Saturday, April 27, 2024
യൂറോപ്പോളിൻ്റെ ആസ്ഥാനത്ത് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 12 ] നമ്മൾ ഇൻ്റർപോൾ എന്നു ധാരാളം കേട്ടിട്ടുണ്ട്. അതൊരു ഇൻ്റർനാഷണൽ പോലീസ് ഏജൻസിയാണ്.അതു പോലെ യൂറോപ്പിനും ഉണ്ട് പൊതുവായ ഒരു പോലീസ് സംവിധാനം. യൂറോ പ്പോൾ. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും അംഗരാജ്യങ്ങളെ അതാതു സമയത്ത് അറിയിക്കാനും അവർക്ക് വളരെ കാര്യക്ഷമമായ ഒരു സംവിധാനം ഉണ്ട്. ആൻ്റി ഡ്രഗ്, ഭീകരപ്രവർത്തനം, സാമ്പത്തിക തട്ടിപ്പ് ,കള്ളക്കടത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം, മനുഷ്യക്കടത്ത് ഇതെല്ലാം വളരെ സൂഷ്മമായി നിരീക്ഷിക്കാനും, അന്വേഷിക്കാനും വിപുലമായ അധികാരങ്ങളോടെയുള്ള സംവിധാനം അവർക്കുണ്ട്.അങ്ങിനെ കിട്ടുന്ന വിവരങ്ങൾ ഉടൻ അംഗരാജ്യങ്ങൾക്ക് കൈമാറും.ഇൻ്റർപോളുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനും അവർക്ക് കഴിയും. അവർ ആരേയും അറസ്റ്റു ചെയ്യുന്നില്ല. അംഗരാജ്യങ്ങളെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നുമില്ല. പക്ഷേ ഒരോ വർഷവും ആയിരക്കണക്കിന് കേസുകൾ അന്വേഷിച്ച് വിവരങ്ങൾ അംഗരാജ്യങ്ങൾക്ക് കൈമാറുന്നു. അവരുടെ വെബ്സൈറ്റിൽ അവർ അത് പ്രസിദ്ധീകരിക്കുന്നു. ഈ സംഘടനയുടെ കണ്ടെത്തൽ അംഗരാജ്യങ്ങൾക്ക് ചില്ലറ സഹായമല്ല നൽകുന്നത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുടെ മദ്ധ്യസ്ഥയും ഒരു പരിധി വരെ ഇവർക്ക് സാധിക്കുന്നു. ഏതാണ്ട് ആയിരത്തി നാനൂറ് ജീവനക്കാരും ഇരുനൂറ്റി എഴുപതോളം ലെയ്സൻ ഓഫീസർമാരും അടങ്ങുന്ന ഈ സംവിധാനം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു. "ദിവസം ഇരുപത്തിനാലു മണിക്കൂറും ആഴ്ച്ചയിൽ ഏഴു ദിവസവും." അങ്ങിനെയാണവർ പറയുക. ദി ഹേഗിലെ പ്രൗഢഗംഭീരമായ അവരുടെ ഓഫീസ് മന്ദിരത്തിൽ മുമ്പിൽ നിന്നപ്പോൾ നമുക്ക് ഏഷ്യൻ രാജ്യങ്ങൾക്കും ഇങ്ങിനെ ഒരു സംവിധാനം വേണ്ടേ എന്നു ചിന്തിച്ചു പോയി.
Subscribe to:
Post Comments (Atom)
No comments:
Post a Comment