ പഴയ മാസികകളും കത്തുകളും . പലതും പഴകി ദ്രവിച്ചിരുന്നു .
അതിലൊന്ന് "അമ്പിളിയമ്മാവൻ ".കുട്ടികൾക്കുള്ള ആ പഴയ മാസിക .ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി . കുട്ടിക്കാലത്ത് എന്തു ഹരമായിരുന്നു അത് വായിക്കാൻ . പഴയ മുത്തശ്ശിക്കഥകളുടെ ശൈലിയിൽ മനോഹരമായ കഥകൾ . നല്ല നിറങ്ങളിൽ മനോഹരമായ വരയുടെ പിൻബലത്തോടെ . അത് കയ്യിൽ എടുത്തപ്പോൾ ഒരു വല്ലാത്ത ഗൃഹാതുരത്വം . അന്ന് അപൂർവമായിക്കിട്ടിയിരുന്ന അതിൻറെ കോപ്പികൾ എത്ര ആവർത്തി വായിച്ചിരുന്നു .അന്ന് വലിയവർക്കും അത് വായിക്കാനിഷ്ടമാണ് .അച്ഛനും ,മുത്തശ്ശനും ആവേശത്തോടെ ഇതു വായിച്ചിരുന്നത് ഓർക്കുന്നു . കുട്ടിക്കാലത്തു അക്ഷരം പഠിക്കാൻ മടിയായിരുന്നു .അമ്പിളി അമ്മാവൻ വായിക്കാൻ വേണ്ടിയാണ് അന്ന് അക്ഷരം പഠിച്ചത് തന്നെ .
ആദ്യം നാഗറഡിയും,ചക്രപാണിയും കൂടി തെലുങ്കിലാണ് അതുതുടങ്ങിയത് ."ചന്ദാമാമ " 1947 -ൽ .മലയാളം പതിപ്പ് 1952 -ൽ .അമ്പിളിഅമ്മാവൻ എന്ന പേരിൽ .അതിലെ കഥകൾ ഇന്നും മനസിലുണ്ട് ."വിക്രമാദിത്യനും വേതാളവും " അതിനായിത്തന്നെ മനസ്സിൽ ഒരിടമുണ്ടായിരുന്നു . നല്ല സന്ദേശവും ഗുണപാഠവും അന്നത്തെ കഥകളുടെ മുഖമുദ്ര ആയിരുന്നു .. അവസാന പേജിൽ ഒരു ഫോട്ടോ കാണും .അതിനൊരടിക്കുറിപ്പെഴുതണം .നല്ല അടിക്കുറിപ്പിന് സമ്മാനമുണ്ട് . ആ മാസികയിലും ആരോ അടിക്കുറിപ്പിനായി ശ്രമിച്ചതായി തോന്നി .
അധികവും പുരാണകഥകൾ ആണ് .യക്ഷിക്കഥകളും ,പഞ്ചതന്ത്രവും ,ജാതകകഥകളും അറബിക്കഥകളും ...എല്ലാം മനസിലൂടെ കടന്നുപോയി . എൻറെ മനസ്സ് ഒരറുപതു വർഷം പിന്നോട്ടുപോയി . വള്ളിനിക്കറുമിട്ടു ഓടിനടന്ന ആ കുട്ടിയെപ്പോലെ ആ അമ്പിളിഅമ്മാവനും എടുത്ത് ഞാൻ തുള്ളിച്ചാടി .......
No comments:
Post a Comment