Tuesday, January 1, 2019



കുളപ്പുര [ നാലുകെട്ട് - 203]
നാലുകെട്ടിനോട് ചേർന്ന് വടക്കുവശത്താണ് കുളം. കുളപ്പുര ഇടിഞ്ഞു വീഴാറായിരിക്കുന്നു. പലിടത്തും തേയ്പ്പ് അടർന്നു വീണിരിക്കുന്നു. കല്ലുകൾ ഇളകിയിട്ടുണ്ട്. അന്ന് കരിക്കട്ട കൊണ്ടു കോറിയിട്ട തിയതി അവ്യക്തമായി കാണാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കടവാണ്. അന്ന് വാ കപ്പൊടിയും എള്ളെണ്ണയും സൂക്ഷിക്കാൻ ഭിത്തിയിൽ സൗകര്യം ഉണ്ടായിരുന്നു. താളി പതക്കാൻ ആ കരിങ്കൽപ്പടവിൽ വട്ടത്തിൽ ഒരു കുഴി ഉണ്ടാക്കിയിരുന്നു.കുറുന്തോട്ടിയോ ചെമ്പരത്തിയോ ആണ് അന്ന് താളി ആയി ഉപയോഗിക്കുക.
ആ ഇളകിയ കല്ലിൽ ചവിട്ടി സാവധാനം വെള്ളം കയറിയ പടവിൽ ഇറങ്ങി. നല്ല വഴുക്കൽ ഉണ്ട്. വെള്ളത്തിൽ കാലിട്ട് ആ പടവിൽ ഇരുന്നു. കുളം പായൽമൂടിക്കിടക്കുന്നു. തവളയും നീർക്കോലിയും ഇടക്ക് തല പൊക്കുന്നുണ്ട്. മത്സ്യങ്ങൾ തുള്ളിക്കളിച്ചു നടക്കുന്നു. അക്കരെ ഒരു കൊക്ക് അനങ്ങാതിരിക്കുന്നുണ്ട്. അവൻ മത്സ്യം പിടിക്കുന്നത് കാണാൻ നല്ല രസം. ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പിൽ ഒരു നീലപ്പൊന്മാൻ. അവനും മത്സ്യത്തിനെ റാഞ്ചാൻ തയാറായാണ് ഇരുപ്പ്. കളപ്പുരയുടെ ഓടുകൾ ഇളകി വീണിട്ടുണ്ട്.ഇ ന്നാര് കളത്തിൽ കളിയ്ക്കാൻ. അന്ന് രണ്ടു നേരവും മുങ്ങിക്കുളിക്കണം.പുറത്തു പോയി വന്നാൽ മുങ്ങിക്കുളിച്ചേ ആഹാരം തരൂ.
അച്ഛന്റെ മരണശേഷം ഉള്ള ഉദകക്രിയയാണ് ഈ കുളത്തെപ്പറ്റിയുള്ള ദുഖകരമായ ഓർമ്മ. ഉദകക്രിയക്ക് എള്ളും പൂവും പുല്ലും കൊണ്ട് എത്ര പ്രാവശ്യമാണ് മുങ്ങണ്ടത്. വല്ലാത്ത ആ ദു:ഖത്തിന്റെ അന്ത്യ രീ ക്ഷത്തിൽ ആ കുളത്തിനു പോലും ഒരു ഭീകരരൂപം തോന്നിയിരുന്നു.
ആ ഇളകിയ കൽപ്പടവിൽ ഇരുന്ന് പഴയ കാലങ്ങൾ ഓർമ്മിച്ച് സമയം പോയതറിഞ്ഞില്ല. കളി കഴിഞ്ഞ് സന്ധ്യാവന്ദനത്തിനു ശേഷം ഭസ്മവും തൊട്ട് ഈ റത്തുടുത്ത് ഗായത്രി ജപിച്ച് ഇറങ്ങി വരാറുള്ള മുത്തശ്ശന്റെ രൂപം ഇന്നും മനസിലുണ്ട്.

No comments:

Post a Comment