Tuesday, April 16, 2024

നതർലൻ്റിലെ കാറ്റും മഴയും [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 5] കാറ്റിന് അറുപത്താറ് കിലോമീറ്റർ സ്പീഡ്. ഹേ ഗിലെ കാലാവസ്ഥാ പ്രവചനമാണ്. ഇവിടുത്തെ കാറ്റും മഴയും ഉടനേ മഴ മാറി വെയിൽ വരുന്നതും ഒരു പ്രതിഭാസമാണ്. മോൻ്റെ വീടിനടുത്ത് ഒരൊന്നാന്തരം ബീച്ചുണ്ട്. കാററ് ഏറ്റവും ആദ്യം വീശുന്നതവിടെയാണ്. ഇതൊന്നനുഭവിയ്ക്കണം. വിലക്ക് വകവയ്ക്കാതെ ഇറങ്ങി ബീച്ച് ലക്ഷ്യമാക്കി നടന്നു. . 'സോക്സും ഷൂസും കോട്ടും തലയും ചെവിയും കവർ ചെയ്യുന്ന തൊപ്പിയും പിന്നെ മൂക്കും വായും മൂടാനുള്ള പ്രത്യേകമാസ്ക്കും കണ്ണാടിയും പിന്നെ ഗ്ലൗസും. ഒരു ബഹിരാകാശ സഞ്ചാരിയുടെ കൂട്ട് മോനെന്നെ ഒരുക്കി. എനിക്കുള്ളിൽ ചിരി വന്നു. നാട്ടിൽ ഇതിലും വലിയ മഴയും കാറ്റും നമ്മൾ എത്ര കണ്ടിരിക്കുന്നു.! പുറത്തിറങ്ങി ബീച്ചിനടുത്തെത്തിയപ്പോൾ കാലാവസ്ഥാ പ്രവചനം കൃത്യം .: കാറ്റ് ആഞ്ഞുവീശിത്തുടങ്ങി.കൂടെ ഒരു പ്രത്യേക തരം മഴ .ഡ്രസിലിഗ്. ഭൂമിക്ക് പാരലലായിട്ടാണ് മഴ പെയ്യുന്നതെന്നു തോന്നി. അത്ര ശക്തമാണ് കാറ്റ്: മഴ വെള്ളത്തിനൊപ്പം വളെരെച്ചെറിയമഞ്ഞുകട്ടകളും ഉണ്ടന്നു തോന്നി. മണൽ വാരി എറിയുന്നതു പോലെ. ഇത്രയും സന്നാഹം ഉണ്ടായിട്ടും പിടിച്ചു നിൽക്കാൻ പറ്റണില്ല. ഒരടി മുന്നോട്ടും പുറകോട്ടും വയ്ക്കാൻ ധൈര്യമില്ല. അടുത്തുള്ള ഒരു മതിലിനോട് ചേർന്ന ഒരു തൂണിൽ പിടിച്ചു നിന്നു. ഇന്ദ്രൻ്റെയും വായു ഭഗവാൻ്റെയും കോപത്തിൽ നിന്ന് രക്ഷിക്കാൻ ഒരവതാരവുമെത്തിയില്ല. അതിനിടെ അടുത്ത കടക്കാരൻ്റെ പുറത്ത് പ്രദർശിപ്പിച്ചിരുന്ന സാധനങ്ങൾ പറന്നു പോകുന്നത് നിസഹായനായി നോക്കി നിൽക്കണ്ടി വന്നു. മോനെ ഒന്നു ഫോൺ വിളിക്കാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാനൊ ഡയൽ ചെയ്യാനോ പറ്റണില്ല. നമ്മൾ മഴ വരുമ്പോൾ മഴയേയും വെയിലു വരുമ്പോൾ വെയിലിനേയും കുറ്റം പറഞ്ഞു കൊണ്ടിരിക്കും. എന്നാൽ നതർലൻ്റിൽ ആരും കാലാവസ്ഥയെ പഴിക്കില്ല. അതവർ ബഹുമാനത്തോടെ സ്വീകരിക്കും. പക്ഷേ പെട്ടന്ന് മഴ മാറി. കാറ്റ് നിലച്ചു.നല്ല വെയിൽ പരന്നു. റിമോട്ട് കൺട്രോളിൽ പോസ് ചെയ്തപ്പോലെ നഗരം ഇതിനകം നിശ്ചലമായിരുന്നു. വളരെ പെട്ടന്ന് എല്ലാം പഴയപോലെ ആയി. ഇവിടുത്തെ ആൾക്കാർക്ക് ഇത് പതിവാണ്. അവർക്ക് ഒരു പിരിമുറുക്കവും കണ്ടില്ല. ഇതൊക്കെ ഇവരുടെ ജീവിതത്തിൻ്റെ ഭാഗം .

No comments:

Post a Comment