Wednesday, January 16, 2019

ഡബ്ബാവാല [ കീ ശക്കഥ-71 ]
വിശപ്പകറ്റാൻ ഒരു ജോലിയ്ക്കാണ് കാർലോസ് നഗരത്തിലെത്തിയത്. ഒരു പണി കണ്ടു പിടിയ്ക്കണം. നാട്ടിൽ മോട്ടോർ സൈക്കിൾ അഭ്യാസവുമായി നടന്ന കാർലോസിന് വേറൊരു പണിയും അറിയില്ല. വിശപ്പ് കാർലോസിന്റെ ഒരു ബലഹീനതയാണ്.എന്നും നാട്ടിൽ തീറ്റ മത്സരത്തിൽ കാർലോസ് ആകും ഒന്നാമൻ.അങ്ങിനെയാണ് ആ മഹാനഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിൽ എത്തിയത്. അവിടുത്തെ പണിയാകുമ്പോൾ ആഹാരത്തിന് മുട്ടുവരില്ലല്ലോ?,
ആദ്യം അവർ നിരസിച്ചതാണ്. മോട്ടോർ സൈക്കിൾ അഭ്യസി ആണന്നറിഞ്ഞപ്പോൾ അവർ നിയമിച്ചു. ഒരു ബൈക്ക് തരും. അതിനു പുറകിൽ ഇൻസുലേറ്റഡ് ഡലിവറി ബോക്സ് ഉണ്ടാകും. ഓർഡർ അനുസരിച്ച് ഈ പട്ടണത്തിലെ ഓരോ കോണിലും കഴിവതും വേഗം ഭക്ഷണം എത്തിച്ചു കൊടുക്കണം. ചൂടാറാതെ പറഞ്ഞ സമയത്തെത്തിക്കുകയാണ് പ്രധാനം. ഈ ജോലിക്ക് വിശ്രമസമയം പറയാനാകില്ല.
കാർലോസ് ജോലി ഏറ്റെടുത്തു. രാവിലെ മുതൽ ത്തുടങ്ങും ഓട്ടം. മഹാനഗരത്തിൽ തിരക്കിനിടയിലൂടെ ഊളിയിട്ട്. മിക്കവാറും ആഹാരം കഴിക്കാൻ പോലും സമയം കിട്ടില്ല :വിശന്നുവലഞ്ഞിരിക്കുമ്പോൾ സ്വാദിഷ്ടമായ മണമൂറുന്ന ഭക്ഷണം കാർലോസ് വീടുകളിൽ എത്തിച്ചു കൊണ്ടിരുന്നു. ഇതിനിടെ ആഹാരം കഴിക്കാൻ സമയം കിട്ടിയാൽ ഭാഗ്യം. ഇല്ലങ്കിൽ കൊതിയൂറുന്ന വിഭവങ്ങളുടെ മണമടിച്ച് വയർ നിറക്കും.
ഒരു ദിവസം രാവിലെ ആറു മണിക്കിറങ്ങിയതാണ്.ഒരു മണി വരെ തുടർന്നു. ഈ സമയം വരെ ഒന്നും കഴിക്കാൻ സമയം കിട്ടിയില്ല. വിശന്നു കണ്ണു കാണാതായി. നിർത്താതെയുള്ള ഓട്ടം.കാർലോസ് മടുത്തു. കസ്തൂരി ചുമക്കുന്ന കഴുതയുടെ കൂട്ട് കാർലോസ് ഓടി. മൂന്നു മണി ആയി. ഇനി ആഹാരം കഴിച്ചിട്ടേ പറ്റൂ. മൊതലാളിസമ്മതിച്ചില്ല. അത്യാവശ്യമായി കുറച്ചു ചിക്കൻ ബിരിയാണി ഒരു വീട്ടിലെത്തിക്കണം.നമ്മുടെ ഒരു നല്ല കസ്റ്റമർ ആണ്.ഉടൻ വേണം. ചൂടോടെ പറഞ്ഞ സമയത്തെത്തണം. കുറേ ചെന്നപ്പോൾ കാർലോസ് തളർന്നു. വെള്ളം കുടിക്കാനായി വഴിയോരത്ത് ഒരു മരത്തണലിൽ നിർത്തി. പെട്ടി തുറന്നത് വെള്ളമെടുക്കാനാണ്. ചിക്കൻ ബിരിയാണിയുടെ മണം മൂക്കിൽ അടിച്ചു കയറി. പിന്നെ പെട്ടിയിലെ ബിരിയാണിപ്പാത്രം കയ്യിലെടുത്തു.നാലു പാടും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ആ ബിരിയാണി മൂഴുവൻ ആർത്തിയോടെ അകത്താക്കി. വിശപ്പകന്നപ്പഴാണ് പരിസരബോധം വന്നത്. ഇനി എന്തു ചെയ്യും. വരുന്നതു വരട്ടെ തിരിച്ചു ചെന്ന് മുതലാളിയോട് പറയാം.
മടിച്ചു മടിച്ച് കാര്യം പറഞ്ഞു. മൊതലാളി ചീത്ത പറഞ്ഞു കണ്ണു പൊട്ടിച്ചു.അങ്ങിനെ പണിയും തെറിച്ചു. ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി ഈടാക്കി.
ആഹാരം കൊണ്ട് ആഹാരത്തിനായി പട്ടിണി കിടന്നുള്ള ഈ യാത്ര ഇനി വയ്യ. തല കനിച്ചിറങ്ങിയപ്പോൾ ആൾക്കാരുടെ കളിയാക്കിയുള്ള ചിരി പുറകിൽ മുഴങ്ങി.

No comments:

Post a Comment