Monday, January 8, 2018

ബാലവേല [ ലംബോദരൻമാഷും തിരുമേനിയും - 1 ]

       " കുട്ടികളെ ഇങ്ങിനെ ഇട്ടു പണി എടുപ്പിക്കുന്നത് ശരിയാണോ?. ഇന്നലെ ബാലവേലക്കെതിരെ സമരമായിരുന്നു.തിരുമേനി ഒന്നു കാണണ്ടതായിരുന്നു."
"ലം ബോദരൻ മാഷക്ക് എല്ലാ ദിവസവും ഒരു നല്ല കാര്യം ചെയ്തില്ലങ്കിൽ ഉറക്കം വരില്ല അല്ലേ?."
"അതല്ല തിരുമേനീ ഇന്നലെ ഒരു ഹോട്ടലിൽ എട്ടു വയസുള്ള ഒരു പയ്യനെക്കൊണ്ട് പണി എടുപ്പിക്കുന്നതു കണ്ട് സഹിച്ചില്ല "
"എന്നിട്ടെന്തായി"
"സമരം വിജയിച്ചു "
" എന്നു വച്ചാൽ ആ പയ്യന്റെ പണി തെറിച്ചു "
"ആട്ടെ മാഷോടൊരു കാര്യം ചോദിക്കട്ടെ അന്യസംസ്ഥാനത്തു നിന്നു വന്ന ആ പയ്യന്റ കാര്യം എന്തായി.? മാഷും കൂട്ടരും അന്വേഷിച്ചോ? "
"അത്..... അതു പിന്നെ "
"ഒരു നേരത്തെ വയർ നിറക്കാൻ വേണ്ടിയാ അവനിവിടെ വന്നത്. അവനെ ചൂഷണം ചെയ്യാതെ പണി എടുക്കാൻ അനുവദിക്കുന്നതല്ലായിരുന്നോ ശരി. അല്ലങ്കിൽ ആ പാവത്തിന്റെ ഭാവി കൂടി നേരേ ആക്കുന്നതു കൂടി ചിന്തിക്കണ്ടതല്ലായിരുന്നോ? "

"മാണിക്കം" ഒരു പയ്യൻ ഓടി വന്നു.
"മാഷക്ക് ഒരു ചായകൊടുക്കൂ "
അവൻ ഉത്സാഹത്തോടെ അകത്തേക്ക് ഓടിപ്പോയി
"ഇന്നലെ വഴിയരുകിൽ നിന്നു കിട്ടിയതാ. ആഹാരം കഴിക്കാതെ തളർന്നു വഴിയിൽ കിടക്കുന്നു. കൂട്ടിക്കൊണ്ടു പൊന്നു. ആഹാരം കൊടുത്തു.ചെറിയ ചെറിയ ജോലികൾ ചെയ്യും അവന്റെ വിദ്യാഭ്യാസത്തെപ്പറ്റിയും ആലോചിക്കുന്നു"
"അതെ മാഷേ... ഇന്നലത്തെ നിങ്ങളുടെ വിപ്ലവ വീര്യത്തിന്റെ രക്തസാക്ഷി"
   മാഷക്ക് വിരോധമില്ലല്ലോ?

No comments:

Post a Comment