ആ പഴയ റേഡിയോ { നാലുകെട്ട് -75 }
തറവാട്ടിൽ കറണ്ട് കിട്ടിയ ഉടനേ വാങ്ങിയതാണ് ആ റേഡിയോ . അത്രയേറെ പഴക്കമുണ്ടതിന് . ഒരു വലിയ പെട്ടി . "വാൽവ് "സെറ്റാണ് . ഓൺ ചെയ്താൽ കുറച്ചുസമയമെടുക്കും അതു ചൂടായിവരാൻ . മുൻവശത്തെ ആ നെറ്റിനിടയിലൂടെ ആ വാൽവിന്റെ ചുമന്ന വെളിച്ചം ഇന്നും മനസിലുണ്ട് . മുമ്പിൽ" പിയാനോബട്ടൻ " ആണ് ബാൻഡ് മാറ്റാനാണ് .സ്റ്റേഷൻ ഓപ്പൺ ചെയുമ്പോൾ ഉള്ള ആ മ്യൂസിക് .ഒരു വല്ലാത്ത " നൊസ്റ്റാൾജിയ " ആയി ഇന്നും മനസിലുണ്ട് . മുഹമ്മദ് റാഫിയുടെയും ,കിഷോർ കുമാറിന്റെയും സ്വരമാധുരി ആസ്വദിക്കാറ് അതിൽനിന്നാണ് .സൗന്ദരരാജന്റെ തമിഴ് പാട്ടുകൾ ,സുബ്ബലക്ഷ്മിയുടെ സുപ്രഭാദം എല്ലാം കൂടി ആ പെട്ടി തറവാട്ടിൽ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചിരുന്നു .
പക്ഷേ ഇന്നവൻ അനാഥനാണ് . ആർക്കും വേണ്ടാതെ നിലവറക്കോണിൽ വിശ്രമം . പൊടിതട്ടി എടുത്തപ്പോൾ സൈഗാളിൻറെ ശോകഗാനം കേട്ടപോലെ ദുഃഖം തോന്നി . പിന്നീടാണ് ട്രാന്സിസ്റ്ററും ടേപ്പ് റെക്കാർഡറും വന്നത് . അവസാനം ടി .വി .കൂടിവന്നപ്പോൾ അവനെ എല്ലാവരും മറന്നു . ക്രിക്കറ്റ് കമന്ററി അതിൽ കൂടിയ കേൾക്കാറ് . ഒരുബുക്കിൽ തച്ചിനിരുന്നു സ്കോർ എഴുതിയിരുന്നത് ഇന്നും ഓർക്കുന്നു . സിക്സറും ,ബൗണ്ടറിയും അടിക്കുമ്പോൾ ഉള്ള ആരവം ഇന്നും ചെവിയിൽ മുഴങ്ങുന്നു . അവനെ പൊടിതട്ടി എടുക്കണം .ആ "ഇലട്രോണിക് വേസ്റ്റ് "ഉണ്ണിക്കിന്നൊരു നിധിയാണ് .അതിൻറെ നോമ്പിൽ എത്രപ്രാവശ്യം മുത്തശ്ശൻറെയും ,അച്ഛന്റെയും വിരൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടാകും .അതുകൊണ്ടുതന്നെ അത് ഉണ്ണിക്ക് പ്രിയപ്പെട്ടതാണ്
No comments:
Post a Comment