Tuesday, January 1, 2019

  കനകധാര [കീശക്കഥ-67]
ആ മനോഹര ഗാനത്തിന്റെ ഉറവിടം എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്തായിരുന്നു. മുറിയുടെ പുറകുവശത്തേക്കുള്ള ജനൽ ഒരു വലിയ അലമാരി വച്ച് മറച്ചിരുന്നു. ഞാൻ ആ അലമാരി മാറ്റി.ജനൽ തുറന്നു. സത്യത്തിൽ ഞട്ടിപ്പോയി. തൊട്ടപ്പറെ ഒരു ചേരി. ചുറ്റും ഫ്ലാറ്റ് സമുച്ചയം ഉയർന്നപ്പോഴും അവരുടെ സ്ഥലം വിട്ടു കൊടുക്കാൻ അവർ തയ്യാറായില്ല. ചുറ്റും ചെറ്റ കുടിലുകൾ. മണ്ണു കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നവരാണവർ. പലപ്പഴം പട്ടിണി. അതിന്റെ നടുക്ക് അവരുടേതായ ഒരാരാധനാമൂർത്തി.അതിനു മുമ്പിലുള്ള ഒരു കല്ലിനു മുകളിൽ ഇരുന്ന് ഒരു കൊച്ചു പയ്യൻ പാടുന്നതാണ് കേട്ടത്.എന്നും ഞാൻ കാത്തിരിക്കും ആ പാട്ടുകേൾക്കാൻ.
ഒരു ദിവസം കോളിഗ് ബല്ല് .ഞാൻ കതകു തുറന്നു. കുറച്ച് മനോഹരമായ മൺപാത്രങ്ങളുമായി ആ കൊച്ച് പയ്യൻ. ഞാനവനെ അകത്തു കയറ്റിയിരുത്തി
"ഇതൊരെണ്ണം വാങ്ങണം സാർ. ഇന്നൊന്നും വിറ്റില്ല "
"നീ എന്നും പാടാറുള്ള ആ പാട്ട് പാടിയാൽ ഞാനിതു മുഴുവൻ വാങ്ങാം".'
അവനെന്നെ അത്ഭുതത്തോടെ നോക്കി. സന്തോഷത്തോടെ അവൻ പാടി. എല്ലാം മറന്ന്. ത്യാഗരാജൻ. അതാണവന്റെ പേര്. അറിഞ്ഞു നൽകിയ പേര്. അവനുമായുള്ള അടുപ്പം എന്നെ അവന്റെ ചേരിയിൽ എത്തിച്ചു.ആ ചെറ്റക്കുടിലിൽ എനിക്കിരിക്കാൻ തരാൻ പോലും ഒന്നുമില്ലായിരുന്നു.
" എന്നും അവനെ ഫ്ലാറ്റിലേക്ക് വിടൂ. ഞാനവനെ സംഗീതം ശാസ്ത്രീയമായി പഠിപ്പിക്കാം."
"പാട്ടു കൊണ്ടൊന്നും വയർ നിറയില്ല സാറേ. എങ്കിലും അവനിഷ്ടമുണ്ടങ്കിൽ പോരട്ടെ "
"ശങ്കരാചാര്യർ കനകധാരാ സ്തോത്രം കൊണ്ട് നെല്ലിക്കയെ സ്വർണ്ണ നെല്ലിക്കയുടെ ഒരു ധാര തന്നെ ഉണ്ടാക്കിയതറിയില്ലേ.സംഗീതം കൊണ്ടു സാധിക്കാത്ത തൊന്നുമില്ല"
ജീവിതത്തിന്റെ ഭൂരിഭാഗവും സംഗീതം പഠിപ്പിച്ചു നടന്ന എനിക്ക് അങ്ങിനെ ഒരു ഉത്തമ ശിഷ്യനെക്കിട്ടി .ഇന്നവനൊരു പ്രമുഖ ചാനലിൽ റിയാലിറ്റീ ഷോ ക്കുള്ള ഒഡീഷനിൽ വിജയിച്ചു. എന്റെ കൊച്ചു ശിഷ്യൻ ഇന്ന് സംഗീത ലോകത്ത് ഒരത്ഭുതമാണ്. ഒരോ ഷോ കഴിയുമ്പഴും അവനെത്തേടി സമ്മാനപ്പെരുമഴ തന്നെ എത്തി. ഇ ന്നവനു വേണ്ടി വലിയ വലിയ കോർ പ്രേററുകൾ മത്സരിക്കുകയാണ്. ആ കടിലുകൾ ഇരുന്നിടത്ത് മനോഹരമായ വീടുകൾ ഉയർന്നു.കൊച്ചു ത്യാഗരാജന്റെ ഉപാസനാമൂർത്തിക്കൊരമ്പലം. അവരുടെ തൊഴിലിന് ആധുനിക സൗകര്യങ്ങളോടെ ഒരിടം. ഗവൺമ്മെന്റ് കൂടി താൽപ്പര്യമെടുത്തതോടെ അവരുടെ നല്ല കാലം തെളിഞ്ഞു.
ഇന്നവന്റെ റിയാലിറ്റീ ഷോയുടെ ഫയനൽ. അവൻ നേടി.ഓടി വന്ന് കണ്ണീരോടെ എന്റെ കാൽക്കൽ വീണു. ഞാനവനെക്കൂട്ടി അവന്റെ വീട്ടിലെക്ക് ചെന്നു. അവിടെ വന്ന മാറ്റം എന്റെ ചിന്തകൾക്കപ്പുറമായിരുന്നു.
" ക്ഷമിക്കണം.സംഗീതം കൊണ്ട് വയറ് മാത്രമല്ല നിറഞ്ഞത് എല്ലാ സൗഭാഗ്യങ്ങളും ഞങ്ങൾക്കു കിട്ടി."
ആ അച്ഛന്റെ കണ്ണിൽ കണ്ണീരിന്റനനവ്.

No comments:

Post a Comment