Tuesday, October 27, 2020

വിദ്യാരംഭത്തിനു മുമ്പുള്ള "വിദ്യാവൃതം " [നാലുകെട്ട് - 332]പണ്ട് നവരാത്രി ആഘോഷം തറവാട്ടിൽ പ്രധാനമാണ്. ഒരാഴ്ച്ച മുമ്പുതന്നെ തയാറെടുപ്പുകൾ തുടങ്ങും.പരദേവതയുടെ ശ്രീകോവിൽ ശുദ്ധി ചെയ്ത്. പൂജാ മുറി വൃത്തിയാക്കി വാഗ്ദേവതയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും.പൂജാ പാത്രങ്ങൾ ഭസ്മമിട്ട് വിളക്കി തയാറാക്കും.നവരാത്രി ആരംഭ ദിവസം അതിരാവിലെ കുളിച്ചു വന്ന് ചടങ്ങുകൾ തുടങ്ങും. മുത്തശ്ശൻ്റെ ലളിതാസഹസ്രനാമം കെട്ടാണുണരുക. അന്ന് ഞങ്ങൾ കുട്ടികൾ വളരെ ഉത്സാഹത്തിലാണ്. ആ നാളുകളിലെ നൈവേദ്യത്തിൻ്റെ പ്രത്യേകതയാണതിന് ഒരു കാരണം. നെയ്പ്പായസത്തിനു പുറമേ തൃമധുരം, മലർ നിവേദ്യം, ഗുരുതി. നല്ല പൂവ്വൻ പഴമോ, നേന്ത്രപ്പഴമോ ആണ് തൃമധുരത്തിന്. അതു നുറുക്കി ഒരു വെള്ളി ഓടത്തിൽ ഇട്ട് അതിൽ കൽക്കണ്ടവും തേനും ചേർക്കും. അതാണ് സരസ്വതീ ദേവിക്കുള്ള നിവേദ്യം .മലരും ശർക്കരയും ചേർന്ന മലർ നിവേദ്യം ലക്ഷ്മിദേവിയ്ക്കാണ്,.ചുണ്ണാമ്പും മഞ്ഞപ്പൊടിയും, ശർക്കരയും തുളസിയിട്ട തീർത്ഥത്തിൽ കലക്കി യാണ് ഗുരുതിയുണ്ടാക്കുന്നത്. അതുദുർഗ്ഗയ്ക്കാണ്. അത് നല്ല ഒരു വിഷഹാരി കൂടിയാണ്.പിന്നെ നെയ്പ്പായസവും പടച്ചോറും.ഈ നൈയ് വേദ്യങ്ങളുടെ വൈവദ്ധ്യമാണ് അന്ന് ഞങ്ങൾ കുട്ടികളെ ആകർഷിച്ചിരുന്നത്.ഇണക്കൽ അരി വേവിച്ച് ഉള്ള നിവേദ്യം രാവിലെ നല്ല കട്ട തൈരും കാന്താരിമുളകും പൊട്ടിച്ചു കഴിക്കും. അതാണന്നത്തെ ബ്രയ്ക്ക് ഫാസ്റ്റ്. കാപ്പിയും ചായയും ഒന്നുമില്ല.പൂജവയ്പ്പിന് പുസ്തകങ്ങളും, പെൻസിലും പേനയും എന്നു വേണ്ട പഠനോപകരണങ്ങളും വാദ്യോപകരണങ്ങളും പൂജയ്ക്ക് വയ്ക്കും.പിന്നെപൂജ എടുക്കുന്നതു വരെ വായിയ്ക്കാൻ പാടില്ല. എഴുതാൻ പാടില്ല. നല്ല ഒരു വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കാൻ ഒരു " വിദ്യാവൃതം ". അതുകൊണ്ടൊക്കെയാണ് കുട്ടികൾക്ക് ആ ദിവസങ്ങൾ ഇഷ്ടമാകുന്നത്.വിജയദശമിയുടെ അന്ന് കളിച്ചു വന്നു് വാണീദേവിയെ വണങ്ങി പൂജയ്ക്കു ശേഷം പൂജ എടുപ്പ്. അതിന് ശേഷം പലകയിട്ട് കിഴക്കോട്ട് തിരിഞ്ഞിരുന്ന്, നിലത്ത് മണൽ വിരിച്ച് അതിൽ ഹരിശ്രീ കുറിക്കും.മണലിൽ അമർത്തി വിരൽത്തുമ്പു കൊണ്ട് ഹരിശ്രീ കുറിക്കുമ്പോൾ അതൊരു വിദ്യു പ്രവാഹമായി നമ്മുടെ ചിന്താമണ്ഡലത്തിൽ വ്യാപിക്കുന്നത് നമ്മൾ അറിയുന്നു. നമ്മുടെ ദേവതാ സങ്കൽപ്പങ്ങളിൽ എനിക്ഷേററവും ഇഷ്ടപ്പെട്ട സങ്കൽപ്പം വിദ്യാദേവി സരസ്വതി തന്നെ. ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങ് വിദ്യാരംഭവും.

No comments:

Post a Comment