ബെഡ് ആൻഡ് ബ്രേയ്ഫ്ഫാസ്റ്റ് [ബി ആൻഡ് ബി ]-[ഇംഗ്ലണ്ടിൻറെ ഇടവഴിയിലൂടെ -8 ]
മലനിരകൾ നിറഞ്ഞ ഭൂമിക ഷെഫീൽഡിൻറെ ഒരു പ്രത്യേകതയാണ് .നോക്കെത്താത്ത ദൂരം മലകളും താഴ്വാരങ്ങളും .അവധിദിവസങ്ങളിൽ അതിലൂടെ ഉള്ള നടത്തം അവരുടെ ഒരു വിനോദമാണ് . അതിനായി ആമലനിരകളിൽ നടപ്പാതകൾ തെളിച്ചിട്ടിട്ടുണ്ട് . അവധി ദിവസങ്ങളിൽ രാവിലേ തുടങ്ങും .നല്ല തണുപ്പാകും .മുട്ടറ്റം ഉള്ള ഷൂസ് . വാക്കിങ് സ്റ്റിക് .പിന്നെ പുറത്ത് തൂക്കാൻ പറ്റുന്ന ഒരു ബാഗ് .അതിൽ ആഹാരവും വെള്ളവും കരുതിയിരിക്കും .മൂന്നാലുകുപ്പി ബിയർ കൂടി ഉണ്ടായാൽ കുശാൽ .
അങ്ങിനെ കൂട്ടംകൂട്ടമായി നടക്കാനെത്തുന്നവർ അനവധി .ചിലർ സകുടുംബം ,ചിലർ കൂട്ടുകാരുമൊത്ത് ,കൂട്ടുകാരിയുമൊത്ത് നടക്കുന്ന യുവാക്കളേയും കാണാം . ശുദ്ധ വായു ശ്വസിച്ചു് പ്രകൃതിയെ പ്രണയിച്ചു് കാടും മേടും കടന്ന് അങ്ങിനെ സാവധാനം നടക്കും .ആർക്കും ഒരു ധൃതിയും ഇല്ല .ഇടക്ക് കാട്ടുചോലക്കരുകിൽ വിശ്രമിക്കും .അവർ ആദിവസം അതിനായി മാറ്റിവച്ചിരിക്കുകയാണ് . യാത്രയിൽ ജനമാസ മേഖല വിരളം .ചെമ്മരിയാടുകളെ മേച്ചുനടക്കുന്ന ഇടയന്മ്മാരെ ഇടക്കുകാണാം . വൈകിട്ടോടെ ഒരു ചെറുഗ്രാമത്തിൽ എത്തി .എൻറെ ജീവിതത്തിൽ ഇത്ര അധികം ദൂരം ഇങ്ങനെ ഒറ്റയടിക്ക് നടന്നിട്ടില്ല .എന്നാൽ ക്ഷീണം ഒട്ടും തോന്നിയില്ല .നല്ല തണുത്ത അന്തരീക്ഷവും ,ശുദ്ധവായുവും ആകാം അതിനു കാരണം .ഇരുട്ടായാൽ ഇനി ഈ വഴി അപകടമാണ് രാത്രി അവിടെ തങ്ങി പിറ്റേദിവസം തിരിച്ചുപോകാം .ഡ്രൈവർ ഉണ്ടായിരുന്നെങ്കിൽ വണ്ടി അവിടെ കൊണ്ടുവരാൻ പറഞ്ഞാൽ മതിയായിരുന്നു .അതൊരു കൊച്ചു ഗ്രാമമാണ് .കടുകും ഗോതമ്പും എല്ലാം കൃഷിചെയ്യുന്നു .കൊയ്ത്ത് കഴിഞ്ഞു വൈക്കോൽ റോളാക്കി പ്ലാസ്റ്റിക് ചുറ്റി യാണ് അവർ സൂക്ഷിക്കുന്നത് .കടുകുപാടങ്ങൾ മഞ്ഞ പൂവുകൾ നിറഞ്ഞു കണ്ണിന് കുളിർമ്മയേകുന്നു .
ഇവിടെ വലിയ ഹോട്ടലുകൾ ഒന്നുമില്ല പക്ഷേ പലവീടിനു മുമ്പിലും ഒരു ബോർഡ് വച്ചിട്ടുണ്ട് ."ബ്രഡ് ആൻഡ് ബ്രേക്‌ഫാസ്റ് "രാത്രി കിടക്കാനൊരു ബെഡ്ഡും ,രാവിലെ ബ്രേക്‌ഫാസ്റ്റും .തികച്ചും അനൗപചാരികമായ താമസം .എനിക്കിഷ്ടപ്പെട്ടു .പലയിടത്തും വലിയ ഹോട്ടലുകാരും "ബി ആൻഡ് ബി "നടത്തുന്നുണ്ട് .ജീവിതത്തിൽ ഇത്രയും സുഖമായി ഇതിനുമുമ്പ് ഉറങ്ങിയിട്ടില്ല
No comments:
Post a Comment