Monday, October 19, 2020
പരീക്ഷിത്ത് [തിരക്കഥ - 1 ][ ഒരാഡംബര ഭവനത്തിൻ്റെ സ്വീകരണമുറി.അതിൻ്റെ ഒരു വശത്ത് ഒരു പൂജാമുറി ഒരുക്കിയിട്ടുണ്ട്. സുമ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഓടി വരുന്നു. കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്. ഓടിച്ചെന്ന് പൂജാമുറിയിൽ ശ്രീകൃഷ്ണൻ്റെ മുമ്പിൽ പലകയിട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ കാണാം]സുമ: - എൻ്റെ കൃഷ്ണാ അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടു .ഞാനൊരമ്മയാകാൻ പോകുന്നു . പത്ത് വർഷമായ കാത്തിരിപ്പ്. അദ്ദേഹത്തോടിതുവരെപ്പറഞ്ഞില്ല. ഓഫീസിൽ നിന്ന് വരുമ്പോൾ ഈ സന്തോഷ വാർത്ത നേരിട്ടറിയിക്കണം.[കോളിഗ്ബൽ ശബ്ദിക്കുന്നു. സൂമ തൊഴുതു വണങ്ങി എഴുനേൽക്കുന്നു. ഓടിച്ചെന്ന് കതക് തുറക്കുന്നു. സുമയുടെ ഭർത്താവ് പ്രതാപ് കയറി വരുന്നു. അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നു.പ്രതാപ് അമ്പരന്നു നിൽക്കുന്നു.]പ്രതാപ് :- എന്താ പതിവില്ലാതെ ഒരു സന്തോഷം.ലോട്ടറി അടിച്ചോ?സുമ :- ഒരു തരത്തിൽ അമൂല്യമായ ഒരു ഭാഗ്യം തന്നെ. നമുക്ക് ഒരു കുഞ്ഞു ജനിയ്ക്കാൻ പോകുന്നു.[ പ്രതാപ് സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിക്കുന്നു. അയാളുടെ കൈ സാവധാനം അവളുടെ വയറിൽ സ്പർശിക്കുന്നു.]പ്രതാപ് :- ഈ കശുവണ്ടി എസ്റ്റേററി ലെ ജോലി രാജിവച്ച് നാട്ടിൽപ്പോയി ജീവിക്കാൻ തോന്നുന്നു.അമ്മയുടെയും അച്ഛൻ്റെയും അടുത്ത്.നിനക്ക് ഇപ്പോൾ അമ്മയുടെ സാന്നിദ്ധ്യം ആവശ്യമാണ്.സുമ: എനിക്ക് സന്തോഷം അടക്കാൻ കഴിയണില്ല ഏട്ടാ.കുറച്ചു ദിവസം ലീവെടുക്കൂ. ഒരു കുഞ്ഞിക്കാൽ കാണാൻ എത്ര കാലമായി കാത്തിരിക്കുന്നു.. ഇന്ന് രാത്രി നമുക്ക് സന്തോഷത്തിൻ്റെ ദിവസമാണ്.[സമയം രാവിലെ.പ്രതാപ് ഒരു കസേരയിൽ ഇരിക്കുന്നു. കയ്യിൽ ഒരു പുസ്തകം ഉണ്ട്.പ്രതാപിൻ്റെ മുഖത്ത് ഒരു ദുഖഭാവം സുമ കുളിച്ച് ചന്ദനക്കുറിയിട്ട് സന്തോഷത്തോടെ കാപ്പിയുമായി വരുന്നു.പ്രതാപൻ്റെ ദു:ഖഭാവം അവൾ ശ്രദ്ധിക്കുന്നു. കയ്യിൽ ഒരു പുസ്തകമുണ്ട് .]സുമ :- എന്തു പറ്റി ഒരു സങ്കടം മുഖത്ത്?[ പ്രതാപ് അവളെ നോക്കുന്നു. ആ കണ്ണിൽ കണ്ണീർ പൊടിയുന്നു. സുമ അത്ഭുതത്തോടെ അയാളെ നോക്കുന്നു. ചായ അയാൾക്ക് കൊടുക്കുന്നു ] സുമ:- എന്തു പറ്റി ഏട്ടാ .ഈ സന്തോഷിക്കണ്ട സമയത്ത്.പ്രതാപ്:- നമുക്ക് ഈ കുഞ്ഞിനെ വേണ്ടന്നു വയ്ക്കാം.സുമ: [ഞട്ടിത്തരിക്കുന്നു.] എന്ത്?പ്രതാപ് :- നീ പരീക്ഷിത്തിൻ്റെ കഥ കേട്ടിട്ടില്ലേ? അശ്വ സ്ഥാമാവിൻ്റെ വിഷലിപ്തമായ മാരകാസ്ത്രം ഉത്തരയുടെ ഗർഭത്തിലാണ് പതിച്ചത്. ശ്രീകൃഷ്ണൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പരീക്ഷിത്തിനെ പൂർണ്ണാരോഗ്യവാനായിത്തിരികെ കിട്ടിയത്സുമ :- അങ്ങെന്തൊക്കെയാ പറയുന്നേ? ഏട്ടന് ഭ്രാന്തു പിടിച്ചോ? എനിക്കൊന്നും മനസിലാകുന്നില്ല.[ പ്രതാപിൻ്റെ കയ്യിൽ നിന്ന് ആ പുസ്തകം താഴെ വീഴുന്നു. സുമ അതെടുക്കുന്നു."എൻഡോസൾഫാൻ അടുത്ത തലമുറയുടെ ശാപം"]പ്രതാപ് :നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാൽ ഒരവതാരത്തിനായി കാത്തിരിക്കാം. അന്നു മതി നമുക്ക് ഒരു കുഞ്ഞ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment