Tuesday, October 13, 2020

നേന്ത്രക്കായ്ത്തൊണ്ടു കൊണ്ടൊരു തോരൻ [തനതു പാകം - 4 2] ഉപ്പേരി വറക്കാൻ കായ്യ് എടുത്തു കഴിഞ്ഞാൽ അതിൻ്റെ തൊണ്ട് സാധാരണകളയുകയാണ് പതിവ്. അതു കൊണ്ട് സ്വാദിഷ്ടമായ, ഫൈബ്രസായ തോരൻ ഉണ്ടാക്കാം. അഞ്ച് നേന്ത്രക്കായുടെ തൊണ്ട് ചൂടുവെള്ളത്തിൽ ഉപ്പും ,മഞ്ഞൾപ്പൊടിയും ഇട്ട് ഒരു മണിക്കൂർ വയ്ക്കണം.അതിനു ശേഷം ആ തൊണ്ട് ചെറുതായി അരിഞ്ഞെടുക്കണം.അതിൽ ഒരു കപ്പ് പയർ മുളപ്പിച്ചത് ചേർക്കുക. കാന്താരിമുളക് ചതച്ചത്, മഞ്ഞപ്പൊടി, കുരുമുളക് പൊടി ,കരിവേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ പാകത്തിന് ചേർക്കുക. സ്വൽപ്പം കായപ്പൊടി ചേർക്കുന്നതു് ഫ്ലേവർ കിട്ടാൻ നല്ലതാണ്.ഇത് കുക്കറിൽ വച്ച് കഷ്ണത്തിൻ്റെ നാലിൽ ഒന്നു ഭാഗം വെള്ളം ചേർത്ത് വേവിക്കുക. മൂന്നു വിസിൽ അടിച്ച് ഉടൻ വാങ്ങി വയ്ക്കുക. ഇനി നല്ല നാളികേരം ഒരു മുറി ചിരകി വത്തൽ മുളകും സ്വൽപ്പം ഉപ്പും ചേർത്ത് അരക്കുക. ഒരു വലിയ ഉരുളി അടുപ്പത്ത് വച്ച് അതിൽ വെളിച്ചണ്ണ ഒഴിച്ച് കടുകും, മുളകും, കരിവേപ്പിലയും ഇട്ട് വറവ് ശരിയാക്കുക.അതിലേക്ക് അരച്ചു വച്ച നാളികേരം ചേർത്ത് ഉലത്തി എടുക്കുക അതിലേക്ക് കുക്കറിൽ വേവിച്ചു വച്ച മിശ്രിതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.വെള്ളം കൂക്കറിൽ പാകത്തിന് ചേർത്താൽ അതിൽ വെള്ളം കാണില്ല. ഇളക്കി അതിലെ ജലാംശം വറ്റിക്കുക. നല്ല സ്വാദിഷ്ടമായ കായത്തൊണ്ടിൻ്റെ തോരൻ അങ്ങിനെ തയാറാക്കി എടുക്കാം.

No comments:

Post a Comment