Wednesday, May 8, 2024
വെസ്റ്റ് ബ്രോക് പാർക്ക് - ഹേഗിലെ ശാന്തമായ ഒരിടം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 20] വിനോദ സഞ്ചാരത്തിന് പ്രകൃതിയേ എങ്ങിനെ ഉപയോഗിയ്ക്കാം എന്നത് നതർലൻ്റിനെ കണ്ടു പഠിയ്ക്കണം. വെസ്റ്റ് ബ്രോക് പാർക്ക് ഹേ ഗിലെ ഏറ്റവും മനോഹരമായ പാർക്കാണ്. ഏക്കർ കണക്കിനു വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം പണ്ട് ഒരു വന പ്രദേശത്തിൻ്റെ ഭാഗമായിരുന്നു. അതിൽ നിലനിർത്തണ്ടത് നിലനിർത്തി പുതിയത് കൂട്ടിച്ചേർത്ത് ഇത് ഇത്ര മനോഹരമായി രൂപകൽപ്പന ചെയ്തത് വെസ്റ്റ് ബ്രോക്ക് എന്ന പ്രകൃതി സ്നേഹിയാണ്. ആ വലിയ പ്രദേശത്തില്ലാത്തത് ഒന്നുമില്ല. ഉല്ലസിക്കാനുള്ളതെല്ലാം. ഒരു വലിയ പ്ലേഗ്രൗണ്ട്;കുട്ടികളുടെ പാർക്ക്, ജലപാതകൾ ,കുളങ്ങൾ, വലിയ മരക്കൂട്ടങ്ങൾ, ചെറു വനങ്ങൾ, മനോഹരമായ ആരാമങ്ങൾ പിന്നെ കളകൂജനം നടത്തിപ്പറന്നു നടക്കുന്ന പക്ഷിക്കൂട്ടങ്ങൾ .എല്ലാം അവിടുണ്ട്.ബാർബിക് ക്യൂ സൗകര്യം ഉപയോഗിച്ച് ആഹാരം പാകം ചെയ്ത് സകുടുംബം വിനോദങ്ങളിൽ ഏർപ്പെടുന്നവർ.ഇതിൻ്റെ ഒരോ മരങ്ങളുടെ മറവിലും സല്ലപിക്കുന്ന കമിതാക്കൾ, ആഘോഷത്രിമിപ്പിൽ കുട്ടികൾ എല്ലാം ഇവിടെ കാണാം. ഇത്ര വലിയ ഒരു നഗരത്തിനടുത്ത് ഇത്ര ശാന്തമായൊരിടം! അൽഭുതം തോന്നി. അവിടുത്തെ ഇൻ്റർനാഷണൽ " റൊസാറിയം "മനം കവരുന്നതാണ്. ഏതാണ്ട് മണ്ണൂറ് ഇനങ്ങളിൽ ഇരുപതിനായിരത്തോളം റോസാപുഷ്പ്പങ്ങൾ. ഇവിടെ അന്താരാഷ്ട്ര റോസ് മത്സരങ്ങൾ നടക്കാറുണ്ട്. അതിനു പുറകിലാണ് മരങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന " റൊമാൻറിക് ടിഹൗസ് " രുചികരമായ വിവിധ ഇനം ആഹാരം ഇവിടെകിട്ടും. സ്വന്തമായി തുഴഞ്ഞുപോകാവുന്ന ചെറു ബോട്ടുകൾ നമുക്ക് വാടകയ്ക്കെടുക്കാം. ഒരു ശബ്ദമലിനീകരണവുമില്ലാതെ ജലപാതകളിൽ കൂടി തുഴഞ്ഞു നടക്കാം നതർലൻ്റിലെ വാട്ടർ മാനേജ്മെൻ്റ് അസൂയ ജനിപ്പിക്കുന്നതാണ്. ഏതു കോണിലും ചെറു ബോട്ടുകളിൽ നമുക്ക് തുഴഞ്ഞെത്താം. തെളിഞ്ഞ വെള്ളമല്ല എന്നൊരു ന്യൂനതയേ എനിക്ക് തോന്നിയുള്ളു. എങ്ങിനെ മനസിൻ്റെ പിരിമുറുക്കം കുറയ്ക്കാം എന്നത് ഒരു ശാസ്ത്രമായി ഇവിടെ വികസിപ്പിച്ചെടുത്തിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment