Sunday, July 13, 2025

അയ്യായിരം വേദികൾ പിന്നിട്ട അമ്പലപ്പുഴ സുരേഷ് വർമ്മ സ്വസ്തി ഫസ്റ്റ് 2025-ൽ [ അമേരിക്ക-161] കൂത്തിനിടയിൽ ചാക്യാർ കളിയാക്കിയതിന് പിറ്റേ ദിവസം തന്നെ കൂടുതൽ ജനകീയമായ ഓട്ടൻതുള്ളൽ അമ്പലത്തിൽ മതിൽക്കകത്ത് കുഞ്ചൻ നമ്പ്യാർ അരങ്ങേറി. ആളുകളുടെ പ്രവാഹം അങ്ങോട്ടായി. ചാക്യാർ രാജാവിനടുത്ത് പരാതി ബോധിപ്പിച്ചു.അങ്ങിനെ അമ്പലപ്പുഴ അമ്പലത്തിൽ തുള്ളൽ നിരോധിച്ചു.നീണ്ട 250 വർഷങ്ങൾക്ക് ശേഷമാണ് അതിനനുമതി കിട്ടിയത്. അന്ന് കൂത്ത് അമ്പലത്തിൽ അരങ്ങേറിയത് അമ്പലപ്പുഴ സുരേഷ് വർമ്മയാണ്. പതിനൊന്നു വയസു മുതൽ തുടങ്ങിയ തുള്ളൽപഠനം നാൽപ്പതോളം വർഷം അയ്യായിരത്തോളം വേദികൾ പിന്നിട്ട് ഇന്നദ്ദേഹം സ്വസ്തി ഫസ്റ്റിന് അമേരിക്കയിൽ എത്തിയിരിക്കുന്നു. അക്ഷയപാത്രത്തിൻ്റെ കഥയാണ് അവതരിപ്പിച്ചത്. തുള്ളലിനിടയുള്ള മനോധർമ്മം അസ്സലായി. വിഭവസമൃദ്ധമായ സദ്യപാചകം ചെയ്യുന്നത് അദ്ദേഹം ഏകാംഗ അഭിനയത്തിലൂടെ തന്മയത്വമായി അഭിനയിച്ചു ഫലിപ്പിച്ചു.അതിൻ്റെ ഓരോ ഘട്ടവും ആൾക്കാർ മനസിലാക്കി ആസ്വദിച്ചു. നല്ല നാളികേരം തിരഞ്ഞെടുക്കുന്നത്, അത് പൊതിച്ച് പൊട്ടിക്കുന്നത്, ചിരകുന്നത് 'അമ്മിക്കല്ലിൽ വച്ച് അരക്കുന്നത്, സ്വാദ് നോക്കുന്നത് വേവ് നോക്കുന്നത് എല്ലാം തൻമ്മയത്തോടെപ്രേക്ഷകരെ ഒപ്പം കൂട്ടി അഭിനയിച്ചു ഫലിപ്പിച്ചു. മൃദംഗ വും, അമ്പലപ്പുഴ വിജയകുമാറിൻ്റെ ഇടയ്ക്കയും അതിന് പക്കമേളം ഒരുക്കി.അനവിധി പുരസ്ക്കാരങ്ങൾക്കർഹനായ അദ്ദേഹം നാടകത്തിലും സിനിമയിലും തൻ്റെ അഭിനയ മികവ് പരീക്ഷിച്ചിട്ടുണ്ട്. വയലാർ കൃഷ്ണൻകുട്ടി ആശാൻ്റെ ഈ അരുമശിഷ്യന് ഗുരുവിൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിൻ്റെ മേo പൊടി ചേർത്ത ഓട്ടൻതുള്ളൽ എന്ന കലയെ ഇതിൽ കൂടുതൽ ജനകീയമായി അവതരിപ്പിക്കാൻ പറ്റില്ല.അത്ര മനോഹരമായിരുന്നു അവതരണം. സത്യത്തിൽ സദ്യയുടെ പാചകം കണ്ട് പ്രേക്ഷകരുടെ വായിൽ വെള്ളമൂറി. അമേരിക്കൻ യാത്രയുടെ നല്ല മൂഹൂർത്തങ്ങൾ സമ്മാനിച്ച ആ പരിപാടി എനിയ്ക്കു തന്ന ഊർജ്ജം ചെറുതല്ല

No comments:

Post a Comment