Friday, November 20, 2026

​ശ്രീ. അയിലൂർ അനന്തനാരായണ ശർമ്മയുടെ പഞ്ചവാദ്യശൈലി കുറിച്ചിത്താനത്തുംഅനിയൻ തലയാറ്റുംപിള്ളി​തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂതൃക്കോവിൽ ഏകാദശി വിളക്ക് മേളപ്രധാനമാണ്. അതിൽത്തന്നെ ശീവേലിക്കുള്ള പഞ്ചവാദ്യത്തിൽ പ്രഗൽഭരായ മേളവിദ്വാന്മാർ എല്ലാം ഇവിടെ മാറ്റുരച്ചിട്ടുണ്ട്. ഇത്തവണ അയിലൂർ വെങ്കിടേശ്വരയ്യരുടെ മകൻ സ്വാമിക്കുട്ടിയെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നത് വലിയ ഭാഗ്യമാണ്.​പിതാവിൽ നിന്ന് പഞ്ചവാദ്യത്തിന്റെ ആദ്യപാഠങ്ങൾ ചെറുപ്പത്തിൽത്തന്നെ അഭ്യസിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. തിമില വാദനത്തിലും പഞ്ചവാദ്യ പ്രമാണത്തിലും തന്റേതായ ഒരു ശൈലി (ബാണി) അദ്ദേഹം വികസിപ്പിച്ചെടുത്തു. പഞ്ചവാദ്യത്തിൽ പതികാലം മുതൽ കൂറ് വരെ കൃത്യമായ താളത്തോടെയും നല്ല മനോധർമ്മത്തോടെയും അമിത പ്രകടനങ്ങളില്ലാതെ അവതരിപ്പിക്കുന്ന സ്വാമിക്കുട്ടിയുടെ അനിതരസാധാരണമായ മെയ്‌വഴക്കം ആസ്വാദകർ ആദരവോടെ നോക്കിനിന്നിട്ടുണ്ട്. തുകൽ, സുഷിര, ഘനവാദ്യങ്ങളുടെ സമഞ്ജസമായ ഇണക്കം ഈ കലാകാരന്റെ പ്രമാണത്തിൽ ഭദ്രമാണ്. ത്രിപുട താളത്തിൽ പുരോഗമിക്കുന്ന വാദനത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതെയുള്ള ആ ശൈലി ഏറെ പ്രശംസനീയമാണ്.​അനവധി ക്ഷേത്രങ്ങളിൽ പഞ്ചവാദ്യത്തിൽ പ്രമാണിയായിട്ടുണ്ട് ഇദ്ദേഹം. സംഗീത നാടക അക്കാദമിയുടേത് ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.​ഈ താളവിസ്മയത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. പൂതൃക്കോവിലിലെ ധന്യവേദിയിലേക്ക് സ്വാമിക്കുട്ടിക്ക് ഹൃദയപൂർവ്വം സ്വാഗതം.

No comments:

Post a Comment