Tuesday, January 1, 2019

തറവാട്ടിലെ തിരുവാതിര [ നാലുകെട്ട് - 203]
ധനുമാസത്തിരുവാതിര. തലേ ദിവസം " എട്ടങ്ങാടി ". എട്ടു കൂട്ടം കിഴങ്ങുകൾ ചുട്ടെടുത്ത് എട്ടങ്ങാടി നിവേദ്യം. ഗണപതി വിളക്കിനു മുമ്പിൽ തീ കൂട്ടി അതിലാണ് ചുട്ടെടുക്കുക. അതിനു ചുറ്റുംതിരുവാതിര കളിച്ച് ആ നിവേദ്യം കഴിച്ച് തിരുവാതിര നൊ യമ്പ് ആരംഭിക്കുന്നു.
സ്ത്രീജനങ്ങൾ ഏഴരവെളുപ്പിന് എഴുനേറ്റ് കുളത്തിൽപ്പോയി തുടിച്ചു കളിക്കും അരക്കൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്നു് വെള്ളത്തിൽ തുടികൊട്ടി പാട്ടു പാടി ആണ് നീരാട്ട്. ആ ധനുക്കുളരിൽ ഈറനുടുത്ത് തറവാട്ടിൽ വന്ന് പത്ത് പൂ ചൂടി തിരുവാതിര ആരംഭിക്കുന്നു. അന്നു നൊ യമ്പാണ്." ചാമ"ചോറാണ് കഴിക്കുക. ബാക്കി സദ്യാ വട്ടവും ഉണ്ടാകും.
സന്ധ്യക്ക് തന്നെ തിരുവാതിരകളി തുടങ്ങും. നടുക്ക് ഒരു നിലവിളക്ക് കത്തിച്ച് വച്ചിരിക്കും. അതിനു ചുറ്റും ചുവടുവച്ച് കളി ആരംഭിക്കും. മുറ്റത്തിന്റെ അതിരിൽത്തന്നെ ഒരു ഊഞ്ഞാൽ കെട്ടിയിരിക്കും. ഊഞ്ഞാലാടാൻ കുട്ടികൾക്കാണ് കൂടുതൽ ഉത്സാഹം. അടുത്തുള്ളവർ എല്ലാം അന്ന് തറവാട്ടിൽ ഒത്തുകൂടും. വട്ടത്തിലരിഞ്ഞ ഏത്തക്കാ വറുത്തതും, ചെറുപയർ ഉപ്പുമാവും എല്ലാവർക്കും കൊടുക്കും.
അന്ന് തിരുവാതിര മുറുകുമ്പോൾ ആൺകുട്ടികൾ "കടുവാ '' കെട്ടും. തൊടിയിൽ വാഴത്തോപ്പിലാണ് കടുവയെ ഒരുക്കുന്നത്. ശരീരം മുഴുവൻ വാഴക്കച്ചി ചുറ്റി, തലയും മൂടി ആളെ ത്തിരിച്ചറിയാൻ വ യാത്ത വിധം ഒരു ഭീമാകാര രൂപമാക്കുന്നു. അവർ തിരുവാതിര കളിക്കുന്നവരുടെ ചുറ്റും നൃത്തം വയ്ക്കുന്നു. പാതിരാപ്പൂ എടുക്കാൻ പോകുമ്പോൾ അവിടേയും എത്തുന്നു.അടുത്തുള്ളവർ ആയിരിക്കും പേടിക്കാനില്ല എന്നറിയാമെങ്കിലും പെൺകുട്ടികൾ പേടിച്ചു പോകും.
ഇന്നു ക്ലബുകളിലേക്കു അമ്പലമുറ്റത്തേക്കും മാറിയ തിരുവാതിര അതിന്റെ തനിമ ചോർന്നെങ്കിലും തുടരുന്നു.. പക്ഷേ നിലവിളക്കിന്റെയും നിലാവിന്റെയും വെളിച്ചത്തിൽ അരങ്ങേറാറുള്ള ആ തിരുവാതിരയുടെ ഒരനുഭൂതി ഇന്നന്യം നിന്നപോലെ......

No comments:

Post a Comment