"അച്ചുവിൻറെ ഡയറിക്ക് " ആര്ടിസ്റ് നമ്പൂതിരിയുടെ വരപ്രസാദം .....
സത്യത്തിൽ ആര്ടിസ്റ് നമ്പൂതിരിയെ കാണാൻ പോയത് ഒരതിമോഹവുമായായിരുന്നു .അച്ചുവിന്റെ ഡയറി പുസ്തകമാക്കുമ്പോൾ അതിൽ അദ്ദേഹത്തിൻറെ ഒരു വരമൊഴി . ദേവസമാനനായ ആ വരയുടെ തമ്പുരാനെ കണ്ടപ്പോൾ ത്തന്നെ ഒന്നു ഞെട്ടി .ഒരു സാധാരണമനുഷ്യൻ . എളിമയൂറുന്ന പെരുമാറ്റം മടിച്ചുമടിച്ചാണെങ്കിലും കാര്യം അവതരിപ്പിച്ചു . കോപ്പി കൊടുത്തു .
"ഇപ്പോൾ മുമ്പത്തെപ്പോലെ വയ്യ .പുതിയത് ഒന്നും ഏറ്റെടുക്കാറില്ല . മുഴുവൻ വായിച്ചുവേണമല്ലോ വരക്കാൻ . കണ്ണിന് മൂടൽ ഉണ്ട് . വച്ചോളൂ ഞാൻ പരമേശ്വരനോട് പറഞ്ഞേക്കാം " വളരെ സത്യസന്ധമായാണ് അതു പറഞ്ഞത് .
പക്ഷേ വി .കെ .എൻ .പറഞ്ഞപോലെ ആ "വരയുടെ വാസുദേവൻ ", കുചേലനെഅനുഗ്രഹിച്ചപോലെ എന്നെ അറിഞ്ഞനുഗ്രഹിച്ചു .അത് വരച്ചു് എനിക്കു എത്തിച്ചു തന്നു . സത്യത്തിൽ ജീവിതത്തിൽ സന്തോഷം കൊണ്ട് കരഞ്ഞു പോയ ഒരു നിമിഷം . അവിടെ ചെന്ന് ആ പാദത്തിൽ സാഷ്ട്ടാഗം നമസ്കരിച്ചായിരുന്നു അത് വാങ്ങേണ്ടിയിരുന്നത് . ഇതിനോടകം തന്നെ ഒരായിരം തവണയെങ്കിലും ആ പാദങ്ങളിൽ ഞാൻ നമസ്കരിച്ചിരുന്നു . എന്നാലും പോകണം . നേരിൽ ഒന്നുകൂടിക്കാണണം . സാഷ്ട്ടാഗം പ്രണമിക്കണം . അനുഗ്രഹം വാങ്ങണം . ആ മാന്ത്രിക വിരലുകൾ എൻറെ മൂർദ്ധാവിൽ അനുഗ്രഹരൂപേണ ഒന്നു സ്പർശിച്ചാൽ മാത്രം മതി .
No comments:
Post a Comment