Friday, October 30, 2026
ഒരു പത്ര വായനക്കാരൻ്റെ ദു:ഖം പത്രവായന മലയാളിയുടെ ബലഹീനതയാണ്. രാവിലെ പത്രം കിട്ടിയില്ലങ്കിൽ ഞാനും അസ്വസ്ഥനാകും.അമേരിക്കയിലും യൂറോപ്പിലും ഒന്നും ദിനപ്പത്രങ്ങൾ വീട്ടിൽ കിട്ടുന്ന ശീലമില്ല. റെയിൽവെ സ്റ്റേഷനിലോ മാനു പൊതു ഇടങ്ങളിലോ വച്ചിരിക്കും ആവശ്യമുള്ളവർക്ക് എടുത്തു വായിക്കാം. കാത്തിരുന്ന പത്രം വന്നപ്പഴേ ഓടിച്ചെന്നെടുത്തു. ചൂടു ചായയുമായി ചാരുകസേരയിൽ സ്വസ്തമായിരുന്നാണ് വായന. ആദ്യ പേജ് മുഴുവൻ പരസ്യം. രണ്ടാമത്തെ പേജും തഥൈവ. മൂന്നും നാലും അഞ്ചും പേജ് മുഴുവവൻ ദീർഘാസ് ഉൾപ്പടെ ഗവന്മേൻ്റ് പരസ്യങ്ങൾ. പിന്നെ പ്രാദേശിക പേജാണ്. അവിടെ അമ്പലങ്ങളും പള്ളികളും കയ്യടക്കിയിരിക്കുകയാണ് സമാധാനമായി. അവസാനമാകാറായപ്പോൾ ആദ്യ പേജ് കണ്ടു കിട്ടി. അതിലും പകുതി പരസ്യം.ഒരു ബലാൽസംഗം തട്ടിക്കൊണ്ടു പോകൽ പിന്നെ ആക്സിഡൻ്റുകൾ: അടുത്ത പേജ് എഡിറ്റോറിയൽ പേജാണ്. അതിലെങ്കിലും പരിസ്ഥിതി ആഘാതത്തെപ്പറ്റിയോ, സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയോ, തൊഴിലില്ലായ്മ്മ പരിഹാരത്തെപ്പറ്റിയോ കാണുമെന്നു കരുതി. തെറ്റി.അവിടെയും സെൻസേഷണൽ വാർത്തകൾ മാത്രം.. അടുത്ത പേജിൽ പകുതി മാട്രിമോണിയൽ, മാന്ത്രിക ഏലസ് , ചാത്തൻ സേവ തുടങ്ങിയവയുടെ പരസ്യങ്ങൾ. പിന്നെ നിങ്ങൾക്ക് വീട്ടിലിരുന്നും പരസ്യം ചെയ്യാം എന്നൊരറിയിപ്പും. അടുത്ത പേജിൽ ആരോഗ്യപരിപാലനത്തെപ്പറ്റി ഒരു ഫീച്ചർ. സമാധാനമായി.ആർത്തിയോടെ വായിച്ചു .അവസാനമാണറിയുന്നത് അതൊരു മൾട്ടിനാഷണൽ ഹൊസ്പ്പിറ്റലിൻ്റെ പരസ്യമായിരുന്നു എന്ന്. അടുത്ത പേജ് മുഴുവൻ ചരമക്കോളം. ഇനിയുള്ളത് സ്പോട്സ് കൊളമാണ്. അതു മാത്രം ചില ഗൊസിപ്പുകൾ ഉണ്ടങ്കിലും നന്നായി കവർ ചെയ്തിട്ടുണ്ട്. അത്രയുoആശ്വാസം! കൂടെ നാലു പേജുള്ള ഒരു സപ്ലിമെൻ്റാണ് അത് മുഴുവനായി ഒരു സൂപ്പർ മാർക്കറ്റിൻ്റെ പരസ്യം അവസാന പേജും വായിച്ചു തീർത്തപ്പോൾ മാസം 350 രൂപാ കൊടുക്കുന്ന പാവം എൻ്റെ കണ്ണു നിറഞ്ഞു പോയി.
