Wednesday, May 29, 2024

ഉണ്ണിയുടെ മാജിക്ക് [കീശക്കഥകൾ - 200] "ഹാവൂ' ഉണ്ണി വന്നല്ലോ? എത്ര കാലമായി കണ്ടിട്ട് ' കാത്തിരിക്കുകയായിരുന്നു.""മുത്തശ്ശിയെ കാണാനല്ലേ ഓടി വന്നത്. മുത്തശ്ശിയ്ക്ക് എന്തൊക്കെയാണു കൊണ്ടു വന്നിരിക്കുന്നത് എന്നു നോക്കിയേ." ഉണ്ണി കുറേപയ്ക്കറ്റുകൾ മുത്തശ്ശിയുടെ മുമ്പിൽ നിരത്തി.ആ ചുക്കിച്ചുളിഞ്ഞ കൈകളിൽപ്പിടിച്ച് ഇനി എന്താ വേണ്ടതെന്ന് മുത്തശ്ശി പറഞ്ഞാൽ മതി ഇപ്പം ഇവിടെ എത്തും." വേറൊന്നും വേണ്ട എൻ്റെ ഉണ്ണീ എൻ്റെ കണ്ണാടി ഒന്നു മാറണം. വല്ലാതെ മങ്ങിയാണ് കാണുന്നത്. ഭാഗവതം വായിക്കാൻ പറ്റണില്ല "" ഇത്ര കാലം വായിച്ചിട്ടും കാണാതെ വായിക്കാറായില്ലേ മുത്തശ്ശി. "" കാണാതെ ചൊല്ലാൻ പറ്റും. പക്ഷേ ഭാഗവതം തെറ്റിവായിക്കുന്നത് പാപമാണ്. തെറ്റു വരാതിരിയ്ക്കാനാണ് നോക്കി വായിക്കുന്നത് .നിൻ്റെ അച്ഛനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഉണ്ണി തന്നെ മാറിവാങ്ങിത്തരണം" ഉണ്ണി മുത്തശ്ശിയുടെ കണ്ണാടി കയ്യിൽ വാങ്ങി. "ഓ ഇതു ഞാനേററു. ഇപ്പത്തന്നെ ശരിയാക്കിത്തരാം."ആ കണ്ണാടി മുഴുവൻ അഴുക്കാണ് അടുക്കണപ്പണിയ്ക്കിടെ സാമ്പാറും അച്ചാറും ഒക്കെപ്പററിപ്പിടിച്ചിരിക്കുന്നു. ഉണ്ണി പൊട്ടിച്ചിരിച്ചു. മുത്തശ്ശിയ്ക്ക് ഇപ്പം ഒരു മാജിക്ക് കാണിയ്ക്കാം. ഉണ്ണീ ബാഗിൽ നിന്ന് ഒരു കോട്ടൻ എടുത്തു എന്നിട്ട് ഗ്ലാസ് ക്ലീനിങ്ങിൻ്റെ ഒരു ചെറിയ കുപ്പിയും. കണ്ണാടി മുഴുവൻ ആ സൊല്യൂഷൻസ് പ്രേ ചെയ്തു.കോട്ടൺ കൊണ്ട് നന്നായിത്തുടച്ചു. ഇത് ആവർത്തിച്ചു. മുത്തശിയുടെ മുഖത്ത് ആ കണ്ണാടിവച്ചു കൊടുത്തൂ. ഇനി വായിച്ചു നോക്കൂ.മുത്തശ്ശി ഭാഗവതം തുറന്നു വായിച്ചുതുടങ്ങി. മുത്തശ്ശിയുടെ സന്തോഷം ഒന്നു കാണണ്ടതായിരുന്നു."ഉണ്ണീ .ഇതെന്തൊരു മാജിക്കാണ് നീ കാണിച്ചത്. ഇപ്പോ നന്നായി വായിക്കാൻ പറ്റണൂ. നീ പോയാലും ഇതിൻ്റെ വിദ്യ നിൻ്റെ അച്ഛനെ ഒന്നു പഠിപ്പിക്കണം"മുത്തശ്ശി ഉണ്ണിയേ കെട്ടിപ്പിടിച്ചു.

No comments:

Post a Comment