Wednesday, October 21, 2020
എൻ്റെ പ്രിയപ്പെട്ട സ്ക്കറിയാസാർ [ ഗുരുപൂജ - 7 ] ഞാൻ കുറിച്ചിത്താനം സ്കൂളിലേയ്ക്ക് വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ എൻ്റെ സഹോദരി ഈ സ്കൂളിൽ അദ്ധ്യാപകയായിവന്നു.അങ്ങിനെ ഞാൻ എല്ലാ അദ്ധ്യാപകരുടെയും നോട്ടപ്പുള്ളി ആയി. എനിക്ക് മുമ്പിലത്തെ ബഞ്ചിലേയ്ക്ക് സ്ഥാനക്കയറ്റം വിധിച്ചു. സ്ക്കറിയാസാർ എൻ്റെ സഹോദരിയുടെയും ഗുരുഭൂതനാണ്.അതുകൊണ്ട് ഞാൻ പെട്ടന്ന് സാറിൻ്റെ പ്രത്യേക ശ്രദ്ധയിലായി. സത്യത്തിൽ സാറിനെ എല്ലാവർക്കും ആദ്യം ഭയമായിരുന്നു. സാറിൻ്റെ ഒരൊറ്റ നോട്ടം മതി കുട്ടികളെ അടക്കി നിർത്താൻ. ഇത്ര രൂക്ഷമായ കണ്ണുകൾ ഞാൻ മറ്റാർക്കും കണ്ടിട്ടില്ല. പക്ഷേ ഉള്ളു നിറയെ കപടമില്ലാത്ത സ്നേഹവും കൂടുതൽ അടുത്താൽ നല്ല സരസനുമായിരുന്നു അദ്ദേഹം. സ്വദേ ഉഴപ്പനായ ഞാൻ സാറിൻ്റെ ശിക്ഷണത്തിൽ മാറ്റം വന്നു തുടങ്ങി എന്നെ നിക്കു തോന്നി. എൻ്റെ കയ്യക്ഷരം ആയിരുന്നു പ്രധാന വില്ലൻ. ചിലപ്പോൾ എനിക്കു തന്നെ വായിക്കാൻ പറ്റാത്തത്ര ഭീകരം. സാറിനോടുള്ള ഭയമാണ് എനിക്കതിൽ കൂടുതൽ ശ്രദ്ധിക്കണ്ടി വന്നത്. സാറിൻ്റെ ചെരുവിൽ കുടുബവുമായി അച്ഛന് നല്ല ബന്ധമായിരുന്നു. പിൽക്കാലത്ത് സാറ് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയി. ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് പിരിഞ്ഞിട്ടും സാറുമായി നല്ല സൗഹൃദമായിരുന്നു. ഞാൻ നാട്ടിൽത്തന്നെ ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി ആയി. അന്ന് സാറുമായി നിരന്തരം ബന്ധപ്പെടണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പൂർവാദ്ധ്യാപകരെ ആദരിക്കുവാൻ ഗുരുപൂജ എന്നൊരു ഗംഭീര പരിപാടി നടത്തിയിരുന്നു. മുമ്പ് ഈ സ്കൂളിൽ പഠിപ്പിച്ചിരുന്ന മിക്കവാറും എല്ലാവരും തന്നെ എത്തി. അത്ര ഹൃദയസ്പൃക്കായിരുന്നുആ പരിപാടി .പ്രൗഢഗംഭീരവുമായിരുന്നു. അന്ന് ആരോഗ്യ കാരണങ്ങളാൽ സ്ക്കറിയാ സാറിന് വരാൻ പറ്റിയില്ല. അത് ഞങ്ങൾക്കൊക്കെ മനപ്രയാസം ഉണ്ടാക്കിയിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment