Thursday, October 8, 2020

ഛായാ മുഖി " എന്ന മാന്ത്രിക ക്കണ്ണാടി [ കൃഷ്ണൻ്റെ ചിരി- 6 9]മഹാഭാരതത്തിൽ ഛായാ മുഖി എന്നൊരു മാന്ത്രിക കണ്ണാടിയെപ്പറ്റി പറയുന്നുണ്ട്. വനത്തിൽ വച്ച് ഹിഡുബി ഭീമസേനന് കൊടുത്തതാണതു്. രണ്ടാം വനവാസകാലത്ത് ഘടോൽക്കചനെ കണ്ടുമുട്ടുകയും വീണ്ടും ഹിടുംബിയുമായി ഭീമസേനൻ കാണുകയും ചെയ്യുന്നു. അപ്പോൾ കൊടുത്തതാണത്.ഭീമനോട് അതിൽ നോക്കാൻ ഹിംഡുംബി ആവശ്യപ്പെടുന്നു. ആ കണ്ണാടിക്ക് ഒരു പ്രത്യേകതയുണ്ട് തൻ്റെ പ്രതിബിംബത്തിന് പകരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുടെ മുഖമാണ് തെളിഞ്ഞു വരുക.ഭീമൻ നോക്കുമ്പോൾ പാഞ്ചാലിയുടെ മുഖമാണ് കണ്ടത്. ഹിടുംബിക്ക് ദുഖമായി.ഭീമൻ ആ കണ്ണാടി പാഞ്ചാലിക്ക് കൊടുക്കുന്നു. അതിൽ നോക്കാൻ പറഞ്ഞു. കല്യാണ സൗഗന്ധികം കഷ്ടപ്പെട്ടുകൊണ്ടു കൊടുത്തും ഒക്കെ പാഞ്ചാലിക്ക് തന്നോടാണ് കൂടുതൽ ഇഷ്ടം എന്നാണ് ഭീമൻ വിചാരിച്ചത്. പക്ഷേ അതിൽ തെളിഞ്ഞു കണ്ടത് അർജുനൻ്റെ മുഖമാണ്.ഭീമന് ആകെ വിഷമമായി.അജ്ഞാതവാസക്കാലത്ത് ആ കണ്ണാടി സൈരന്ധ്രിയുടെ കയ്യിൽ നിന്ന് വാങ്ങി വിരാട പത്നി നോക്കുമ്പോൾ സത്യത്തിൽ വിരാട രാജാവിനെ അല്ല കാണുന്നത്.പിന്നീട് രാജ്ഞി പറഞ്ഞതനുസരിച്ച് ഈ മാന്ത്രിക ക്കണ്ണാടി കാണണമെന്ന് കീചകൻ ആവശ്യപ്പെടുന്നു. അത്ഭുതം. അതിൽ കീചകൻ ആരേയും കാണുന്നില്ല. താൻ ധാരാളം സ്ത്രീകളെ ബലം പ്രയോഗിച്ച് പ്രാപിച്ചിട്ടുണ്ടങ്കിലും ഇവരാരും തൻ്റെ മനസിൽപ്പതിഞ്ഞിട്ടില്ലന്ന് കീചകൻ തിരിച്ചറിഞ്ഞു. അവിടെ വച്ചാണ് കീചകൻ സൈരന്ധ്രിയേക്കാണുന്നതും അവളിൽ മോഹം തോന്നുന്നതും. വീണ്ടും ആ കണ്ണാടി നോക്കുമ്പോൾ സൈരന്ധ്രിയുടെ മുഖമാണതിൽ തെളിയുന്നത്. തൻ്റെ മനസിനിണങ്ങിയത് ഇവൾ തന്നെ എന്ന് കീചകൻ തീരുമാനിക്കുന്നു.അജ്ഞാതവാസം വിജയകരമായി പൂർത്തിയാക്കി. ഭഗവത് ദൂത് പരാജയപ്പെട്ടു. മഹായുദ്ധം ആസന്നമായി.ആ സമയത്ത് പാഞ്ചാലിയുടെ കയ്യിലുള്ള ഛായാമുഖി എന്ന കണ്ണാടി അർജുനൻ ഗ്രീകൃഷ്ണനെ കാണിക്കുന്നു. അർജുനനുറപ്പായിരുന്നു ശ്രീ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവൻ താനാണന്ന്. എൻ്റെ രൂപമായിരിക്കും അതിൽ കാണുക എന്ന്. അത്ഭുതം! അതിൽ തെളിഞ്ഞു കണ്ടത് ശകുനിയുടെ മുഖമായിരുന്നു. ഇതെന്താണിങ്ങനെ? അങ്ങയുടെ ശത്രു വിൻ്റെ മുഖം? ഇപ്പോൾ ശകുനിയേപ്പറ്റി മാത്രമാണ് എൻ്റെ ചിന്ത. അയാളുടെ കുടില ബുദ്ധി കൊണ്ട് യുദ്ധത്തിൽ എന്തെല്ലാം ചതി അയാൾ രൂപപ്പെടുത്തുന്നുണ്ടന്നറിയണം. എന്നാലേ അതിനെ പ്രതിരോധിക്കാൻ പറ്റൂ. യുദ്ധത്തിൽ നമ്മൾ മിത്രങ്ങളേക്കാൾ ശത്രുക്കളെപ്പറ്റി ചിന്തിക്കുക,.ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.അതുകൊണ്ടൊക്കെയാണ് ശ്രീകൃഷ്ണൻ അമരനാകുന്നത്.

No comments:

Post a Comment