Thursday, November 19, 2026

മേളകലാനിധി ശ്രീ. പെരുവനം സതീശൻ മാരാരുടെ മേളവിസ്മയം കുറിച്ചിത്താനത്തും​ അനിയൻ തലയാറ്റുംപിള്ളി​തെക്കൻ ജില്ലകളിൽ മേളത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന കുറിച്ചിത്താനം പൂതൃക്കോവിലിൽ ഏകാദശി വിളക്കിന് ഇത്തവണ മേളപ്രമാണിയായി ശ്രീ. പെരുവനം സതീശൻ മാരാരും എത്തുന്നു. മേളകലാവിദഗ്ദ്ധൻ ചക്കംകുളം അപ്പുമാരാരുടെ സർഗ്ഗധനനായ പുത്രന് ഈ തെക്കൻ ഗുരുവായൂരിലേക്ക് സ്വാഗതം.​അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ മേളത്തിലെ ആ " ചക്കംകൂളം " ശൈലി ശ്രീ. സതീശൻ മാരാരിൽ ഭദ്രമാണ്. പരമ്പരാഗത ചിട്ടവട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ചക്കംകുളം ശൈലിയിൽ പെരുവനം അതിന്റെ കൃത്യതയും വിശിഷ്യാ ലാളിത്യവും പുലർത്തുന്നത് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. താളവട്ടങ്ങളുടെ കൃത്യതയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നതായും തോന്നിയിട്ടുണ്ട്. പഞ്ചാരിയുടെ ഒന്നാം കാലം മുതൽ അഞ്ചാം കാലം വരെയുള്ള കാലപ്പകർച്ചകളുടെ കൃത്യത സതീശൻ മാരാരെ വ്യത്യസ്തനാക്കുന്നു. അമിതമായ ശാരീരിക ചലനങ്ങളോ ബഹളമോ ഇല്ലാതെ മേളം ഒരു കവിത പോലെ ഒഴുകിത്തഴുകുന്ന ഒരു താളവിസ്മയമായി നമുക്കനുഭവപ്പെടുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, കൂടൽമാണിക്യം ഉത്സവം എന്നിവയിലെല്ലാം പ്രമാണിത്തം വഹിച്ചിട്ടുണ്ട്. തൃശ്ശൂർ പൂരത്തിൻ്റെ ഇലഞ്ഞിത്തറമേളത്തിന് സഹപ്രമാണി ആയും ഈ അതുല്യ വാദ്യകലാകാരൻ ശോഭിച്ചിട്ടുണ്ട്. കേരളത്തിലുടനീളം അറുപത്തി അഞ്ചോളം മേജർ ക്ഷേത്രങ്ങളിൽ സതീശൻ പ്രമാണി ആയി പ്രവർത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരമുൾപ്പെടെ മുപ്പത്തി രണ്ടോളം പ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നാദവിസ്മയം തീർക്കാൻ പൂതൃക്കോവിൽ ദേവസന്നിധിയിലേക്ക് ശ്രീ. സതീശൻ മാരാർക്ക് ഹൃദയപൂർവ്വം സ്വാഗതം.

No comments:

Post a Comment