Tuesday, May 14, 2024
നെതർലൻ്റ് എന്ന ശാലീന സുന്ദരി [ യൂറോപ്പിൻ്റെ ഹൃദയനാളിയിലൂടെ - 2 2] ഞാനിവിടെ വന്നിട്ട് ഒരുമാസം കഴിഞ്ഞു. വലിയ ഒരു മനസ്സംഘർഷത്തിനിടെയാണിവിടെ എത്തിയത്.ഈ നാട് എന്നെ മാറ്റിയെടുത്തു. ദുഃഖത്തിലും സന്തോഷത്തോടെ എങ്ങിനെ ജീവിയ്ക്കാം എന്നെന്നെ അവർപഠിപ്പിച്ചു തന്നു. പ്രകൃതിയേയും സ്വന്തം പൈതൃകത്തെയും ഇത്രയും സ്നേഹിക്കുന്ന ഒരു ജനതയെ വെറേ എവിടെയും കണ്ടിട്ടില്ല. പ്രകൃതിയുടെ സംഹാരശക്തിയേ സന്തോഷത്തോടെ സ്വീകരിച്ച് പ്രയോജനപ്പെടുത്തുന്ന ഒരു ജനത. അവർ കർമ്മത്തിൽ വിശ്വസിക്കുന്നു. തൊണ്ണൂറു വയസുകഴിഞ്ഞ മുത്തശ്ശിമാർ വരെ ഇവിടെപ്പണി എടുക്കുന്നു. വിദ്യർത്ഥികൾ പഠനത്തിനുള്ളത് ജോലി എടുത്തുണ്ടാക്കുന്നു. എന്തു ജോലിയ്ക്കും ഇവിടെ മാന്യതയുണ്ട്. അവർക്കാവശ്യമുള്ളതിന് ആരുടെ മുമ്പിലും കൈ നീട്ടില്ല. ഇവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. മദ്യവും മയക്കുമരുന്നും ചൂതാട്ടവും നിയമവിധേയമാണ്. കഞ്ചാവടങ്ങിയ ചോക്ലേറ്റ് വരെ വിപണിയിൽകിട്ടും. നിശാക്ലബുകളും, റഡ് സ്ട്രീററുകളും ,കാസിനോകളും നിയമവിധേയമാണ്. ഒന്നും ഒളിച്ചു ചെയേണ്ടതില്ല. അതു കൊണ്ടു തന്നെ ഇതിനോടെക്കെ വലിയ ആസക്തിയുമില്ല. ഒരാളെപ്പോലും വെള്ളമടിച്ച് ,മയക്കുമരുന്നടിച്ച് ബഹളം കൂട്ടണ വരെ കണ്ടിട്ടില്ല. സെക്സ് ഹരാസ്മെൻറ് തീരെയില്ല. എല്ലാം സന്തോഷത്തിന് സംഹാരത്തിനല്ല. ഇവിടെ അന്ധമായ ഭക്തി കണ്ടിട്ടില്ല. മനസിൻ്റെ ഏകാഗ്രതക്ക് ചിലർ പള്ളിയിൽ പോകുന്നു. വലിയ പല പള്ളികളും വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. ചില പള്ളികളിൽ സ്റ്റാർ ഹോട്ടലാണ്.പുതിയ ആരാധനാലയങ്ങൾ പെരുകുന്നില്ല. മതഭ്രാന്ത് ഇവിടെ കാണാനേ ഇല്ല.അതുകൊണ്ടൊ ക്കെയാകാം മനുഷ്യർ സന്തോഷത്തോടെ സമാധാനത്തോടെ ഇവിടെ ക്കഴിയുന്നത്. ആരാധനാലയങ്ങൾ ആതുര സേവനത്തിനാണിവിടെ പ്രാധാന്യം കൊടുക്കുന്നത് എന്നു തോന്നി. സെൻസേഷണലായ കാര്യങ്ങൾക്കു് ഇവിടെ ആരും ചെവികൊടുക്കാറില്ല.: നമ്മുടെ നാട്ടിൽ അതിൻ്റെ പുറകെയാണെല്ലാവരും.ചാനലുകാരും രാഷ്ടീയക്കാരും എന്തിന് ബുദ്ധിജീവികൾവരെ. നമ്മുടെ വലിയ ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ പരിഹരിക്കാനോ സമയം കണ്ടെത്താറില്ലന്നു തോന്നി. ഇവിടുത്തെ ടി വി ന്യൂസും നാട്ടിലേതും താരതമ്യപ്പെടുത്തി നോക്കണം. നമ്മളൊക്കെ പ്രചരിപ്പിക്കുന്ന പോലെ അല്ല. ആഴത്തിലുള്ള കുടുംബ ബന്ധമാണിവിടെ.കുട്ടികളും ഭാര്യയും ഭർത്താവും മുത്തശ്ശനും മുത്തശ്ശിയും വരെ ബീച്ചിൽ വന്ന് ഉല്ലസിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നും സമുദ്രനിരപ്പിൽ നിന്ന് താഴെയാണ് ഈ പ്രദേശം.ഇവരുടെ വാട്ടർ മാനേജ്മെൻ്റ് ലോകത്തിന് മാതൃകയാണ്. അവരുടെ തനതു സാങ്കേതിക വിദ്യകൊണ്ട് അവർ കടലാക്രമണം വരെത്തടയുന്നു. അധികജലം ന ന ർലൻ്റിലുടനീളം കനാലുകൾ നിർമ്മിച്ച് അവരുടെ ജലഗതാഗതം സുഗമമാക്കി. എവിടെയും ബോട്ടിൽ എത്താം. പല അപ്പാർട്ടുമെൻ്റുകളുടെയും ഒരു വശത്ത് 'ഒരു ചെറിയ ബോട്ട് മറുവശത്ത് കാറും ഒരു സൈക്കിളും. വലിയ ടൗണിൽ കനാലിൻ്റെ തീരത്ത് ഗ്ലാന്നു കൊണ്ടുള്ള മുറികൾ കാണാം' അതിനുള്ളിൽക്കയറി താഴേക്കിറങ്ങിയാൽ ഭൂമിക്കടിയിലൂടെ മെട്രോ സ്റ്റേഷനിലേയ്ക്കും കാർ പാർക്കിഗിലേയ്ക്കും പോകാം ഈ ചെറിയ രാജ്യത്ത് ഭൂമീദേവിയ്ക്ക് മാത്രമായി എത്ര ഏക്കർ ഭൂമിയാണ് മാറ്റി വച്ചിരിക്കുന്നു എന്നത് അവരുടെ കാഴ്ച്ചപ്പാടിനെ ആണ് കാണിയ്ക്കുന്നത്. കാറ്റും മഴയും ഇവിടുത്തെ തനതു ഭാവമാണ് ഇപ്പോൾ നല്ല കാലാവസ്ഥയാണ്: നല്ല വെയിൽ. പന്ത്രണ്ട് ഡിഗ്രി ചൂട്. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതര വരെ പകലാണ്. ഈ മനോഹര ഭൂമി കണ്ടു മതിയാകാത്തതു കൊണ്ടാകാം സൂര്യഭഗവാൻ ഒരോ ദിവസവും ഇവിടം വിട്ടു പോകാൻ മടിക്കുന്നത് എന്നു തോന്നി അനിയൻ തലയാറ്റും പിള്ളി
Subscribe to:
Post Comments (Atom)
No comments:
Post a Comment