Wednesday, October 7, 2020
പറയാതിരുന്ന പ്രേമം [കീശക്കഥകൾ - 187]തപാലിൽ വന്ന ആ ചുവന്ന കവർ പ്രത്യേകം ശ്രദ്ധിച്ചു.അതിൽ ഒരു പഴയ പുസ്തകം. ഒരു പഴയ സോവിയറ്റ് ലാൻഡിൻ്റെ കവറിൽപ്പൊതിഞ്ഞ്. " അഡ്വഞ്ചർ സ്റ്റോറി " അലക്സാണ്ടറുടെ കഥയാണ്. ഡിഗ്രിക്ക് പടിച്ചിരുന്നത്. അമ്പത് വർഷം മുമ്പ് പഠിച്ചത്.പെട്ടന്ന് ഞാൻ ബുക്കു തുറന്നു. അതിൻ്റെ ഇരുപത്തി അഞ്ചാം പേജ്. ചുവന്ന മഷി കൊണ്ട് അണ്ടർലൈൻ ചെയ്തവൾക്ക് കൊടുത്തതാണ് അന്ന്. അരുകിൽ ,വെരി ഇമ്പോർ ട്ടൻ്റ് "എന്നും എഴുതി."ഞാൻ നിന്നെ സ്നേഹിക്കുന്നു. പക്ഷേ അതു തുറന്നു പറയാൻ എനിക്ക് ധൈര്യമില്ല "ഏതാണ്ടി അർത്ഥം വരുന്ന വാചകമാണ്. അന്ന് അപ്പു തൻ്റെ പ്രിയപ്പെട്ടവൾക്ക് ആ പുസ്തകം കൊടുത്തതാണ്. സതി.അതാണവളുടെ പേര്.രണ്ടു ദിവസം കഴിഞ്ഞവളത് തിരിച്ചു തന്നു. മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. അവൾ അതു ശ്രദ്ധിച്ചിരുന്നോ? തിരിച്ചു തരുമ്പോൾ അത് സോവിയറ്റ്ലാൻ്റിൻ്റെ കടലാസ് കൊണ്ട് പൊതിഞ്ഞിരുന്നു. ആ കവറിൽ സോവിയറ്റ് ലാൻൻ്റിൻ്റെ എബ്ലം.SL എന്നു വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. അതിനപ്പറംഅപ്പു എന്ന് മനോഹരമായ അവളുടെ കൈപ്പടയിൽ എഴുതിച്ചേർത്തിരിക്കുന്നു. പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.എസ് എന്നത് സതി എന്നും ലാൻ്റ് എന്നത് ലൗ എന്നു മാക്കി വായിച്ചപ്പോൾ "സതി ലൗ അപ്പു". അപ്പു കോരിത്തരിച്ചു. അവൾ അതാണോ ഉദ്ദേശിച്ചത്. അറിയില്ല. പിറേറദിവസം കണ്ടപ്പഴും അവൾക്ക് ഒരു ഭാവവ്യത്യാസവുമില്ല.അങ്ങിനെ അദ്ധ്യനത്തിൻ്റെ അവസാന ദിവസമായി.അവൾ ഓടി മുമ്പിൽ വന്നു. ആ പുസ്തകം എനിക്കു തരൂ.അഡ്വഞ്ചർ സ്റ്റോറി. ഞാനതവൾക്ക് കൊടുത്തു. ഒരു ചെറുചിരിയോടെ അവൾ നടന്നകന്നു.ആ പുസ്തകമാണപ്പൂന് കിട്ടിയത്. അതിൻ്റെ കവറും അതേപടി. ഈ അമ്പതു വർഷവും അവൾ ആ പുസ്തകം സൂക്ഷിച്ചു വച്ചിരുന്നു. രണ്ടു പേരും പറയാൻ മടിച്ച ആ പ്രേമം! ആ പുസ്തകം ഞാൻ നെഞ്ചോടമർത്തി.അതു സാവധാനം മറിച്ചു നോക്കി. അതിലൊരു ചെറിയ കുറിപ്പ്. " ഒന്നു കാണാൻ മോഹമുണ്ട്. വരുമല്ലോ?"ഒരു വൃദ്ധസദനത്തിലെ അഡ്രസ് ആണല്ലോ കൊടുത്തിരിക്കുന്നത്. കാറിൽപ്പോയാൽത്തന്നെ പത്തു മണിക്കൂർ.രാവിലെ എട്ടു മണിക്കവിടെ എത്തി. "അപ്പുവല്ലേ? വേഗം അകത്തേക്ക് ചെല്ലൂ." അകത്ത് ഒരു കട്ടിലിൽ താമരത്തണ്ടു പോലെ അവൾ. സതി. ഞാനടുത്തു ചെന്ന് കസേരയിലിരുന്നു. ഞാനവളുടെ കൈ പിടിച്ചു. " അപ്പൂ എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു " അപ്പു തരിച്ചിരുന്നു പോയി. എനിക്കും. അപ്പുവിൻ്റെ വായിൽ നിന്നതു കേട്ടതും അവളുടെ കണ്ണു നിറഞ്ഞു. സാവധാനം ആ കണ്ണുകൾ അടച്ചു എന്നത്തേക്കു മായി......
Subscribe to:
Post Comments (Atom)
No comments:
Post a Comment