Tuesday, January 1, 2019

  ജോണിയുടെ ടിന്റു [ കീശക്കഥ-67]
ജോണിക്കുട്ടി സ്ക്കൂളിൽ നിന്ന് വരുമ്പഴേ അവൻ ഗയ്റ്റിനടുത്ത് ഓടി എത്തും.തത്തിക്കളിച്ച് അവനു ചുറ്റും ഓടിനടക്കും. മുറ്റത്തൂള്ള പൂന്തോട്ടത്തിൽ ഓടിക്കളിക്കും. അങ്ങിനെ കളിച്ച് അച്ഛൻ വരുമ്പഴേ അവൻ വീട്ടിൽക്കയറൂ. അവിടെ ഒരു വേലക്കാരിത്തള്ള മാത്രമേ കാണൂ.ജോണിക്ക് അവരെ ഇഷ്ടമല്ല. ആ വീടിനുള്ളിൽ അവന് കുട്ടികളാരും കൂട്ടില്ല. ടിന്റുതാറാവാണ് ജോണിയുടെ ഏക കൂട്ട്. അകത്തുചെന്ന് ഡ്രസ് മാറി പലഹാരങ്ങളുമായി അവൻ പുറത്തിറങ്ങും. അവൻ അവിടെ ഇരുന്നാണ് കഴിക്കുക. ഒരു പങ്ക് ടിൻറുവിനും കൊടുക്കും.പൂന്തോട്ടത്തിൽ ഒരു ചെറിയ കുളമുണ്ട്. അവന്റെ ടിന്റുവിന് നീന്തിക്കളിയ്ക്കാൻ. അതു കാണാൻ നല്ല രസം. പക്ഷേ അച്ഛന് ഈ താറാവിനെ കൊഞ്ചിക്കുന്നതിഷ്ടമല്ല. നല്ല അസുഖവും പകരും. അച്ഛൻ വരുമ്പഴേ അവൻ വീട്ടിൽക്കയറും. പഠിക്കാൻ മുറിയിൽക്കയറിയാൽ ജനലിനടുത്തു് മുറ്റത്ത് അവനുണ്ടാകും.
ഇന്ന് ജോണിയുടെ ബർത്ത് ഡേ ആണ്. സ്കൂളിൽ നിന്ന് വരുമ്പോൾ ഒരു സർപ്രൈയ്സ് ഉണ്ടാകും. പുറന്നാൾ ആഘോഷം രാത്രി ആവാം. വേണ്ടപ്പെട്ടവരെ ഒക്കെ വിളിക്കാം. അവൻ സ്കൂളിൽ നിന്നു വന്നപ്പോൾ വീട്ടിൽ ധാരാളം ആൾക്കാർ. അച്ഛനും അമ്മയും നേരത്തേ എത്തി.അവർ ഓടി വന്ന് അവനെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ മേശപ്പുറത്ത് ഒരു വലിയ കേക്ക്. മുറി മുഴുവൻ അലംങ്കരിച്ചിരിക്കുന്നു. കേക്ക് മുറിക്കാൻ എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. കേക്കിന്റെ ഒരു കഷ്ണ്ണവുമായി അവൻ പുറത്തേക്കു് ഓടി. ടിന്റുവിനെ അവിടെങ്ങും കണ്ടില്ല. വേലക്കാരിത്തള്ള അവിടെ നിൽപ്പുണ്ട്.
" ഇന്ന് നമ്മുടെ ടിന്റുവിനെത്തട്ടി. പുറന്നാൾ സദ്യക്ക്." അവൻ ഞട്ടി. അവൻ ഓടി വീടിനകത്തു കയറി. മേശപ്പുറത്ത് വിഭവങ്ങൾ നിരത്തി വച്ചിട്ടുണ്ട്. എല്ലാവരും കഴിക്കാനുള്ള തയാറെടുപ്പിലാണ്.
"നിങ്ങൾ എന്റെ ടിന്റുവിനെ കൊന്നുവല്ലേ " അവൻ ഉറക്കെക്കരഞ്ഞുകൊണ്ട് ആ ആഹാരസാധനം മുഴുവൻ തട്ടിത്തെറിപ്പിച്ചു. ആ മുറിയിലുള്ളതെല്ലാം തട്ടിപ്പൊട്ടിച്ചു. ആദ്യം ആർക്കും ഒന്നും മനസിലായില്ല. എല്ലാവർക്കും വിഷമായി.ആർക്കും അവനെ നിയന്ത്രിക്കാനായില്ല. അവൻ മുറ്റത്തേക്ക് ഓടി. അവന്റെ ടിൻറുവിന്റെ കൂടിനടുത്തെത്തി. അവിടം ശൂന്യം. അവൻ ഉറക്കെ ഉറക്കെക്കരഞ്ഞു. എല്ലാവരും അവന് ചുറ്റും കൂടി. അവസാനം ചേമ്പിൻ തണ്ടു പോലെ തളർന്ന് അവന്റെ അമ്മയുടെ മടിയിലേക്ക്.

No comments:

Post a Comment