Tuesday, October 20, 2026
കളംപൂജയ്ക്ക് പഞ്ചവർണ്ണപ്പൊടികൾ പ്രകൃതിദത്തമായവ കൊണ്ടു മാത്രം ഒരു അനുഷ്ടാന കല. കളംപൂജയ്ക്ക് ഉപയോഗിക്കുന്ന വർണ്ണപ്പൊടികൾ, കുരുത്തോല ,ആലില, വാഴപ്പിണ്ടി, പൂക്കില എല്ലാം പ്രകൃതിദത്തമായതു മാത്രം. പ്രകൃതിയുമായും പഞ്ചഭൂത സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടതാണ് പഞ്ചവർണ്ണപ്പൊടികൾ.വെള്ള: ഉണക്കലരി പൊടിച്ചത്. ശുദ്ധി, ജലം എന്നിവയെ സൂചിപ്പിക്കുന്നു.മഞ്ഞ: മംഗളകരമായ മഞ്ഞൾപ്പൊടി ഭൂമിയെ സങ്കൽപ്പിക്കുന്നു.കറുപ്പ്:- ഉമിക്കരി തമോഗുണത്തേയും ആകാശത്തേയും വിവക്ഷിക്കുന്നു.പച്ച :- വാകയില ഉണക്കിപ്പൊടിച്ചത്: സസ്യജാലങ്ങളേയും വായൂവിനേയും സങ്കൽപ്പിക്കുന്നു.ചുവപ്പ്:- മഞ്ഞളും ചുണ്ണാമ്പും ചേർത്ത് രൗദ്രഭാവത്തേയും അഗ്നിയേയും സങ്കൽപ്പിക്കുന്നു. ജലം, ഭൂമി, ആകാശം, അഗ്നി ,വായു തുടങ്ങിയ പഞ്ചഭൂതങ്ങളെ ഈ പഞ്ചവർണ്ണങ്ങൾ സൂചിപ്പിക്കുന്നു എന്നത് മനോഹരമായ ഒരു കാഴ്ച്ചപ്പാടാണ്. പഞ്ചവർണ്ണപ്പൊടികൾ ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങളിലൂടെ ദൈവ സങ്കൽപ്പങ്ങളെ കളത്തിലേയ്ക്ക് ആവാഹിക്കുന്നു. വലിയ വ്രതാനുഷ്ടാനങ്ങളോടെയാണ് ഇവർ ഈ പുനരാവിഷ്ക്കാരം സാധിക്കുന്നത്. പൂജയ്ക്ക് ശേഷം കളം മായ്ക്കുന്നു. എത്ര സുന്ദരമായി സൃഷ്ടിച്ചാലും അവസാനം എല്ലാം പരബ്രഹ്മത്തിൽ ലയിക്കുന്നു. അതാണ് ഉദാത്തമായ ഒരു ദാർശനികസങ്കൽപ്പം. തീപ്പന്തങ്ങളിലൂടെയും, തിരി ഉഴിയയിലൂടെയും ദുഷ്ടശക്തികളെ അകറ്റി നാടിനും വീടിനും ഐശ്വര്യം എന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. അവസാനം ഈ അനുഷ്ടാന കലയ്ക്കുപയോഗിയുന്നതു മുഴുവൻ മണ്ണിൽ ലയിച്ചുചേരുന്നു.ഭക്തിയും അനുഷ്ടാനവും പ്രകൃതിയുമായി ലയിച്ചു ചേരുന്നു എന്ന സങ്കൽപ്പം ഉദാത്തമാണ്
Sunday, October 18, 2026
സർപ്പക്കാവ് -- ഒരു ചെറിയ ജൈവവൈവിധ്യ ഉദ്യാനം [നാലുകെട്ട് - 721 ] നാഗരാജാവും ,നാഗയക്ഷിയും അടങ്ങുന്ന നാഗസങ്കൽപ്പങ്ങൾ . നാഗത്തറയിൽ നാഗ രാജാവും നാഗയക്ഷിയും അടങ്ങിയ പ്രതിഷ്ഠ കൾ. താഴെ ചിത്ര കൂടങ്ങൾ വേറെ ആ കൊടും കാടിനരുകിൽ വയസ്സ് നിർണ്ണയിക്കാനാവാത്ത ഒരു കണികൊന്നമുത്തശ്ശി . വർഷങ്ങളായി നറൂമണം വിതറി ഒരു വലിയ ഇലഞ്ഞി മരം .പനംകുലകൾ വിടർത്തി ഭീകരരൂപത്തിൽ ഒരു കാളിപ്പന .പടർന്നു നിൽക്കുന്ന പാലമരം .അമൃതും ,ഞറളയും കെട്ടുപിണഞ്ഞുചമച്ച നാഗരൂപം .അടപൊതിയനും ,അമൽപ്പൊപോരിയും,ചതാവരിയും അടങ്ങിയ ജൈവസമ്പത്ത് വേറെ. പൂർവസൂരികൾ വിഭാവനം ചെയ്ത പരിസ്ഥിതി സംരക്ഷണം ഇവിടെ പൂർണ്ണമാകുന്നു . അതാണ് എൻ്റെ കാ നനക്ഷത്രത്തിലെ പാമ്പും കാവ് .പാമ്പുകളെ ഞങ്ങൾ ഉപദ്രവിക്കാറില്ല. ചിലപ്പോൾ നാലുകെട്ടിലും .നിലവറയിലും കയറിവരും . മറ്റുള്ളവർക്ക് ഇന്നും ഭയമാണ് .ഇവിടെ കാണുന്ന എല്ലാ പാമ്പുകൾക്കും അവർ ദൈവ സങ്കല്പം നല്കി . അനുഗ്രഹ ശക്തിയില്ലാത്ത നാഗദൈവങ്ങളെ നിഗ്രഹിക്കാതിരിക്കാൻ പൂജിക്കുക !."സർപ്പ കോപം "സകലജാതി മതസ്തരും ഇന്നും ഭയപ്പെടുന്നു . തൂശനില വെട്ടിയിട്ട് നൂറും പാലും നല്കി ആയില്ല്യത്തിനു സർപ്പപൂജ .ഇവിടെ വൈഷ്ണവ സങ്കൽപ്പമായതുകൊണ്ട് ഏകാദശി യിൽ ആവരുതെന്നേ പൂർവ്വികർ നിശ്ചയിച്ചിരുന്നുള്ളു പന്തത്തിന്റെ പ്രഭയിൽ മഞ്ഞളിൽ കുളിച്ച് ,കവുകിൻ പൂക്കുലയാൽ അലങ്കരിക്കപ്പെട്ട ആ നാഗസങ്കൽപ്പം ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു . അടുത്ത സ്ഥലങ്ങളിൽ നിന്ന് വിറ്റുപോയവർ പോലും മൈലുകൾ താണ്ടി സർപ്പപൂജക്കിവിടെ എത്തുന്നത് അത്ഭുതം ജനിപ്പിച്ചിരുന്നു . ഈ ഇരുപത്തി അഞ്ചാം തിയതിയാണ് ഇത്തവണത്തെ നാഗപൂജ.പരിസ്ഥിതി സംരക്ഷണത്തിന് നിദാനമായ എൻ്റെ സർപ്പക്കാ വി ലെയ്ക്ക് സ്വാഗതം
Wednesday, October 14, 2026
.കളമെഴുത്ത് പാട്ട് [ നാലുകെട്ട് 620] നാലുകെട്ടിൻറെ തളത്തിലാണ് കളമെഴുത്ത് .കുട്ടിക്കാലത്ത് അതോരുത്സവമാണ് .ബാലക്കുറൂപ്പ് ചെണ്ടയും ,ചെങ്ങിലയും ആയി വരുമ്പോൾ തന്നെ മനസ്സിൽ ഉൽസാഹകമാവും . ആദ്യം കെട്ടിവിദാനമാണ്. കുരുത്തോല ,ആലില ,വെറ്റില ,പൂക്കില .മാവില ഇവകൊണ്ടാണ് അലങ്കാരം . ഭദ്രകാളി നടുക്കും ,രണ്ടുവശത്തും യക്ഷിയും ,ശാസ്താവും . ആദ്യം അരിപ്പൊടികൊണ്ട് "ആയുർ രേഖ " വരയ്ക്കുന്നു . അതിന് ശേഷം പ്രകൃതിദത്തമായ അഞ്ചുതരം പൊടികൾ കൊണ്ടാണ് കളമെഴുത്ത് . കറുപ്പ് ,വെള്ള ,പച്ച ,മഞ്ഞ ,ചുവപ്പ് .ഈ പഞ്ചവർണ്ണപ്പോടികൾ കൊണ്ട് തീർക്കുന്ന കളം അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് . ഭദ്രകാളിയുടെയും ,യക്ഷിയുടേയും ഭീകര രൂപം പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞ് വരും .അന്ന് ആ ഭീകര ദംഷ്ട്രങ്ങൾ ഭയം ജനിപ്പിച്ചിരുന്നു . അരിപ്പൊടികൊണ്ട് അതിരുവരച്ചു ചുറ്റും അക്ഷദവും പൂക്കിലയും നാളികേരവും വച്ച് അലങ്കരിക്കുന്നു . വീക്കൻ ചെണ്ടയിൽ കൈ കൊണ്ട് പതുക്കെ കൊട്ടി ദേവസ്തുതി [ കളം പാട്ട്] പാടുന്നു . പിന്നെ കളം പൂജ . മുറ്റത്ത് അഞ്ച് വാഴപ്പിണ്ടികൾ നിരയായി ഉറപ്പിച്ചിരിക്കും . സന്ധ്യക്ക് അതിൽ പന്തവും ,കൊൽത്തിരിയും കത്തിച്ച് പൂജിച്ച് മൂന്ന് പ്രദക്ഷിണം വച്ച് അവിടെ പൂജയും മേളവും വീണ്ടും തളത്തിലേക്ക് . കർപ്പൂരം കത്തിച്ച് ദീപാരാധന . കുറുപ്പ് വലംതലയിൽ കൈ കൊണ്ട് താളത്തിൽ കൊട്ടി കളമെഴുത്ത്പാട്ട് . അതിനുമുമ്പ് സോപാന സംഗീതവും പതിവുണ്ട് കപതിഞ്ഞ ശബ്ദത്തിലുള്ള കളംപാട്ട് ഇന്നും ചെവിയിൽ മുഴങ്ങുന്നു . അവസാനം കുരുത്തോലകൊണ്ട് കുറുപ്പ്കളം മായ്ക്കുന്നു . മാറിടം ഒഴിച്ച് .അന്ന് ആ മനോഹരരൂപം മാച്ച് വിക്രുതമാക്കുംപോൾ കുരുപ്പിനോട് ദ്വേഷ്യം തോന്നിയിട്ടുണ്ട് . ഭരദേവതയേയും ശാസ്താവിനേയും യക്ഷിയേയും പഞ്ചവർണ്ണപ്പൊടി കൊണ്ടുളള കളത്തിലേക്ക് ആവാഹിച്ചുള്ള ഈ പൂജ സാധാരണ കാവുകളിലാണ് നടക്കാറ് ഇവിടെ എൻ്റെ ഈ തറവാടിൽ എല്ലാ വർഷവും മുമ്പ് പതിവുണ്ട് ഇപ്പോൾ അത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം ഈ 25 -ാം തിയതി ഞായറാഴ്ച്ചയാണ് ഇത്തവണത്തെ കളം പൂജ
Sunday, October 11, 2026
വ്യത്യസ്ഥ ഭജനശൈലിയുമായി പ്രഗതിഭജന സംഘം [BBB] കുറിച്ചാത്താനം പൂതൃക്കോവിലിലെ നവരാത്രി സംഗീതോത്സവത്തിൻ്റെ തുടക്കം ഗംഭീരമായി. വ്യത്യസ്ഥമായ ശൈലിയിൽ കൊച്ചിയിൽ നിന്നുള്ള ഒരു ഭജന സംഘം.കൊച്ചിയിലെ ഒരു ബിസിനസ ഘം {BBB] രൂപപ്പെടുത്തിയ ഭജൻസ് ഒരു പ്രൊഫഷണൽ ട്രൂപ്പ് ഒന്നുമല്ല.പക്ഷേ ഭക്തിയിൽ ചാലിച്ച ആ കീർത്തനാലാപനത്തിൻ്റെ ലാളിത്യം ശ്രദ്ധിക്കപ്പെട്ടു. അഞ്ചുവയസു മുതൽ അറുപതു വയസു വരെ ഉളളവരുടെ ഭഗവാനുവേണ്ടിയുള്ള ഈ ഗാനാർച്ചന ഭക്തിസാന്ദ്രമായി.അതിൽ രണ്ടു കൊച്ചു കുട്ടികളുടെ കീർത്തനം കൗതുകമുണർത്തി.ഹരിവരാസനം പാടി അവർ ആ ഭജൻസ് അവസാനിപ്പിച്ചു. കുറച്ചു കൂടി ആകാമായിരുന്നു എന്ന തോന്നൽ അവശേഷിപ്പിച്ച്
Saturday, October 10, 2026
കുറിച്ചിത്താനം കളിയോഗം കഥകളി പഠനക്കളരികുറിച്ചിത്താനത്തിൻ്റെ കലാപാരമ്പര്യം ഉയർത്തി കളിയോഗം കഥകളി പഠനക്കളരി. കഥകളി അഭ്യസിക്കാൻ അധികവും വീട്ടമ്മമാർ മുമ്പോട്ടു വന്നത് ആദ്യം അൽഭുതമായിരുന്നു. പിന്നീട് അത് അവരോടുള്ള ആദരവായി മാറി.കലാമണ്ഡലം ഭാഗ്യനാഥൻ എന്ന അതുല്യ കലാകാരൻ്റെ ശിക്ഷണത്തിൽ ആ കളരി ഇന്ന് നാലു വർഷം പൂർത്തിയാക്കി. ആ കളിയോഗത്തിൻ്റെ നാലാം വാർഷികത്തിൽ ഭാഗഭാക്കാകാൻ എനിക്കും അവസരമുണ്ടായി. ശ്രീ.ശ്രീകാന്ത് മുരളിയ്ക്കും ശ്രീ .ബാബു നമ്പൂതിരിയ്ക്കും ഒപ്പം വേദി പങ്കിടാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. കളിയോഗത്തിന് എല്ലാ ആശംസകളും നേരുന്നു.
