Thursday, May 10, 2018

  പാട്ട വിളക്ക് - [ നാലുകെട്ട് - 159]

       ആ പാട്ടവിളക്ക് ഒത്തിരി ഒത്തിരി ഓർമ്മകളുടെ ഒരു സാക്ഷി പത്രമാണ് ഒരു രസത്തിന് അതിൽ മണ്ണണ്ണ ഒഴിച്ചു കത്തിച്ചു നോക്കി. ആ ചുവന്ന തീനാളത്തിന് മുകളിലേക്കുയർന്ന ആ ഇരുണ്ട പുകച്ചുരുൾ നാലു കെട്ടിന്റെ ഒരു ഭൂതകാലം കാണിച്ചു തന്നു.
       പണ്ടത്തെ ഉത്സവപ്പറമ്പാണ് പെട്ടന്ന് ഓർമ്മ വന്നത്.വച്ചു വാണിഭക്കാർ ഇത്തരം വിളക്കുകൾ കൂട്ടിയിട്ടിരിയ്ക്കും. ഉത്സവപ്പറമ്പിൽ നിരന്നിരിക്കുന്ന പക്ഷിശാസ്ത്ര ക്കാരുടെ മുമ്പിലും രാത്രിയിൽ ഈ വിളക്ക് കത്തിച്ചു വച്ചിരിക്കും. അന്നൊരിക്കൽ ഒരു രസത്തിനു വാങ്ങിയതാണ്. ഈ വിളക്കിന് തറവാട്ടിൽ ഒരു ചെറിയ പതിത്വം കൽപ്പിച്ചിരുന്നു. ഒരു മൊന്തയുടെ ആകൃതിയിലുള്ള ഓട്ടു വിളക്കുണ്ട്. അത് സ്വീകാര്യമാണ് താനും.ക്രമേണ ഇവനെയും സ്വികരിക്കാമെന്നായി. ഞങ്ങൾ പഠിക്കുന്നത് ഇതിനു മുമ്പിലാക്കി. ശരറാന്തൽ കാർന്നോന്മാർക്കായി മാറ്റിവച്ചു.
     പണ്ട് ഈ പുകച്ചുരുളു കൊണ്ട് ഭിത്തിയിലും മച്ചിലും ചിത്രങ്ങൾ വരച്ചിരുന്നു. അന്ന് ഭിത്തി വൈറ്റു വാഷ് ചെയ്യുകയാണ് പതിവ്.കുമ്മായം കൊണ്ട്. അതുണങ്ങുന്നതിന് മുമ്പ് പുക അതിലടിപ്പിച്ച് കാർ മേഘങ്ങൾ വരക്കാറുള്ളത് ഓർത്തു.

No comments:

Post a Comment