Thursday, June 23, 2016

സെൻറ് തോമസ് പള്ളി --[നാലുകെട്ട് -68 ]

          കുറിച്ചിത്താനം സെൻറ് തോമസ് പള്ളിയുമായി ഈ തറവാടിൻറെ സൗഹൃദത്തെ പറ്റി മുത്തശ്ശൻ പറഞ്ഞുകേട്ടിട്ടുണ്ട് . ഒരു കുരിശ് പള്ളി മാത്ര മായിരുന്ന പള്ളി പുതുക്കിപ്പണിതിട്ട് നൂറ് വർഷത്തോളമേ ആയുള്ളൂ . അവിടുത്തെ വികാരിയായിരുന്ന ഫാദർ ഇമ്മാനുവൽ വെട്ടുവഴി ഈ കുടുംബവുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു . അദ്ദേഹമാണ് ഈ പള്ളിയും ഈ തറവാടുമായുള്ള ബന്ധം പറഞ്ഞുതന്നിരുന്നത് .ഹിന്ദു മിത്തോളജിയിൽ തല്പരനായിരുന്ന അദ്ദേഹവുമായി പലപ്പഴും സംവാദത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് .

        ബിഷപ്പ് പറഞ്ഞതനുസരിച് ഒരാൾ ഒരു ദിവസം ഈ തറവാട്ടിൽ വന്നിരുന്നു . കുറിച്ചിത്താനത്ത് പുതുമന ഇല്ലത്ത് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം ഉണ്ട് . അതിൻറെ വിവരം അറിയാനാണ് വന്നത് . " അർണ്ണോസ് പാതിരിയുടെ കൂദാശപ്പാനയുടെ " ഒറിജിനൽ താളിയോല .902 -ൽ എഴുതിയ ആ താളിയോല എങ്ങിനെയാണ് അവിടെ എത്തിയത് എന്ന ഒരു ഗവേഷണത്തിനായിരുന്നു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത്‌ . അച്ഛൻറെ അമ്മാത്താണ് പുതുമന .അതിൻറെ അന്വേഷണത്തിൽ ഒരു ചെറിയ പങ്ക് വഹിക്കാനും സാധിച്ചിരുന്നു .  അർണ്ണോസ് പാതിരി അങ്കമാലിയിൽ ഉണ്ടായിരുന്ന ഒരു നമ്പൂതിരി ഇല്ലത്ത് സംസ്കൃതം പഠിക്കാനായി താമസിച്ചതിൻറെ രേഖകൾ ഉണ്ടത്രേ . ആ കുടുംബവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമാകാം ആ അമൂല്യ ഗ്രന്ഥം ഇവിടെ എത്തിയത് എന്നായിരുന്നു അദ്ദേഹത്തിൻറെ കണ്ടെത്തൽ . എന്തായാലും അതു പുസ്തകമായപ്പോൾ അതിൽ വളരെ പ്രാധാന്യത്തോടെ പുതുമനയെപ്പറ്റിയും അവിടുന്ന് ഈ ഗ്രന്ഥം ലഭിച്ചതിനെ പ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്    

No comments:

Post a Comment