Friday, October 9, 2026
ബലാൽസംഗം ചെയ്യപ്പെട്ടവൾ [ കീശക്കഥകൾ -263] by - അനിയൻ തലയാററും പിള്ളി 94471 38644 കണ്ണു തുറന്നപ്പോ ൾ തലക്കൊരു ഭാരം. എൻ്റെ വസ്ത്രങ്ങൾ സ്ഥാനം തെറ്റിയിരിക്കുന്നു. ഹോട്ടലിൽ മുറി എടുത്തത് ഇന്നലെയാണ്.രാജേഷാണ് മുറി എടുത്തുതന്നത്. എൻ്റെ കുടുംബ സുഹൃത്ത്.തലയ്ക്കാകെ ഒരു മന്ദത .ശരീരം മുഴുവൻ വേദന. ഞാൻ ഞട്ടിപ്പോയി. ഞാൻ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു. ഞാൻ വാതിൽ അകത്തുനിന്ന് അടയ്ക്കാൻ മറന്നോ. വളരെ രസകരമായ ഒരു നോവൽ വായിച്ചുറങ്ങിപ്പോയത് അറിഞ്ഞില്ല. ഞാൻ തരിച്ചിരുന്നു പോയി.പോലീസിൽ റിപ്പോർട്ട് ചെയ്താലൊ? കേസും നൂലാമാലകളും. ചാനലുകൾക്ക് ചാകര .അതവേണ്ട. ഞാൻ തന്നെ ആ നരാധമനേക്കണ്ടു പിടിക്കും. തക്കതായ ശിക്ഷയും കൊടുക്കും. അപ്പഴാണ് ആ വെള്ള ടവ്വൽ ശ്രദ്ധിച്ചത്.അതിൽ ചോരപ്പാട്. ആരോ ആടവ്വൽ കൊണ്ട് മുഖം പൊത്തി എന്നും ആ കൈവിരലുകൾ ഞാൻ കടിച്ചു മുറിച്ചതും ഒരു ചെറിയ ഓർമ്മ. പിന്നെ ഒന്നുമറിയില്ല. ആടവ്വൽ ഞാൻ മണത്തുനോക്കി. ഒരു ക്ലോറൊ ഫൊമിൻ്റെ ഗന്ധം. ഞാൻ ആ ടവ്വൽ ദൂരെ വലിച്ചെറിഞ്ഞു. എന്നെ മയക്കിക്കിടത്തിയാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഞാൻ രാജേഷിനെ വിളിച്ചു. എന്താവശ്യം വന്നാലും അവൻ നമ്മുടെ കുടുബത്തിൻ്റെ ഒരു സഹായി ആണു്. അവനാണ് എഴുത്തിനായി ഈ സുരക്ഷിത ഇടം കണ്ടു പിടിച്ചു തന്നത്.ആദ്യം അവൻ ഫോൺ എടുത്തില്ല. ഞാൻ താഴെ റിസപ്ഷനിലെത്തി. ഇന്നലെ രാത്രി ആരെങ്കിലും എൻ്റെ മുറിക്കടുത്തു നിൽക്കുന്നത് നിങ്ങൾ കണ്ടോ.? ഇല്ല.പക്ഷേ ഒരു പന്ത്രണ്ടര ആയപ്പോൾ മാഡത്തിൻ്റെ ഹസ്ബൻ്റ് റൂമിൽ നിന്നും പുറത്തിറങ്ങിപ്പോകുന്നത് കണ്ടു.ഹസ്ബൻ്റ്? ഞാൻ റൂമിൽ തിരിച്ചെത്തി എല്ലാം ഭദ്രമാക്കി ടവ്വൽ മാത്രം എൻ്റെ കയ്യിൽ വച്ചു. അപ്പോൾ രാജേഷ് തിരിച്ചുവിളിച്ചു. ഒന്നി വിടം വരെ വരൂ .പെട്ടന്നു വേണം. അര മണിക്കൂറിനകം രാജേഷ് എത്തി. ഞാൻ റൂം അകത്തുനിന്ന് കുറ്റിയിട്ടു. ഞാൻ നടന്ന കാര്യങ്ങൾ എല്ലാം വിശദീകരിച്ചു: ഞാനെന്തു ചെയ്യണം. അവനെക്കണ്ടു പിടിക്കാൻ രാജേഷ് സഹായിക്കണം. പോലീസിലറിയിച്ചാൽ പുലിവാലാണ്. അതു വേണ്ട രാജേഷ് പെട്ടന്നു പറഞ്ഞു. നമുക്ക് കണ്ടു പിടിക്കാം അവൻ്റെ ശബ്ബത്തിൽ ഒരു വിറയൽ."