.............പ്രളയം .......
വേലുചാമിക്ക് കാല് രണ്ടുമില്ല . കണ്ടാൽ അറപ്പുണ്ടാക്കുന്ന വികൃത രൂപം . ഞങ്ങളുടെ ഫ്ലാറ്റിന് പുറത്ത് ആഴ്ചയിൽ രണ്ടുദിവസം .നാലുചക്രമുള്ള ഒരു ചെറിയവണ്ടിയിൽ കൈ നിലത്തൂന്നി സഞ്ചരിക്കും . ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ ആണ് ഏക വരുമാനം . മിക്കപ്പഴും എന്തെങ്കിലും കൊടുക്കും .എൻറെ കൊച്ചുമോൾക്ക് അതോരുപതിവാണ് . ആ കുഞ്ഞുമനസിന് ആ വികൃതരൂപം ഇഷ്ട്ടമായിരുന്നു . അയാളുടെ ആന്തരികസൌന്ദര്യം ആ നിഷ്ക്കളങ്ക മനസിന് തൊട്ടറിയാൻ കഴിഞ്ഞിരിക്കണം .
അന്നാണ് ആ ഭീകര വെള്ളപ്പൊക്കം നഗരത്തെ മുക്കിയത് . നമ്മുടെ ഫ്ലാറ്റിലും വെള്ളം കയറി .അടിയിലത്തെനില വെള്ളത്തിൽ മുങ്ങി എല്ലാവരും മുകളിലേക്ക് .അപ്പോൾ മോളാണ് വേലുചാമിയെ ശ്രദ്ധിച്ചത് . ആ പാവത്തിനെ ക്കൂടി നമ്മുടെ ഫ്ലാറ്റിൽ എത്തിക്കൂ . മോളുടെ കടുംപിടുത്തം മനസില്ലാമനസോടെ ഞാൻ അനുസരിച്ചു .പുറത്തുപോകാൻ നിവർത്തിയില്ല . സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ മുഴുവൻ തീർന്നു . ബാങ്കിൽ ലക്ഷങ്ങൾ ഡിപ്പോസിറ്റുണ്ട് . എന്തുകാര്യം ! എ .ടി .യം ഇല്ല .ബാങ്കുകൾ തുറക്കുന്നില്ല . ക്രെടിട്റ്റ് കാർഡ് പ്രയോജനമില്ല . കാഷ് സൂക്ഷിക്കാറില്ല . വല്ലപ്പഴും വള്ളത്തിൽ സാധനങ്ങൾ കൊണ്ടുവരും . പത്തിരട്ടിവില !. രൊക്കം കാഷ് വേണം .
അപ്പഴാണ് മുറിയുടെ മൂലയിൽ നിന്ന് ഒരു വികൃത ശബ്ദം . വേലുചാമിയാണ് .അയാളുടെ ഭാണ്ടത്തിൽനിന്നു ഒരു പൊതിയെടുത്ത് മോളുടെ നേരേ നീട്ടി . അതിൽ നിറയെ നോട്ടുകൾ .അയാളുടെ ആകെ സമ്പാദ്യം !. മനസുകൊണ്ട് ആ മനുഷ്യനെ നൂറുവട്ടം നമസ്ക്കരിച്ച് ആ നോട്ടുകൾ വാങ്ങിയപ്പോൾ എൻറെ കൈ വിറക്കുന്നുണ്ടായിരുന്നു !. ലോകം മുഴുവൻ വെട്ടിപ്പിടിച്ചു എന്നഭിമാനിച്ചിരുന്ന ഞാൻ ആ മനുഷ്യന്റെ മുമ്പിൽ എത്ര നിസാരൻ !......... .
No comments:
Post a Comment