Saturday, October 24, 2020

ശ്രീകൃഷ്ണൻ ശിശുപാലനെ വധിക്കുന്നു. [ കൃഷ്ണൻ്റെ ചിരി- 79]ചേദി രാജാവിൻ്റെ മകനായി ശിശുപാലൻ ജനിക്കുമ്പോൾ മൂന്നു കണ്ണുകളും നാലു കൈകളും ഉള്ള ഒരു വൃകൃത രൂപമായിരുന്നു. അധികാംഗനായ പുത്രനെക്കൊല്ലാൻ രാജാവ് തീരുമാനിച്ചു. ആ സമയത്ത് ഒരശരീരി ഉണ്ടായത്രേ."ഇവനെ മടിയിലിരുത്തുമ്പോൾ ഇവൻ്റെ അധികാംഗങ്ങൾ പൊഴിഞ്ഞു പോകുന്ന ആളാൽ ഭാവിയിൽ ശിശുപാലൻ വധിക്കപ്പെടും."ഏതായാലും രാജാവ് അവനെ വളർത്താൻ തീരുമാനിച്ചു. നാട്ടിലെ രാജാക്കന്മാരെ എല്ലാവരെയും പലപ്പഴായി കൊട്ടാരത്തിൽ വിളിച്ചു സൽക്കരിച്ചു. ആ സമയം ശിശുപാലനെ അവരുടെ മടിയിൽ വച്ചു കൊടുക്കും.അങ്ങിനെ ഇരിക്കുമ്പഴാണ് ശ്രീകൃഷ്ണനും ബലരാമനും കൊട്ടാരത്തിൽ എത്തുന്നത്. ശ്രീകൃഷ്ണൻ്റെ അച്ഛൻ്റെ സഹോദരിയാണ് ശിശുപാലൻ്റെ അമ്മ. അങ്ങിനെ അവിടെ വന്നു താമസിക്കുന്നതിനിടെ ശിശുപാലനെ ശ്രീകൃഷ്ണൻ്റെ മടിയിൽ വച്ചു കൊടുക്കുന്നു. അത്ഭുതം! അവൻ്റെ അധിക കൈകളും കണ്ണും കൊഴിഞ്ഞ് ഭൂമിയിൽ പതിച്ചു.രാജ്ഞിക്കു സന്തോഷമായി. പക്ഷേ അശരീരി പ്രകാരം ശ്രീകൃഷ്ണൻ തൻ്റെ പുത്രനേക്കൊല്ലും. ശ്രീകൃഷ്ണനോട് തൻ്റെ പുത്രനേ വധിക്കരുതെന്നു പറയുന്നു. ശിശുപാലൻ്റെ നുറ് അപരാധങ്ങൾ വരെ ക്ഷമിക്കും. വീണ്ടും തുടർന്നാൽ മാത്രമേ കൊല്ലുകയുള്ളു എന്ന വാക്കു കൊടുത്തു. ശിശുപാലൻ അതിക്രൂരനായി വളരുന്നു. അവൻ പൂർവ്വജന്മത്തിൽ ഹിരണ്യകശ്യപൂ ആയിരുന്നു. അവൻ്റെ ദുഷ്ടത മുഴുവൻ ശിശുപാലനിലുമുണ്ടായിരുന്നു. ശ്രീകൃഷ്ണനോട് അവന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. തനിക്ക് വിവാഹം നിശ്ചയിച്ച, താൻ ഇഷ്ട്ടപ്പെട്ട രുഗ്മിണിയെ ശ്രീകൃഷ്ണൻ അപഹരിച്ചു കൊണ്ട് പോയത് അവൻ്റെ പക കൂട്ടി.ഇനി രംഗം യുധിഷ്ടിരൻ്റെ രാജസൂയയാഗം. അവിടെ മഹാ രാജാക്കന്മാർ ഒക്കെ സന്നിഹിതരായിട്ടുണ്ട്. ഭീഷ്മപിതാമഹനും ദ്രോണരും ഉണ്ട്. യാഗത്തിന് ഏറ്റവും യോഗ്യനായ ആളെ വേണം മാന്യ സ്ഥാനത്തിരുത്തി പൂജിക്കണ്ടത്.ശ്രീകൃഷ്ണനാണ് അതിന് ഏറ്റവും യോഗ്യൻ എന്ന് ഭീഷ്മർ പറഞ്ഞു. എല്ലാവരും അനുകൂലിച്ചു.ശിശുപാലൻ എതിർത്തു.ശ്രീകൃഷ്ണനെ മാത്രമല്ല ശ്രീകൃഷ്ണൻ്റെ പേര് നിർദ്ദേശിച്ച ഭീഷ്മരെ വരെ അധിക്ഷേപിച്ചു. യുധിഷ്ടിരനേയും പാണ്ഡവരേയും അപമാനിച്ചു. വന്ന രാജാക്കന്മാരെ പാണ്ഡവരെ ആക്രമിക്കാൻ പ്രോത്സാഹിപ്പിച്ചു.ഭീമനും നകുലനും ശിശുപാലൻ്റെ നേരേ കുതിച്ചു. അപ്പോൾ ശ്രീകൃഷ്ണൻ തടഞ്ഞു.ഇതു ഞങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. ഞാൻ തന്നെ തീർത്തു കൊള്ളാം. വീണ്ടും ശിശുപാലൻ ശ്രീകൃഷ്ണനേ ആക്ഷേപിച്ച് ധൈര്യമുണ്ടങ്കിൽ യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. ശിശുപാലൻ സകല സീമകളും ലംഘിച്ചപ്പോൾ ശ്രീകൃഷണൻ തൻ്റെ ശ്രീചക്രം കയ്യിലെടുത്തു. ശിശുപാലൻ്റെ ശിരസ് ഛേദിച്ചു.

No comments:

Post a Comment