എന്താ രാജേഷിൻ്റെ വിരളിനെന്തു പറ്റി. ചുറ്റിക്കെട്ടിയിട്ടുണ്ടല്ലോ "ഒന്നു മുറിഞ്ഞതാ " അവൻ പെട്ടന്നു വിഷയം മാറ്റി.ഞാനവൻ്റെ കണ്ണിലേയ്ക്ക് തുറിച്ചു നോക്കി .ആ ടവ്വൽ അവനു നേരെ നീട്ടി. ഇത് രാജേഷിൻ്റെ അല്ലേ. അവനൊന്നു പരുങ്ങി."രാജേഷേ നീ എന്തിനിതു ചെയ്തു. ഞാൻ പോലീസിനെ വിളിയ്ക്കട്ടെ. ഈ ടവ്വലും നീരാത്രി റൂമിൽ നിന്നു തിരിച്ച് പോണത് കണ്ടു എന്ന മൊഴിയും മാത്രം മതി നിന്നെ കുടുക്കാൻ .നീ അഴി എണ്ണും ."അവ നിരുന്നു വിയർക്കാൻ തുടങ്ങി. "എനിക്ക് നിന്നെ അത്ര ഇഷ്ടമായിരുന്നു ""ഏതായാലും നിനക്ക് കടുത്ത ശിക്ഷ വേണ്ടി വരും നീ എന്നെ വിവാഹം കഴിക്കണം"അവൻ്റെ കണ്ണുകൾ വിടർന്നു. ആ കണ്ണിൽ കണ്ണീർ"നൂറുവട്ടം സമ്മതം"
Thursday, October 8, 2026
അനുസരണയുള്ള എൻ്റെ ശകടം ഇടയ്ക്ക് ഒന്നു പിണങ്ങിപ്പേടിപ്പിച്ചെങ്കിലും അവൻ അസരണയുള്ളവനാണ്. എൻ്റെ സന്തത സഹചാരിയാണ് എൻ്റെ പുതിയ കാറ്. അവനെ മെരുക്കാൻ ആദ്യമൊക്കെ ശകലം ബുദ്ധിമുട്ടി. പക്ഷേ പെട്ടന്ന വനിണങ്ങി ഈ കഴിഞ്ഞ ദിവസം വണ്ടി വഴി സൈഡിൽ നിർത്തി. ഗിയറിലിടാൻ മറന്നു. ഹാൻ്റ് ബ്രയ്ക്ക് വലിച്ചു വയ്ക്കാനും മറന്നു. ഒരു പാഴ്സൽ പോസ്റ്റോഫീസിൽ എൾപ്പിച്ച് ഉടനെ കാറിൽ കയറാമല്ലോ.? അയ്യോ തിരിഞ്ഞു നോക്കിയപ്പോൾ കാറ് സാവധാനം മുമ്പോട്ടു നീങ്ങുന്നു. മുമ്പിലിരുന്ന സ്കൂട്ടറിനെ ഒഴിവാക്കി അവൻ റോഡ് ക്രോസ് ചെയ്ത് മറുവശത്തേക്കു നീങ്ങുകയാണ് നല്ല തിരക്കുള്ള വഴി: പോരാത്തതിന് തൊട്ടപ്പറെ ഒരു കൊടുംവളവും. സ്കൂളിൽ പോകുന്ന കുട്ടികൾ നടന്നുവരുന്നുണ്ട്. അവൻ പുല്ലാട്ട് ബ്രഹ്മദത്തൻ്റെ കൂട്ട് ആരെയും ഉപദ്രവിക്കാതെ ഈ പാപ്പാനെ ഉപേക്ഷിച്ച് മുമ്പോട്ടു തന്നെ. നിസഹായനായ നോക്കി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു. തൊട്ടടുത്ത പറമ്പിൽ മുള്ളുവേലിയ്ക്കായി തൂണുകൾ നാട്ടിയിട്ടുണ്ട്. അതിൽ രണ്ടെത്തിൻ്റെ നടുക്കു കൂടി സൈഡിൽ ഒന്നു ഉരസുക പോലും ചെയ്യാതെ അവൻ ആ പറമ്പിൽ പ്രവേശിച്ചു. കുറച്ചു കൂടി മുമ്പോട്ടു പോയാൽ ഒത്തിരി ആഴത്തിലാണ് അടുത്ത തൊട്ടി. അങ്ങോട്ടു മറിഞ്ഞാൽ പിന്നെ കാറിൻ്റെ പാട്സ് വാരി എടുത്തോണ്ടാൽ മതി. അത്ര ആഴത്തിനാണവൻ പതിക്കുക. എല്ലാവരും ശ്വാസം പിടിച്ചിരിയുകയാണ്.