Tuesday, July 26, 2016

                  സ്വർണ്ണമുഖി തീരത്തുകൂടിഒരു "ലയൺ സഫാരി ".

     സ്വർണ്ണമുഖിനദിയുടെ ഓരം ചേർന്ന്‌ 104 .-ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ബന്നാർ ഘട്ട ദേശീയോദ്യാനം .അവിടുത്തെ "സഫാരി "ആണ് ഉദ്വേഗജനകം . ഹരിതാഭമായ ആ വനാന്തരത്തിലൂടെ ഒരു ഹരിതവർണ്ണ വാഹനത്തിൽ വന്യമൃഗങ്ങളുടെ ഇടയിലൂടെ . പുള്ളിമാനുകളിലും, കൃഷ്ണ മൃഗങ്ങളിലും തുടക്കം .  ഉള്ളിലേക്ക് കയറുമ്പോൾ നമ്മുടെ വാഹനത്തിന് ചുറ്റും കാട്ടാനക്കൂട്ടം . അവിടുന്നും മുമ്പോട്ട് കാട്ടുപോത്തും കരടിക്കൂട്ടവും .വഴിക്കുതടസം നിന്ന ആ കരടിക്കൂട്ടം കുറേനേരം യാത്ര തടസപ്പെടുത്തി .
         അതിഭീകരനായ സിംഹരാജാവ് രാജകീയ പ്രൗഠിയോടെ വഴിയിൽ ത്തന്നെ !തൊട്ടടുത്ത് .വണ്ടി അടുത്തു വന്നിട്ടും അവന് ഒരുകൂസലും ഇല്ല .അവൻ ആ ഉറക്കച്ചടവിൽ ഒന്ന് കോട്ടുവായിട്ടു .കരാളമായ ആ പല്ലുകൾ ഉള്ളിൽ ഭയം ഉണർത്തി . വേണമെങ്കിൽ എന്നെ മറികടന്ന് പോകാനുള്ള വെല്ലുവിളിയോടെ ആണ് ആ നിൽപ്പ് .സാരഥി ഹോണടിച്ചില്ല .പ്രകോപിപ്പിച്ചാൽ അപകടമാണ് അവൻറെ കൈ നിവർത്തി ഒറ്റയടിമതി വണ്ടിയുടെ ഗ്ളാസ് തകർത്തവന് അകത്തുകയറാൻ .മത്തേഭത്തിൻറെ മസ്തകം പിളർക്കാൻ പോന്ന കരുത്താണവന്. രാജാവിന് വഴിമാറാൻ ഓച്ഛാനിച്ചു നിൽക്കേണ്ടിവന്നു ഞങ്ങൾക്ക് . അവസാനം സടകുടഞ് കാട്ടിലേക്ക് രാജകീയ നടത്തം .ആവൂ ...ആശ്വാസമായി !..പിന്നെ നമ്മളെ എതിരേറ്റത് രണ്ട് കടുവകൾ ആണ് . ഇണകളാണവർ .കൂടുതൽ ഭയപ്പെടണം . അവരും നമ്മുടെ വണ്ടിക്കുചുറ്റും വലം വച്ചു .കുറേ നേരം ആ മാർജാരനടനം തുടർന്നു .
   ഭീമാകാരമായ ചിതൽപ്പുറ്റുകളും ,ആ ഭീകര മൃഗങ്ങളും ,അരുമയായ മാൻകൂട്ടവും ,പാദസ്വരം കിലുക്കി കള കളാരവത്തോടെ ഒഴുകുന്ന സ്വർണ്ണമുഖിയും ,പക്ഷികളുടെ കാളകൂജനവും  എല്ലാം കൂടി ഒരുമണിക്കൂർ പോയതറിഞ്ഞില്ല .     

No comments:

Post a Comment