Friday, May 24, 2024

നതർലൻ്റിലെ വാട്ടർ മാനേജ്മെൻ്റ് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 28] ഒരോ മലയാളിയും വിദേശത്തു പോകുമ്പോൾ അവിടുത്തെ നല്ല കാര്യങ്ങൾ നമ്മുടെ നാട്ടിലും വന്നെങ്കിൽ എന്നു മോഹിച്ചു പോകും. അത് എഴുത്തിലൂടെയും വീഡിയോയിലൂടെയും പ്രകടിപ്പിച്ചും കാണും. അതൊക്കെ വിനായകൻ്റെ കണ്ണിൽ കൂടിക്കാണാതെ പോസിറ്റീവ് ആയിക്കാണാൻ ശ്രമിക്കൂ.അതിനു വേണ്ടി പ്രവർത്തിക്കൂ '. പതിനൊന്നു വർഷം മുമ്പാണ് നമ്മുടെ വാട്ടർ മെട്രോയുടെ സാദ്ധ്യതകളെപ്പറ്റി സന്തോഷ് കുളങ്ങര പറഞ്ഞത്.അത് ഇന്ന് പൂർണ്ണമായും പ്രാവർത്തികമാകാൻ പോകുന്നു. നെതർലൻ്റിലെ ലോക പ്രസിദ്ധമായ വാട്ടർ മാനേജ്മെൻ്റ് കണ്ടപ്പോൾ അങ്ങിനെ ഒരു മോഹം തോന്നി. കേവലം മൂന്നു ദിവസത്തെ മഴ കൊണ്ട് കേരളം മുങ്ങുന്ന അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി. ഈ സാഹചര്യം മറികടക്കൽ സാദ്ധ്യമാണ്.ഇവിടെ നെതർലൻ്റ് ഗവണ്മെൻ്റ് അതു തെളിയിച്ചിട്ടുണ്ട്. മഴക്കാലത്തു പെയ്യുന്ന മഴവെള്ളം നാശം വിതച്ച് ആർക്കും പ്രയോജനമില്ലാതെ സമുദ്രത്തിൽ പതിക്കുന്നു. നമ്മുടെ ജൈവസമ്പത്ത് നഷ്ട്ടപ്പെടുന്നത് വേറൊരു ദുരന്തം. നമ്മുടെ നാടുപോലെ അനുകൂലമല്ല ള വിടുത്തെ പ്രകൃതി. എന്നും മഴയാണ്.അപൂർവ്വകാലങ്ങളിൽ മാത്രമേ സൂര്യഭഗവാൻ പ്രത്യക്ഷപ്പെടൂ. നതർലൻ്റിൻ്റെ ഇരുപത്തിയാറു ശതമാനവും സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാണ്. ഒരു ചെറിയ സുനാമി മതി ഈ രാജ്യം പകുതി ആയി ചുരുങ്ങാൻ. എന്നിട്ടും അവർ വെള്ളപ്പൊക്കം തടയുന്നതും അധികജലം ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതും കണ്ടു പഠിയ്ക്കണ്ടതാണ്. നല്ലതെ വിടെക്കണ്ടാലും നമ്മൾ അതു സ്വീകരിക്കണം.അവരോട് അതിൻ്റെ സാങ്കേതിക വിദ്യ പഠിക്കണം പ്രാവർത്തികമാക്കണം. അവർ നദീതടങ്ങളിൽ നദിയിൽ നിന്നു തന്നെ മണ്ണുവാരി മണൽ കുന്നുകൾ ഉണ്ടാകുന്നു. മഴവെള്ളം ഭൂമിയിൽത്തന്നെ താഴാൻ അനുവദിച്ച് ഭൂഗർഭ ജലവിതാനം ഉയർത്തുന്നു. സമുദ്രത്തിനേയും അവർ വരുതിയിലാക്കി. അവിടെ കടലാക്രമണം ഇല്ല കടലിൽ നിന്ന് ആഴത്തിൽ മണ്ണുവാരി അവർ ആ മണ്ണു കൊണ്ട് ബണ്ട് നിർമ്മിക്കുന്നു.ഇവരുടെ മിറയിൻ ഇക്കോളജി കാര്യക്ഷമമാണ്. കടലിൽ നെടുനീളെ ഫ്ലഡ് ഗെയ്ററുകൾ നിർമ്മിച്ച് കടൽ തിരമാലകളെ വരുതിയിലാക്കുന്നു. എന്നിട്ട് പതിനൊന്നു കിലോമീറ്ററോളം വരുന്ന കടൽത്തീരം വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു. മനുഷ്യന് ആഘോഷിക്കാൻ വേണ്ടതെല്ലാം അവർ അവിടെ ഒരുക്കുന്നു. റിജി ക്ക് വാട്ടർമാനേജമെൻ്റ് ലോക പ്രസിദ്ധമാണ്. ഇവർക്ക് പരമ്പരാഗതമായിത്തന്നെ അതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്.ഇത് ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകം മുഴുവൻ മനുഷ്യരാശിക്കു വേണ്ടി ഈ സാങ്കേതിക വിദ്യ പങ്കിടാൻ അവർ സന്നദ്ധമാണ്. ദൂബായിലെ വിശ്വ പ്രസിദ്ധമായ പാം ജമീറ ഡച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതു്. ഇവിടുത്തെ ശുദ്ധജല വിതരണം ആണ് വേറൊരൽഭുതം.ഇവിടെ പൈപ്പിൽ നിന്ന് ധൈര്യമായി പച്ചവെള്ളം കുടിക്കാം. ക്ലോറിൻ്റെ ചുവയില്ലാതെ. ജല ശുദ്ധീകരണം ഇവരെക്കണ്ടു പഠിക്കണം.അതു പോലെ നാടു മുഴുവൻ കനാൽ തീർത്ത് ഉൾനാടൻ ജലഗതാഗതം സുഗമമാക്കുന്നു. നമ്മുടെ കുട്ടനാട്ടിലും ആലപ്പുഴയിലും ഈ സങ്കേതിക വിദ്യ തേടേണ്ടതാണ്. നമ്മുടെ കൊച്ചിയും ആലപ്പുഴയും സമീപ ഭാവിയിൽ കടൽ വിഴുങ്ങാൻ സാദ്ധ്യതയുണ്ട് എന്നൊരു പഠനം ഉണ്ട്. നമ്മൾ ഉണർന്നു പ്രവർത്തിയ്ക്കണ്ട സമയമായി. നമുക്ക് നമ്മുടെ നാടിനു വേണ്ടി ഇങ്ങിനെയുള്ളവരുടെ സഹായം തേടാവുന്നതേ ഉള്ളു.'

No comments:

Post a Comment