പെട്ടന്ന് ആ പറമ്പിൻ്റെ വക്കിലുള്ള ഒരു മണൽത്തിട്ടയിൽ തട്ടി അവൻ നിന്നു. ഞാൻ ഓടി ഡോർ തുറന്ന് ഡ്രൈവറുടെ സീറ്റിൽ കയറി. ബ്രയ്ക്കിൽ കാലമർത്തി.റീവേഴ്സിൽ ഇട്ട് ആക്സിലേറ്റർ കൊടുത്തു. ആ കോൺക്രീറ്റ് പോസ്റ്റിൽ ഉരസാതെ റീവേഴ്സ് എടുക്കുക ദുഷ്ക്കരം.പോരാത്തതിന് തിരക്കുള്ള വഴിയിലേക്ക് നേരെ അവനെ കയറ്റണ്ടിവരും: ആൾക്കാർ കൂടി മാറ്റുവണ്ടികൾ തടഞ്ഞ് ആൾക്കാരെ മാറ്റി വഴി ഒരുക്കി.ഒരു പ്രകാരത്തിൽ വണ്ടിക്ക് ഒരു പോറൽ പോലും ഏൾക്കാതെ അവനെ വഴിയിലിറക്കി.മുമ്പോട്ട് എടുത്ത് വഴിയരുകിൽ തളച്ചു. അടുത്തു നിന്ന ഒരു പയ്യൻ ഓടി വന്ന് "ചേട്ടാ വണ്ടി ഡ്രൈവറില്ലാതെ പോകുന്നതിൻ്റെ ഒരു റീൽ എടുക്കാൻ മേലായിരുന്നൊ? നല്ല റീച്ച് കിട്ടിയേനേ "
Saturday, October 3, 2026
കൃഷ്ണന്റെ ചിരി' ഇനി കൊങ്കിണി ഭാഷയിലും! 🌸ഏറെ സന്തോഷം നിറഞ്ഞ ഒരു വിശേഷം പങ്കുവെക്കട്ടെ. എന്റെ "കൃഷ്ണന്റെ ചിരി" എന്ന പുസ്തകം കൊങ്കിണി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്.ഗോവയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട ഗോവൻ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. രമേഷ് തവാഡ്കർ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.ഈ പുസ്തകം കൊങ്കിണി ഭാഷയിലേക്ക് എത്തിക്കാൻ മുൻകൈയെടുത്ത കൊച്ചി ആസ്ഥാനമായ 'പ്രബോധ ട്രസ്റ്റി'നും, ഇതിനു പിന്നിൽ പ്രവർത്തിച്ച ശ്രീ. നവീൻകുമാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.മലയാളത്തിൽ ഇതിനകം 5 എഡിഷനുകൾ പിന്നിട്ട "കൃഷ്ണന്റെ ചിരി"ക്ക് വായനക്കാർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുസ്തകത്തിന്റെ മലയാളം പതിപ്പ് ഇപ്പോൾ ഗുരുവായൂർ ദേവസ്വം ബുക്ക്സ്റ്റാളിൽ ലഭ്യമാണ്.എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ടാകണം. ❤️
Thursday, October 1, 2026
സ്വീറ്റ് സെവൻ്റി സെവൻ- വയോദിനാശംസകൾ എനിക്ക് വയസ്സ് എഴുപത്തി ഏഴ്. സ്വീറ്റ് സെവൻ ടി സെവൻ.പ്രായം വെറും സംഖ്യ മാത്രമാക്കി മാറ്റി ജീവിതം മുന്നോട്ടു പോകുന്നു. എന്നും രാവിലെ നാലു മണിക്കുണരും. നാൽപ്പത് മിനിട്ട് യോഗ, ശ്വസനക്രിയ .പിന്നെ ഒരു കപ്പ് ഗ്രീൻ ടീ .പഞ്ചസാര ഉപയോഗിക്കില്ല. അര മണിക്കൂർ പ്രഭാതസ വാരി. അതും എൻ്റെ കാനന ക്ഷേത്രത്തിലെ സസ്യങ്ങളെ പരിചരിച്ച്, സംവേദിച്ച് .