Friday, October 2, 2020

സുപ്രൻ. [ കീശക്കഥകൾ -186 ]സുപ്രന് സങ്കടാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജനിച്ചപ്പം മുതൽ. അവന് മുറിച്ചുണ്ടാണ്. പല്ലു വന്നപ്പോൾ കോന്ത്രൻ പല്ലും. വലുതായപ്പോൾ മീശ കൊണ്ടു മറക്കാമെന്നു വിചാരിച്ചു. മീശയും ചതിച്ചു. അവിടെ മീശ വളർന്നില്ല. അവൻ കണ്ണാടിയുടെ മുമ്പിൽ നിന്നു നോക്കും. കൈ കൊണ്ട് വാ പൊത്തി നോക്കും. ഇതില്ലങ്കിൽ ഈ നാട്ടിലെ ഏറ്റവും സുന്ദരൻ താനാണ്. സുപ്രൻ്റെ ചിന്ത ശരിയാണ്. ഇനി വിവാഹം നടക്കില്ല. ഒരു കുട്ടിയ്ക്കും എന്നെ ഇഷ്ട്ടപ്പെടില്ല. സുപ്രൻ്റെ സങ്കടം ഇരട്ടിച്ചു. എന്നും അവൻ ഭഗവാനോട് പ്രാർത്ഥിക്കും.ഒരു ദിവസം അവനൊരു സ്വപ്നം കണ്ടു. നിൻ്റെ പ്രശ്നത്തിന് ഉടനേ പരിഹാരം ആകും എന്ന്. സുപ്രൻ പ്രതീക്ഷയോടെ കാത്തിരുന്നു..അപ്പഴാണ് സുപ്രനെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി ആ മഹാമാരി പടർന്നുപിടിച്ചത്. വായുവിലൂടെ പകരുന്ന ഈ അസുഖത്തിന് ചികിത്സയില്ല. മരുന്ന് ഇതുവരെ ക്കണ്ടു പിടിച്ചിട്ടില്ല.മാസ്ക്ക് ധരിക്കുക മാത്രം മാർഗ്ഗം. അത് ഗവന്മേൻ്റ് നിയമമാക്കി. സുപ്രന് സന്തോഷായി.കാരണം മാസ്ക്ക് തൻ്റെ വൈകല്യം മറച്ചു.ഇന്ന് നാട്ടിലെ ഏറ്റവും സുന്ദരൻ സുപ്രനാണ്.ഇനി ഒരു കല്യാണം കഴിക്കണം. പക്ഷേ പെണ്ണുകാണൽ പ്രോട്ടോക്കോൾ അനുസരിച്ചു മാത്രം.അതിനു് ഒരു വിട്ടുവീഴ്ച്ചയുമില്ല. നാട്ടിലെ നിയമം പാലിക്കണ്ടത് പൗരധർമ്മമാണ്. പെൺ വീട്ടുകാർക്ക് സുപ്ര നോട് ബഹുമാനം തോന്നി. എന്തൊരു സാമൂഹ്യ പ്രതിബന്ധത !. പെൺകുട്ടിയും അങ്ങിനെ തന്നെ ആയിരിക്കും. പെണ്ണുകണ്ടു. പരസ്പ്പരം ഇഷ്ടപ്പെട്ടു.വിവാഹച്ചടങ്ങു വരെ മാസ്ക്ക് ധരിച്ചു വേണം. വിവാഹം നടന്നു. രണ്ടു പേരും മണിയറയിൽ എത്തി. ഇനിമാസ്ക്ക് അഴിച്ചുമാറ്റാം. സുപ്രൻ പറഞ്ഞു. രണ്ടു പേരും മാസ്ക്ക് അഴിച്ചുമാറ്റി.സുപ്രൻഞട്ടിപ്പോയി. അവൾക്ക് ഇരുവശത്തും മുറിച്ചുണ്ട്. രണ്ടു പേരും മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കുകയാണ്.പെട്ടന്ന് രണ്ടു പേരും പൊട്ടിച്ചിരിച്ച് കിടക്കയിലേക്ക് മറിഞ്ഞു.

No comments:

Post a Comment