Wednesday, April 26, 2017

 മുത്തശ്ശൻറെ മെതിയടി   ..[നാലുകെട്ട് -൧൨൬ ]

                  ആ പഴയ മെതിയടിക്കും ഉണ്ട് ഒരു നല്ല പൈതൃകം . മുത്തശ്ശൻറെ പാദസ്പര്ശം കൊണ്ട് പവിത്രമായത് .തേക്കിൻതടിയിലോ ചന്ദനത്തിലോ ഇതിലും മനോഹരമായത് നിർമ്മിച്ച് കൊടുക്കാമെന്ന് പലരും പറഞ്ഞതാണ് .മുത്തശ്ശൻ സമ്മതിച്ചില്ല .പരമ്പരാഗതമായി പൂർവസൂരികളുടെ കാലടികൾ പതിഞ്ഞ അതുതന്നെ മതി .മുത്തശ്ശൻറെ ഉറച്ചതീരുമാനമായിരുന്നു  . 

           മത്സ്യത്തിന്റെ ആകൃതിയാണതിന് . അറ്റത്ത് വിരലുറപ്പിക്കാൻ ഒരുകുറ്റി ."കുരുട് " എന്നാണതിന് പറയുക . അതിൻറെ ഗുണഗണങ്ങൾ പറയുമ്പോൾ മുത്തശ്ശന് നൂറ് നാവാണ് . അതുധരിച്ചാൽ പ്രമേഹം നിയത്രിക്കാമത്രെ .അതുപോലെ ഇടിമിന്നലിൽ നിന്നും രക്ഷ .കുരുടിൽ പെരുവിരലും അടുത്ത വിരലും  ഉറപ്പിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം കണ്ണിന് നല്ലതത്രെ .രാത്രിയിൽ നടക്കുമ്പോൾ സർപ്പ ദംശനത്തിൽ നിന്നും മുക്ത്തി .ചക്ഷു ശ്രവണനാണ് പാമ്പുകൾ .ശബ്ദം കേൾക്കുമ്പോൾ അതിന് കണ്ണുകാണില്ല. .അതുകൊണ്ടാണ് കടിക്കാത്തത് .ഏതൊക്കെ മുത്തശ്ശൻറെ സിദ്ധാന്തങ്ങളാണ് .   

           സംസ്കൃതത്തിൽ "പാ ഡാ " എന്നുപറഞ്ഞാൽ  കാൽപ്പാദം .അങ്ങിനെയാണ് "പാദുകം  "എന്ന വാക്ക് വന്നത് . പണ്ട് ശ്രീരാമചന്ദ്രൻ വനവാസത്തിന് പോയപ്പോൾ ശ്രീരാമൻറെ പാദുകം പൂജിച്ചു സിംഹാസനത്തിൽ പ്രതിഷ്ഠിച്ചാണ് രാജ്യഭരണം നടത്തിയിരുന്നത് .ഭഗവാൻറെ കാലടിപ്പാടുകൾ പിന്തുടർന്ന രാജ്യഭരണം . ആനക്കൊമ്പ് ,ചന്ദനം തേക്ക് എന്നിവകൊണ്ടും മെതിയടി കണ്ടിട്ടുണ്ട് .അതുപോലെ സ്വർണ്ണം ,വെള്ളി തുടങ്ങിയ ലോഹങ്ങൾകൊണ്ടും . ഇന്ന് ഒരാൾ ഉപയോഗിച്ച ചെരുപ്പ് വേറൊരാൾ ഉപയോഗിക്കില്ല .എന്തിന് കൈകൊണ്ട് തൊടാൻപോലും മടി .അപ്പഴാണ് പൂർവസൂരികളുടെ പാദസ്പർശം ഏറ്റ ആ മെതിയടിയിൽ മുത്തശ്ശൻ ഒരു ദിവ്യാംശം കാണുന്നത് .


No comments:

Post a Comment