പകരം അവർ ഊജ്ജദായകമായ പ്രാണവായു എനിയ്ക്ക്തരും. ഏഴു മണിയ്ക്ക് തിരിച്ചെത്തും. അപ്പഴേയ്ക്കും പത്രം വന്നിട്ടുണ്ടാകും. വായന കഴിഞ്ഞാൽ വിസ്തരിച്ചു കളി. മിക്കവാറും എൻ്റെ ഉദ്യാനത്തിലെ തീർത്ഥക്കുളത്തിൽ .ആഴ്ച്ചയിൽ മൂന്നുദിവസം തെച്ചു കളി നിർബ്ബന്ധം. സോപ്പിന് പകരം ചെറുപയർ പൊടി.കുറുന്തോട്ടി അല്ലങ്കിൽ ചെമ്പരത്തിത്താളി.ഇഞ്ചചതച്ചു വച്ചിട്ടുണ്ടാകും അത് പതച്ച് തേച്ചാണ് കുളി. പ്രഭാത ഭക്ഷണത്തിന് ഇഢ ലി ,ദോശ, പുട്ട്. ആവിയിൽ വേവിച്ചത് കൂടുതൽ ഇഷ്ട്ടം. കുടിക്കാൻ കരിങ്ങാലി വെള്ളം.പിന്നെ മറ്റു പരിപാടികൾ ഇല്ലങ്കിൽ എഴുത്ത് വായന. സോഷ്യൽ മീഡിയയിൽ സജീവം. പക്ഷേ ക്രിയേറ്റീവ് ആയി പോസിറ്റീവ് ആയി മാത്രം ഉപയോഗം. ബ്ലോഗെഴുത്തും കൂടെ നടക്കും പതിനൊന്നു മണിയ്ക്ക് തിളപ്പിച്ചാറിയപാലിൻ്റെ പാട നീക്കി കടുപ്പത്തിലൊരു ചായ. അതിനു മാത്രം പഞ്ചസാര ചേർക്കും.ഇലത്തേയില മാത്രം. പിന്നെ പണിക്കാരുടെ അടുത്ത് .പിന്നെ വായനക്ക് പറ്റിയ സമയമാണ്.പിന്നെ ടി.വി ഓൺ ചെയ്യും പ്രധാന വാർത്തകളും മറ്റു പരിപാടികളും .ഉച്ചയ്ക്ക് ഒന്നര മണിക്ക് ആഹാരം. പൂർണ്ണമായും വെജിറ്റേറിയൻ .വി ഷ രഹിതമായി രാസവളം ചെർക്കാതെ നമ്മുടെ തൊടിയിൽ ഉണ്ടാക്കിയ പച്ചക്കറികൾ മാത്രം ഉപയോഗിച്ച് .ചോറ് നാൽപ്പത് ശതമാനം മാത്രം. ബാക്കി പച്ചക്കറികൾ .ഊണിനു ശേഷം പഴം.ഇതിനിടെ പാചകത്തിന് സഹായിക്കും.പാചകം എനിയ്ക്കിഷ്ടമാണ്.പിന്നെ ഉച്ചയുറക്കം. ഒരു മണിക്കൂർ.ഉണർന്നാൽ നാരങ്ങയും കാന്താരിയും ഉപ്പും ചേർത്ത ഒരു വലിയ കപ്പ് സംഭാരം. ഉപ്പിലിട്ട നെല്ലിക്ക ഒരെണ്ണം കഴിക്കും.വൈകിട്ട് ലൈബ്രറിയിൽ സമാനമനസ്ക്കരുമായസം സർഗം.പിന്നെ ടി.വി, കാണൽ, വായന എഴുത്ത്.പത്ത് നാൽപ്പത്തി അഞ്ചിന് ഉറക്കം. ഉറക്കത്തിന് മുമ്പ് എന്നും ത്രിഫല കഴിക്കും. ത്രിഫലജരാനരകൾ ബാധിക്കാതിരിക്കാൻ ഉത്തമമാണന്ന് അയ്യൂർവേദാചാര്യന്മാർ പറയുന്നു. കഴിഞ്ഞ നാൽപ്പത് വർഷമായി എല്ലാ വർഷവും പതിനാലു ദിവസം ആയൂർവേദ ചികിത്സയ്ക്കായി മാറ്റി വച്ചിരുന്നു. ബാങ്കിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് ഈ ചിട്ട രൂപപ്പെടുത്തിയത്. എല്ലാവർക്കും വയോ ദിനാശം സകൾ....
Subscribe to:
Posts (Atom)
