Friday, July 1, 2016

  പി .ശിവരാമപിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറി -[നാലുകെട്ട് -71 ]
                 കുറിച്ചിത്താനത്തുള്ള സൗഹൃദയർ ,ശിവരാമപിള്ള സാറിൻറെ നേതൃത്തത്തിലാണ് വർഷങ്ങൾക്ക് മുമ്പ് ഈ മഹത്തായ ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചത് . അമ്പലത്തിൻറെ കുളപ്പുര മാളികയിൽ ആയിരുന്നു ആരംഭം .ഒരുദിവസം രാത്രി കാറ്റിലും മഴയിലും ആ കെട്ടിടം ഇടിഞ്ഞു കുളത്തിൽ പതിച്ചു . സാറുൾപ്പടെ . അവിടുന്നു രക്ഷിച്ചെടുത്ത പുസ്തകങ്ങളും വേറെ കുറേ പുസ്തകങ്ങളും സമാഹരിച്ചു് അമ്പലത്തിൻറെ അറയ്ക്ക ൽ ആയിരുന്നു   പിന്നെ ഈ വായനക്കൂട്ടം . പിന്നീടാണ് സുമനസുകളുടെ സഹകരണത്തോടെ ഇത്ര വലിയ ഒരു വായനശാല കെട്ടിടം തീർത്ത് അതിലേക്ക് മാറിയത് .
                 ഇന്ന് അത് "A ഗ്രേഡ് "ഗ്രന്ഥശാലയാണ് ".മോഡൽ റൂറൽ ലൈബ്രറി "  ആണ് .മുപ്പത്തിനായിരത്തിൽ പരം പുസ്തകങ്ങൾ ! .വളരെ പഴയ പുസ്തകങ്ങളും ,മാസികകളും ബയന്റുചെയ്തു സൂക്ഷിച്ചിരിക്കുന്നു . മാതൃഭൂമി [ആദ്യലക്കം മുതൽ ] ,ഉണ്ണിനമ്പൂതിരി ,കവനകൗമുദി ,മംഗളോദയം തുടങ്ങി പഴയ പ്രസിദ്ധീകരണങ്ങൾ എല്ലാം ക്രമത്തിൽ ബയന്റു ചെയ്തു വച്ചിരിക്കുന്നു താളിയോല ഗ്രന്ഥങ്ങൾ .ഇങ്ങിനെയുള്ള അപൂർവ ഗ്രന്ഥങ്ങൾ മുഴുവൻ ഇതിനോട് ചേർന്നുള്ള റഫറൽ ലൈബ്രറിയിലേക്ക് മാറ്റിയിരിക്കുന്നു .അതിനായി A /C ചെയ്ത ആധുനിക സൗകര്യത്തോട് കൂടിയ ഒരു മുറി ഈ ഇടെ ഒരു അക്ഷരസ്നേഹി സജ്ജീകരിച്ചു തന്നിട്ടുണ്ട് .അദ്ദേഹത്തിൻറെ അച്ഛന്റെ ഓർമ്മക്കായി ."വയലാർ സമ്പൂർണ്ണ കൃതിക്ക് " അദ്ദേഹത്തിൻറെ പതിനഞ്ചോളം കവിതകൾ ഈ ഗ്രന്ഥശേഖരത്തിൽ നിന്നാണ് കണ്ടെടുത്തത് .  
                    ഇവിടുത്തെ  "വിസിറ്റേഴ്‌സ്‌ ഡയറി " ഒരു അമൂല്യ നിധിയാണ് . തകഴി, കാനം ,പൊറ്റക്കാട് ,വയലാർ തുടങ്ങി അന്നത്തെ സാംസ്കാരിക സാഹിത്യ നായകൻമാർ മുഴുവൻതന്നെ ഈ വായനശാല സന്ദർശിച്ചു് ,വിസിറ്റേഴ്‌സ്‌ ഡയറിയിൽ എഴുതിയിട്ടുണ്ട് .
             ഇന്ന് ഇത് അത്യന്താധുനിക സൗകര്യത്തോട്  പ്രവർത്തിക്കുന്നു . ഈ നാട്ടിലെ എലാവരെയും പോലെ ഈ താറാവാട്ടിന്റെയും ഒരു സ്വകാര്യാഹങ്കാരമാണ് ഈ സാരസ്വാതീക്ഷേത്രം .ഒരു തപസ് പോലെ ജീവിതം മുഴുവൻ ഈ ഗ്രന്ഥ ശാലക്ക് വേണ്ടി ഉഴിഞ്ഞു വച്ച ശ്രീ .ശിവരാമപിള്ള സാറിനും സാഷ്ട്ടാഗ നമസ്ക്കാരം .ഇതിനുവേണ്ടി സജീവമായി പ്രവർത്തിക്കേണ്ടത് ഒരു കടമയായി ഉണ്ണി കരുതുന്നു .  

No comments:

Post a Comment