Wednesday, June 14, 2017

              ആ കൂവളക്കുടുക്ക -----[നാലുകെട്ട് 132 ]

    അത് കൂവളത്തിന്റെ കുടുക്കയാണ് .കൂവളക്കായ് പാകമായി താഴെവീണാൽ അതിന്റെ പുറംതോൽ കളഞ് വൃത്തിയാക്കുന്നു .അതിന്റെ കണ്ണ് തുളച്ചു് അതിലെ പരിപ്പ് എടുത്തുകളയുന്നു .അതിന് കോർക്കുകൊണ്ട് ഒരടപ്പും ആയാൽ കൂവളക്കുടുക്ക തയ്യാർ .അതിൽ ഭസ്‌മമം ഇട്ടുവക്കാനാണ്‌ സാധാരണ ഉപയോഗിക്കാറ് .നാലുകെട്ടിൻറെ പഴയഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന ആ കുടുക്ക എന്നെ എൻ്റെ കുട്ടിക്കാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത് . 
        അന്ന് അക്ഷരം പഠിക്കാൻ നിലത്തെഴുത്താശാൻറെ അടുത്താണ് പോകാറ് അവിടെ ചാണകം കൊണ്ട് മെഴുകിയ ഒരു ഇറയം ഉണ്ട് അവിടെയാണ് ആശാൻ കളരി . മണലിലാണ് എഴുതിക്കുക . അരിച്ചെടുത്ത് ഉണക്കിയ പഞ്ചാര മണൽ സൂക്ഷിക്കുന്നത് ഈ കുടുക്കയിൽ ആണ് .സാധാരണ പേട്ടുനാളികേരത്തിന്റെ കുടുക്കയാണ് അതിനുപയോഗക്കാറ് . അന്ന് എന്റെ നിര്ബന്ധമാണ് കൂവളക്കുടുക്ക തന്നെവേണമെന്ന് .ചെറുതായതു കൊണ്ട് രണ്ടുമൂന്നെണ്ണം  കരുതും . ഒറ്റമുണ്ടാണ് വേഷം .അന്ന് ഏറ്റവും ആര്ഭാടമായ വള്ളിനിക്കറും ഉണ്ടെനിക്ക് . കൂടെ കാര്യസ്ഥന്റെ മകൻ ശങ്കരനും ഉണ്ടാകും കൂട്ടിന് .കളരിയിൽ ചെന്നാൽ ഇല്ലത്തുനിന്നുള്ളവർക്ക് പ്രത്യേകം ഇരിപ്പടം ആണ് .അന്ന് ശങ്കരന്റെ കൂടെ ഇരുന്നു പഠിക്കാൻ പറ്റാത്തതിന് വിഷമം തോന്നിയിട്ടുണ്ട് . 
    കുടുക്കയിലെ മണൽ നിലത്ത് വിരിച് അതിലാണ് എഴുതുക . അമർത്തി എഴുതുമ്പോൾ നല്ല വേദന എടുക്കും . അന്നന്ന് പഠിച്ചത് ആശാൻ ഓലയിലാണ് എഴുതിത്തരുക .ഓലയുടെ അറ്റം ഒരു പ്രത്യേകരീതിയിൽ മെടഞ്ഞു കെട്ടിയിരിക്കും നാരായം കൊണ്ട് ഓലയിൽ എഴുതുമ്പോൾ ഉള്ള ആ കര കര ""ശബ്ദം ഇന്നും കാതിലുണ്ട് .അതുപോലെ ഉറക്കെപ്പറഞ്ഞു വേണം എഴുതാൻ . ഉച്ചാരണ ശുദ്ധിയും പഠനത്തോടുകൂടി സ്വായത്തമാകും

No comments:

Post a Comment